ഉത്രാളിക്കാവ് ക്ഷേത്രം
Thrissur District, Kerala See in Map
Description

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം അഥവാ രുദ്ര മഹാകാളിക്കാവ് കേരളത്തിലെ പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. തൃശൂര്‍ നഗരാസ്ഥാനത്ത്നിന്നും 20കിലോമീറ്റര്‍ അകലെ ഷൊര്‍ണൂര്‍ റോഡില്‍ വടക്കാഞ്ചേരിയില്‍ നിന്നും 2 km അകലെ പരിത്തിപ്ര എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്.

ഐതിഹ്യം

കേരളത്തിലെ മിക്ക ഭഗവതി ക്ഷേത്രങ്ങളുടേയും ഉല്‍പ്പത്തിയായി പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ക്കു സമാനമാണു രുധിരമഹാകാളികാവു ക്ഷേത്രത്തിന്റേതും. കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചന്‍. അകമല താഴ്വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയില്‍ നിന്നും ഭൂമിയില്‍ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണു് രുധിരമഹാകാളി എന്നത്രേ സ്ഥലവാസികള്‍ കേട്ടറിയുന്ന ഐതിഹ്യം. പില്‍ക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ആ വിഗ്രഹശിലയില്‍ പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു ചെറുമി അരിവാളിനു മൂര്‍ച്ചകൂട്ടുന്നതിനിടയില്‍ അതില്‍ നിന്നും രക്തം വരുന്നതായി കണ്ടു,  ശേഷം നടത്തിയ പ്രശ്ന ചിന്തയില്‍  ശിലയിലെ ദേവീസാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടര്‍ന്നു  ക്ഷേത്രം പണികഴിപ്പിച്ചു എന്നാണു ഐതീഹ്യം

ക്ഷേത്രം ,ഭൂപ്രകൃതി.

വടക്കാഞ്ചേരിയില്‍നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ വടക്ക്, തീവണ്ടിപ്പാതയ്ക്കുസമീപം അകമല താഴ്‌വരയിലെ പാടങ്ങള്‍ക്കരികിലായാണു് വിസ്താരത്തില്‍ താരതമ്യേന ചെറുതായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്്. ചുറ്റുപാടും ഉയര്‍ന്ന മലയോരപ്രദേശങ്ങള്‍ക്കിടയ്ക്ക് താഴ്‌വരയിലുള്ള ചെറിയ സമതലം എന്ന പ്രത്യേകത ഈ അമ്പലത്തിലെ പൂരാഘോഷത്തിനു തനിമ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്

ഉത്രാളിക്കാവ് വേലയും പൂരവും
മദ്ധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളില്‍ പ്രമുഖമായ സ്ഥാനമാണു് ഉത്രാളിക്കാവിലെ പൂരത്തിനുള്ളതു്. കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നത്. (ഇതേ ദിവസം തന്നെയാണു് നാലുകിലോമീറ്റര്‍ അകലെയുള്ള പ്രസിദ്ധമായ മച്ചാട്ടുവേലയും). ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണു് പൂരവും അതിനോടനുബന്ധിച്ച മറ്റു പരിപാടികളും.എങ്കക്കാവ്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി എന്നീ ദേശങ്ങളില്‍ നിന്നുള്ള മൂന്നു പങ്കുകാരാണു ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാര്‍. സാധാരണ, ഓരോ ദേശക്കാരും പതിനൊന്നു് ആനകള്‍ വീതം മൊത്തം 33 ആനകളെ പൂരത്തിനു് എഴുന്നള്ളിക്കുന്നു. ഇതുകൂടാതെ വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജര്‍ വേല എന്നീ പരിപാടികളും മുട്ടിറക്കല്‍ എന്ന വഴിപാടുചടങ്ങും പതിവുണ്ട്.ഉത്സവത്തിലെ മറ്റൊരു പ്രശസ്ത ഇനം ഇവിടത്തെ നടപ്പുര പഞ്ചവാദ്യം ആണു . ക്ഷേത്രവാദ്യാസ്വാദകര്‍ക്ക് തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം (പാണ്ടിമേളം), മഠത്തില്‍നിന്നുള്ള വരവ്(പഞ്ചവാദ്യം), ആറാട്ടുപുഴ കൈതവളപ്പ് പാണ്ടിമേളം, ശേഷമുള്ള പഞ്ചാരി ഇവയെപ്പോലെത്തന്നെ പ്രിയങ്കരമാണ് നടപ്പുര പഞ്ചവാദ്യവും.

വെടിക്കെട്ട്

ഉത്രാളിക്കാവ് പൂരം പകല്‍വെടിക്കെട്ട്
കുന്നുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഉത്സവപ്പറമ്പിന്റെ ഭൂപ്രകൃതിയിലുള്ള പ്രത്യേകത മൂലം അസാമാന്യമായ ശബ്ദഗാംഭീര്യം ജനിപ്പിക്കുന്ന വെടിക്കെട്ടാണു ഉത്രാളിക്കാവ് പൂരത്തിന്റെപ്രത്യേകത. പൂരദിവസം സന്ധ്യയ്ക്കും പിറ്റേന്നു പുലര്‍ച്ചേ നാലുമണിക്കും മത്സരാടിസ്ഥാനത്തില്‍ നടക്കുന്ന വെടിക്കെട്ട് സുരക്ഷിതമായും വ്യക്തമായും കണ്ടാസ്വദിക്കാനും ഈ കുന്നുകള്‍ സൌകര്യപ്രദമാണു്

ദര്‍ശന സമയം
സാധാരണ ദിവസങ്ങളില്‍ രാവിലെ രാവിലെ 4.30 നു നട തുറന്നു രാവിലെ 10.30 നു നടഅടയ്ക്കുന്നു.എന്നാല്‍ വെള്ളി, ചൊവ്വ,ഞായര്‍ ദിവസങ്ങളില്‍ 11.00 നു വരെ ദര്‍ശനം നടത്താം.
വൈകുന്നേരം5.00 മണിയ്ക്ക് നടതുരക്കുകയും രാത്രി 8.00നു നടഅടയ്ക്കുകയുംചെയ്യുന്നു. പൂര ദിവസങ്ങളില്‍ ദിവസം മുഴുവന്‍ ദര്‍ശനം നടത്താവുന്നതാണ് .

പ്രധാന വഴിപാടുകള്‍

നിറമാല,നെയ്‌വിളക്ക്,ചുറ്റുവിളക്ക്,കതിനാവേദി,പുഷ്പാഞ്ജലി,അര്‍ച്ചന,മാല ഭഗവതിസേവ.ചുറ്റുവിളക്ക്,നിറമാല,ഉദയാസ്തമയപൂജ എന്നിവ മുന്‍കൂര്‍ ബുക്ക്‌ചെയ്യേണ്ടതാണ്.

ക്ഷേത്രത്തിലേയ്ക്കുള്ളവഴി

തൃശ്ശൂര്‍, വടക്കാഞ്ചേരി, ഷൊറണൂര്‍ എന്നീ തീവണ്ടിസ്‌റ്റേഷനുകളും തൃശ്ശൂര്‍, ഒറ്റപ്പാലം, കുന്നംകുളം, ഗുരുവായൂര്‍, ചേലക്കര, പട്ടാമ്പി എന്നിവിടങ്ങളില്‍ നിന്നുള്ള ബസ് സര്‍വീസുകളുമാണു് പ്രധാന യാത്രാസൌകര്യങ്ങള്‍.

അടുത്ത റെയില്‍വേ സ്റ്റേഷന്‍ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ (2 km )

അടുത്ത പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ തൃശ്ശൂര്‍ റെയില്‍വേസ്‌റ്റേഷന്‍[20 km]

അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്രവിമാനത്താവളം [58 km]

ക്ഷേത്ര മേല്‍വിലാസം
ഉത്രാളിക്കാവ് ക്ഷേത്രം ,പരുത്തിപ്പാറ,തൃശ്ശൂര്‍680590