വൈക്കം മഹാദേവ ക്ഷേത്രം
Kottayam District, Kerala See in Map
Description

 

കോട്ടയം ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത്    21കിലോമീറ്റര്‍ അകലെ വൈക്കത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ അതി പ്രശസ്തമായ മഹാദേവ ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം .ദക്ഷിണ ഭാരതത്തിലെ പുകള്‍പെറ്റ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം  ജില്ലയില്‍ വൈക്കം നഗര ഹൃദയത്തിലാണ് ദക്ഷിണ  കാശിയെന്നറിയപ്പെടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്ര രേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണന്നും കരുതിപോരുന്നു. എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവര്‍ത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും സ്ഥിതി ചെയ്യുന്നു .
ഐതീഹ്യം
ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം ഐതീഹ്യങ്ങളാല്‍ സമ്പന്നമാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠ ത്രേതായുഗത്തില്‍ നടന്നതായി ഐതീഹ്യങ്ങള്‍ പറയുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ട ഖരന്‍ എന്ന അസുരന്‍ മാല്യവാനെന്ന രാക്ഷസ താപസനില്‍ നിന്നും മന്ത്രോപദേശം തേടി ചിദംബരത്തുപോയി അതികഠിനമായി തപസ്സനുഷ്ഠിച്ചു. ഖരനില്‍ സംതൃപ്തനായ നടരാജമൂര്‍ത്തി ശ്രേഷ്ഠമായ വരങ്ങളും മൂന്ന് ശിവലിംഗങ്ങളും നല്‍കി അനുഗ്രഹിച്ചു. രണ്ട് കൈകളിലും ഓരോന്നും ഒന്ന് കടിച്ചുപടിച്ചുകൊണ്ടും ഖരന്‍ ആകാശമാര്‍ഗ്ഗം  യാത്ര തിരിച്ചു. മാര്‍ഗമദ്ധ്യേ ക്ഷീണിതനായ ഖരന്‍ വിശ്രമിക്കാനായി ശിവലിംഗങ്ങള്‍ ഭൂമിയില്‍വെച്ചു. ദാഹം തീര്‍ത്ത് ദേഹശുദ്ധി വരുത്തി വീണ്ടും യാത്ര തുടരാന്‍ ശ്രമിക്കവേ, ശിവലിംഗങ്ങള്‍ ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്നതായാണ് കണ്ടത്. കൈലാസനാഥനെ സ്തുതിച്ച ഖരനെ ഒരു അശരീരിയാണ് വരവേറ്റത്. ‘എന്നെ ആശ്രയിക്കുന്ന ഭൂലോക നിവാസികള്‍ക്ക് വരദനായി മോക്ഷം നല്‍കി ഞാന്‍ ഇവിടിരുന്നുകൊള്ളാം’.നടരാജ നിയോഗത്താല്‍ അദൃശ്യനായി ഖരനെ പിന്തുടരുകയായിരുന്ന വ്യാഘ്രപാദ മഹര്‍ഷി പ്രത്യക്ഷപ്പെട്ടു. അശരീരി കേട്ടു സന്തുഷ്ടനായ ഖരന്‍ ഈ ശിവലിംഗം യഥായോഗ്യം പൂജിച്ചുസംരക്ഷിക്കണമെന്ന് പറഞ്ഞു വ്യാഘ്രപാദ മഹര്‍ഷിയെ ഏല്‍പ്പിച്ചു യാത്രയായി. ഖരന്‍ വലതുകൈകൊണ്ട് എടുത്തിരുന്ന ശിവലിംഗമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാബിംബം. ഇടതുകൈയ്യിലിരുന്നത് ഏറ്റുമാനൂരും, കടിച്ചുപിടിച്ചിരുന്നത് കടുത്തുരുത്തിയിലും പൂജിച്ച് ആരാധിച്ചു വരുന്നതായാണ് ഐതീഹ്യം.
മറ്റൊരു ഐതീഹ്യം
പ്രമാണമനുസരിച്ച് ഗാണ്ഡകി നദിയില്‍ നിന്നും ഒരിക്കല്‍ മാത്രമേ വിഗ്രഹങ്ങള്‍ മുങ്ങിയെടുക്കാന്‍ പാടുള്ളൂ. വിഗ്രഹങ്ങള്‍ കൈക്കലാക്കിയാല്‍ മൂന്നേമുക്കാല്‍ നാഴികയ്ക്കകം പ്രതിഷ്ഠ നടത്തണമെന്നാണ് വിശ്വാസം. അതിനാല്‍ ഖരന്‍ ഒറ്റക്കുതിപ്പിന് വൈക്കത്തെത്തി പ്രതിഷ്ഠ നടത്തി. മറ്റ് രണ്ട് വിഗ്രഹങ്ങള്‍ കടുത്തുരുത്തിയിലും, ഏറ്റുമാനൂരും പ്രതിഷ്ഠിച്ചു. ശേഷിച്ച ഒരെണ്ണം തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലത്തും പ്രതിഷ്ഠിച്ചെന്ന് പറയുന്നു.
ക്ഷേത്ര നിര്‍മ്മിതി
എട്ട് ഏക്കറിലാണ് ക്ഷേത്രം നിര്‍മിക്കുന്നത് . കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍.കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ  എണ്ണയോ  ഒഴിച്ച്  കത്തിയ്ക്കുന്ന  ആലുവിളക്ക് തെളിയിക്കല്‍ .64 അടി ഉയരമുള്ളതാണ് ആലുവിളക്ക്

 

സ്വര്‍ണ്ണക്കൊടിമരം
സാധാരണ ശ്രീകോവിലിന്റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. ‘പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ’ എന്ന വരികള്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തില്‍ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്.കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും.
പ്രതിഷ്ഠ
രണ്ടടി ഉയരമുള്ള പീഠത്തില്‍ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്പ്രതിഷ്ഠ കിഴക്കോട്ടു  ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നിങ്ങനെയാണ് ഭാവങ്ങള്‍

ഉപദേവതകള്‍

കന്നിമൂല ഗണപതി,സ്തംഭഗണപതി,ഭഗവതി,അയ്യപ്പന്‍,നാഗങ്ങള്‍,വ്യാഘ്രപാദമഹര്‍ഷ  മഹര്‍ഷി ,തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഉപദേവതകള്‍

ദാരുശില്പങ്ങള്‍
ഈ ശിവക്ഷേത്രത്തിന്റ ഒരു പ്രത്യേകത വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ്.രാമായണം കഥയാണവയില്‍ കൊത്തിവച്ചിരിക്കുന്നത്. മുപ്പരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവി ലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം. എന്ന് രാമപുരത്ത് വാരിയല്‍ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്.
പ്രത്യേകതകള്‍
ഘട്ടിയം ചൊല്ലല്‍
വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലല്‍. ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളില്‍ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യില്‍ പിടിച്ച് അഞ്ജലീബദ്ധനായി നിന്ന് ദേവന്റെ സ്തുതിഗീതങ്ങള്‍ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലല്‍ ചടങ്ങ്. തിരുവിതാകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് ആയിരത്തി മുപ്പത്തിയൊന്‍പതാമാണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതിയായിരുന്നു ഈ ചടങ്ങിന് തുടക്കമിട്ടത്.
അണ്ഡാകൃതിയിലുള്ള ശ്രീകോവില്‍
കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്.വാസ്തു വിദ്യയില്‍ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികള്‍ക്ക് മാത്രമേ ഇത്തരമൊരു അപൂര്‍വ രചന ചെയ്യാന്‍ കഴിയുകയുള്ളു. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. മറ്റൊന്ന് വാഴപ്പള്ളിയിലാണ്. വൈക്കത്ത് അണ്ഡാകൃതിയിലും, വാഴപ്പള്ളിയില്‍ വര്‍ത്തുളാകൃതിയിലും ആണ് പെരുന്തച്ചന്‍ പണിതിരിക്കുന്നത്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.
നിത്യ പൂജകള്‍
നിര്‍മാല്യം,ഉഷഃപൂജ,ഉച്ചപൂജ,അത്താഴപൂജ,ശീവേലി,ഉച്ചശിവേലി,അത്താഴശിവേലി  ഈ ക്രമത്തിലാണ് നിത്യപൂജകള്‍

പ്രധാന വഴിപാടുകള്‍
അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് ‘പ്രാതല്‍’ ആണ്. പിന്നീടുള്ള  പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്.
വടക്കുപുറത്തു പാട്ട്
12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്റെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കുപുറത്തു പാട്ട്. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.
ഉത്സവങ്ങള്‍
രണ്ട് ഉത്സവങ്ങളാണ് പ്രധാനപ്പെട്ടത്. വൃശ്ചികമാസത്തിലെ അഷ്ടമിയും (വൈക്കത്തഷ്ടമി) കുംഭമാസത്തിലെ മാശി അഷ്ടമിയും. ഇതുകൂടാതെ ശിവരാത്രി ചിറപ്പും ആഘോഷിക്കാറുണ്ട്.
വൈക്കത്തഷ്ടമി
വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാന ദര്‍ശനം നല്‍കിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്റെ അഷ്ടമി ദര്‍ശനത്തിനും ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ വേണ്ടി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.
വടക്കുപുറത്തു പാട്ട്
ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന വിശേഷാല്‍ ചടങ്ങാണിത്. ക്ഷേത്രത്തില്‍ ദേവീപ്രതിഷ്ഠകളില്ലെങ്കിലും (പനച്ചിയ്ക്കല്‍ ഭഗവതിയൊഴികെ) ഭദ്രകാളിപ്രീതിയ്ക്കായി നടത്തിവരുന്ന ഒരു ആചാരമാണിത്. ശക്തിയുടെ അഭാവത്തില്‍ ശിവന്‍ പ്രവര്‍ത്തനരഹിതനാകാതിരിയ്ക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം.
പൂജാക്രമം
4.00 am നടതുറക്കല്‍
4.30 am നിര്‍മ്മാല്യം
5.00 am ഉഷ:പൂജ
6.00 am എതൃത്തു പൂജ
6.30 am ഉഷ:ശീവേലി
8.00 am പന്തീരടി പൂജ
10.00 am നവകം
11.00 am ഉച്ച ശീവേലി ,നട അടയ്ക്കല്‍
വൈകുന്നേരം
5.00 pm നട തുറക്കല്‍
6.00 pm ദീപാരാധന
7.30 pm അത്താഴപൂജ
8.00 pm നട അടയ്ക്കല്‍
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ക്ഷേത്രത്തിനു 37 കിലോമീറ്റല്‍ തെക്കായി ഏറണാകുളവും ,21  കിലോമീറ്റര്‍ വടക്കായി കോട്ടയം പട്ടണവും ചെയ്യുന്നു .ഇരു ഭാഗത്ത് നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ വൈക്കം റെയില്‍വേ സ്‌റ്റേഷന്‍ .

പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ (21 km )

പ്രധാന വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (58 km )
ജല മാര്‍ഗ്ഗം
ആലപ്പുഴ ജില്ലയിലെ തവണക്കടവ് ബോട്ട് ജെട്ടിയില്‍ നിന്ന് വൈക്കത്തേക്ക് ചെറു ബോട്ടുകള്‍ ലഭ്യമാണ് .
ക്ഷേത്ര വിലാസം
വൈക്കം മഹാദേവ ക്ഷേത്രം,വൈക്കം,കോട്ടയം ജില്ല -686141

30
Nov
വൈക്കത്തഷ്ടമി       

                            വൈക്കത്തഷ്ടമി                   

ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത് ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേര്. രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയില്‍ പങ്കു ചേര്‍ന്ന് കൂടിയെഴുന്നള്ളും. 12 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തില്‍ വച്ചാണ് നടത്തുന്നത്.

ഐതിഹ്യം

വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രൻ ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യനാണ് വിശ്വസിക്കപ്പെടുന്നു [1]. അതിനാൽ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതുപുത്ര-സമാഗമമായി കണക്കാക്കുകയും ഇതു ദർശിക്കാൻ നിരവധി ജനങ്ങൾ വൈക്കം ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

ഉത്സവ ചടങ്ങുകള്‍

ഉത്സവത്തോടനുബന്ധിച്ചുള്ള ഋഷഭവാഹന എഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാന്‍ മകനായ സുബ്രഹ്മണ്യന്‍ പുറപ്പെടുമ്പോള്‍ പുത്രവിജയത്തിന് വേണ്ടി ശിവന്‍ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ഈ ദിവസം ലക്ഷത്തോളം പേര്‍ ഭഗവാന്റെ പ്രസാദം കഴിയ്ക്കും. എന്നാല്‍ അന്ന് ശിവന്‍ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കും എന്നാണ് ഐതീഹ്യം. കിഴക്കേ ആനപന്തലില്‍ മകനെ കാത്തിരിക്കുന്ന ഭഗവാന്‍, വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘോഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേല്‍ക്കും. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് ‘കൂടി പൂജ’ എന്നാണ് അറിയപ്പെടുന്നത്.അഷ്ടമിയോടനുബന്ധിച്ചുള്ള ദര്‍ശനം  പുലര്‍ച്ചെ നാലര മുതല്‍ ആരംഭിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്കു പത്‌നീസമേതനായി ഭഗവാന്‍ മഹേശ്വരന്‍ ന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം

         ഈ വര്‍ഷത്തെ വൈക്കത്തഷ്ടമി ഉത്സവം -2018 നവംബര്‍-30 ന് (വൃശ്ചികം-14 )

Event Start date: 30/Nov/2018 

Event End date: 30/Nov/2018 
28
Mar
വടക്കുപുറത്ത് പാട്ട്       

വടക്കുപുറത്ത് പാട്ട്           

വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും, പാട്ട് കാലം കൂടുന്ന നാൾ ഗുരുതിയും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തു പാട്ട്.ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന വിശേഷാൽ ചടങ്ങാണിത്. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠകളില്ലെങ്കിലും (പനച്ചിയ്ക്കൽ ഭഗവതിയൊഴികെ) ഭദ്രകാളിപ്രീതിയ്ക്കായി നടത്തിവരുന്ന ഒരു ആചാരമാണിത്. ശക്തിയുടെ അഭാവത്തിൽ ശിവൻ പ്രവർത്തനരഹിതനാകാതിരിയ്ക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം, അതായത് ശിവശക്തിസംയോഗം. കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ചാണ് കളം. വൈക്കം ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി വൈക്കത്ത് വരുന്നു എന്നാണ് വിശ്വാസം. പന്ത്രണ്ട് ദിവസം കളമെഴുത്തിപ്പാട്ടും പതിമൂന്നാം ദിവസം ഗുരുതിയും നടത്തുന്നു. ദാരികവധം പാട്ടാണ് ഈ സമയത്ത് പാടുന്നത്. ആദ്യത്തെ നാലുദിവസം എട്ടുകൈകളുള്ള ഭഗവതിയുടെ കളമാണ് വരയ്ക്കുക. പിന്നീട് അത് പതിനാറും, മുപ്പത്തിരണ്ടും ഒടുവിൽ അറുപത്തിനാലുമായി മാറും. അതിഭയങ്കരമായ ഈ രൂപത്തെ ദർശിച്ചാണ് വാഹനസൗകര്യമില്ലാതിരുന്ന പണ്ടുകാലത്ത് വൈക്കത്തെ ഭക്തർ കൊടുങ്ങല്ലൂരമ്മയെ തൊഴുത ഫലം അനുഭവിച്ചിരുന്നത്. പണ്ട് ഇതുപോലെ തെക്കുപുറത്ത് പാട്ടുമുണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ അത് നിന്നുപോയി. വടക്കുംകൂർ രാജ്യത്തിന്റെ നാശത്തിനുവേണ്ടി ചെയ്തതാണത്രേ ഇത്.

വടക്കുപുറത്തുപാട്ടിന്റെ ചരിത്രം

ഒരിക്കല്‍ വടക്കുംകൂര്‍ മഹാരാജാവ് ഭരിച്ചുകൊണ്ടിരുന്ന സമയം വൈക്കത്തുള്ള അനേകം പ്രജകള്‍ വസൂരി ബാധിച്ച് മരിച്ചുകൊണ്ടിരുന്നു. മാരകമായ രോഗം പടര്‍ന്നുകൊണ്ടിരുന്നു. മഹാരാജാവ് ദേവപ്രശ്നം നടത്തി പരിഹാരം കാണുകയും ചെയ്തു. ആ പരിഹാരമാണ് പിന്നീട് വടക്കുപുറത്തു പാട്ടായി മാറിയത്.

ഇടക്കാലംകൊണ്ട് ഇതിനു മുടക്കമുണ്ടായി. വീണ്ടും പ്രശ്നംവെയ്ക്കുകയും  ഇത് 1965 മുതല്‍ പുനരാരംഭിക്കുകയും ചെയ്തു. 1965 ലും, 1977 ലും, 1989 ലും, 2001 ലും പൂര്‍വാധികം ഭംഗിയായി നടത്തപ്പെട്ടു. അടുത്ത വടക്കുപുറത്തു പാട്ടാകുന്നു 2 0 1 3  മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ 24 വരെ നടത്തുവാന്‍ പോകുന്നത്.

 

അടുത്ത വടക്കുപുറത്ത് പാട്ടുത്സവം- 2025-ന് നടക്കും

Event Start date: 28/Mar/2025 

Event End date: 23/Apr/2025