തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം
Thrissur District , Kerala See in Map
Description

തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഏകദേശം 24 കിലോമീറ്റര്‍  അകലെ തൃപയാറില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ചിരപുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം .

ഐതീഹ്യം 
ദ്വാരക സമുദ്രത്തില്‍ മുങ്ങിതാണുപോയപ്പോള്‍ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങള്‍ (ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍) സമുദ്രത്തില്‍ ഒഴുകിനടക്കുവാന്‍ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയില്‍ കൈമള്‍ക്ക് സമുദ്രത്തില്‍ നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്‌നദര്‍ശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവന്‍മാര്‍ വഴി ഈ വിഗ്രഹങ്ങള്‍ കൈമളുടെ അധീനതയില്‍ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് ശ്രീരാമക്ഷേത്രവും ഭരതക്ഷേത്രവും (ശ്രീ കൂടല്‍മാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരു മാള്‍ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്‌നക്ഷേത്രം (ശത്രുഘ്‌നസ്വാമി ക്ഷേത്രം, പായമ്മല്‍)എന്നീ ക്രമത്തില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തി. ക്ഷേത്രത്തിന്റെ പേരിനു പിന്നില്‍ ഉള്ള ഐതിഹ്യം പ്രസിദ്ധമാണ്. വാമനാവതാരവേളയില്‍ ഭഗവാന്‍ ത്രിവിക്രമനായി വളര്‍ന്നുവന്നപ്പോള്‍ ഭഗവാന്റെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തന്റെ കമണ്ഡലുവിലുള്ള തീര്‍ത്ഥമെടുത്ത് ഭഗവല്പാദത്തില്‍ അഭിഷേകം ചെയ്തു. ആ തീര്‍ത്ഥജലം അവിടെ നിന്നൊഴുകിയപ്പോള്‍ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാണ് ഐതിഹ്യം. ആ തീര്‍ത്ഥജലമാണത്രെ തൃപ്രയാര്‍ ആയത്. തിരുപാദം കഴുകിയത് ആറായി തീര്ന്നപ്പോള്‍ അത് തിരുപ്പാദയാറായി അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.

പ്രതിഷ്ഠ
ചതുര്‍ബാഹുവായ മഹാവിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനമായി ആറടി പൊക്കമുള്ള അഞ്ജന ശിലയില്‍  തീര്‍ത്ത ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നില്‍ക്കുന്ന രൂപത്തിലാണ്  വിഗ്രഹം.  . ഖരനെ വധിച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന ശ്രീരാമനെയാണ് ഈ വിഗ്രഹത്തില്‍ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. അതിനാല്‍ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. സര്‍വാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങ്ങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമ ദേവന്‍ ഇവിടെ വാഴുന്നത്.

ഉപദേവതകള്‍

ഉപദേവതകളായി, ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍, ദക്ഷിണാമൂര്‍ത്തി, ഗണപതി എന്നിവരും അദൃശ്യ സാന്നിധ്യമായി ഹനുമാനും ചാത്തനുമാണ് പ്രധാന ഉപദേവ പ്രതിഷ്ഠകള്‍ .

പൂജാക്രമം
ദിവസവും ഉഷ പൂജ, എതിര്‍ത്ത് പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ചുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുള്‍പ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു.
പ്രധാന വഴിപാട്
കതിനവെടിയാണ് ഇവിടത്തെ പ്രധാന വഴിപാട്.
മീനൂട്ട്
മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളില്‍ ഏഴാമത്തേതാണ് ശ്രീരാമന്‍. ആദ്യത്തെ അവതാരമായ മത്സ്യാവതാരത്തിന്റെ സങ്കല്‍പ്പത്തില്‍ മുന്‍പിലുള്ള പുഴയിലേക്ക് അരി വലിച്ചെറിയുന്ന വഴിപാടാണ് മീനൂട്ട്. ഇത് ഭഗവാന് വളരെ പ്രിയപ്പെട്ട വഴിപാടാണ്.പുഴയിലെ മത്സ്യങ്ങള്‍ ഭഗവാന്റെ മക്കളാണ് എന്നണ് വിശ്വാസം.പാല്‍പ്പായസം, കളഭാഭിഷേകം തുടങ്ങിയവ മറ്റുവഴിപാടുകളാണ്. തൃപ്രയാര്‍ ഏകാദശി പേര് കേട്ടതാണ്. ഗുരുവായൂരും തൃപ്രയാറും ഏകാദശി ആഘോഷിക്കുന്ന നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ വളരെ വലിയ പുരുഷാരമാണ് തൃപ്രയാര്‍ ക്ഷേത്രം ദര്‍ശിക്കാനെത്തുന്നത്.
വിശേഷ ദിവസങ്ങള്‍
ഏകാദശി
തൃപ്രയാര്‍ ഏകാദശി പേര് കേട്ടതാണ്. ഗുരുവായൂരും തൃപ്രയാറും ഏകാദശി ആഘോഷിക്കുന്ന നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ വളരെ വലിയ പുരുഷാരമാണ് തൃപ്രയാര്‍ ക്ഷേത്രം ദര്‍ശിക്കാനെത്തുന്നത്. ഏകാദശിക്ക് മുന്‍പുള്ള ദിവസം ശാസ്താവിനെ വഹിച്ചു കൊണ്ടുള്ള ഭക്തജന ഘോഷയാത്രയും ഏകാദശി ദിനത്തില്‍ ഭഗവാന്‍ ശ്രീരാമനെ 21 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷ യാത്രയും നടന്നു വരുന്നു.
ശ്രീരാമന്‍ ചിറയിലെ സേതുബന്ധനം
സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും കന്നിമാസത്തിലെ തിരുവോണനാളില്‍ തൃപ്രയാര്‍ തേവര്‍ സേതു നിര്‍മ്മിക്കുന്നയിടമാണ് ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ. ചിറ നിര്‍മ്മാണ സമയത്ത് പങ്കെടുത്ത് സേതുബന്ധനത്തില്‍ ഒരു പിടി മണ്ണ് സമര്‍പ്പിക്കുന്നത് ഭക്തന്‍ പുണ്യമായി കരുതുന്നു. അന്ന് മണ്ണു വാരിയിടുന്നതിന് സാധിക്കാത്തവര്‍ പിന്നീട് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷം ഇവിടെ വന്ന് സ്വന്തം വാസസ്ഥലത്ത് നിന്നും ശേഖരിച്ച ഒരു പിടി മണ്ണ് സമര്‍പ്പിക്കാറുണ്ട്. മണ്ണ് സമര്‍പ്പിക്കുന്ന ചടങ്ങാണ് സേതുബന്ധന വന്ദനം
നാലമ്പല ദര്‍ശനം
നാല് വിഗ്രഹങ്ങള്‍ പ്രതിഷ്ഠ നടത്തപ്പെട്ട   തൃപ്പയാര്‍ (ശ്രീരാമന്‍) (നിര്‍മാല്യദര്‍ശനം), ഇരിങ്ങാലക്കുട (ഉഷ:പൂജ), (ഭരതന്‍ )മൂഴിക്കുളം (ഉച്ചപൂജ),(ലക്ഷ്മണന്‍ ) പായമ്മല്‍ (അത്താഴപൂജ)(ശത്രുഘ്‌നന്‍) എന്നിങ്ങനെയാണ് പ്രസിദ്ധമായ നാലമ്പല ദര്‍ശനം എന്നറിയപെടുന്ന രീതിയിലുള്ള കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശന രീതി.
ദര്‍ശന സമയം
വെളുപ്പിന് മൂന്നുമണിയോടെ നടതുറന്നാല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയും വൈകീട്ട് നാലുമണിയ്ക്ക് തുറന്നാല്‍ രാത്രി ഒമ്പതുമണി വരെയും ദര്‍ശനം നടത്താം.

എത്തിച്ചേരാനുള്ള വഴി

തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ നിന്നും  ഏകദേശം 24  കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക്  ബസ് സൗകര്യം ലഭിയ്ക്കും

അടുത്തുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ -തൃശ്ശൂര്‍റെയില്‍വേ സ്റ്റേഷന്‍ (24  km )

അടുത്ത വിമാനത്താവളം-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(78 km)

ക്ഷേത്ര വിലാസം
തൃപ്പയാര്‍ ശ്രീരാമ ക്ഷേത്രം ത്രിപ്പയാര്‍ പി.ഓ.തൃശ്ശൂര്‍ , കേരള , 680567 India
ഫോണ്‍: +914872391375