തൃക്കോവില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം മാലക്കര


Description
പത്തനംതിട്ട ജില്ലയില്‍ ആറന്മുളയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ മാലക്കരയില്‍ പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധവും പുരാതനവുമായ മഹാവിഷ്ണു ക്ഷേത്രമാണ് മാലക്കര ശ്രീ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം .
ചരിത്രം
ആയിരത്തി മുന്നൂറിലേറെ വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു .ക്ഷേത്രം ആദ്യകാലത്ത് ദേശം വാണിരുന്ന വഞ്ചിപ്പുഴ തമ്പുരാന്റെ അധീനതയിലായിരുന്നു .അതിനു ശേഷം ദേശത്തെ നമ്പൂതിരി കുടുംബങ്ങളില്‍ ക്ഷേത്ര ഭരണം നിക്ഷിപ്തമായി. ഈ കാലഘട്ടത്തില്‍ ക്ഷേത്രം പ്രതാപം നശിച്ചു ശോച്യാവസ്ഥയിലായി .അടുത്തകാലത്ത് ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത് ആദ്യകാലങ്ങളില്‍ ക്ഷേത്രം പ്രതാപാവസ്ഥയിലയിരുന്നുവെന്നും പത്തുദിവസത്തെ ഉത്സവം അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചിരുന്നുവെന്നുമാണ് . ഇപ്പോള്‍ എന്‍.എസ്സ്.എസ്സ് കരയോഗത്തിന്റെ ഭരണത്തിലാണ് ക്ഷേത്രം .ക്ഷേത്ര ഭാരവാഹികളുടെയും ഭക്ത ജനങ്ങളുടെയും പരിശ്രമത്താല്‍ ക്ഷേത്രം പൂര്‍വ്വ പ്രതാപം വീണ്ടെടുത്തു.ക്ഷേത്രത്തിന്റെ ബലിക്കല്‍ തൂണുകളില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്ന വട്ടെഴുത്ത് ലിപികള്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവുമായി ക്ഷേത്രത്തിനുള്ള ബന്ധം വ്യക്തമാക്കുന്നു .
ദക്ഷിണ കൈലാസമെന്നു പുകഴ്‌പെട്ട തൃച്ചെങ്ങന്നുര്‍ ക്ഷേത്രവുമായി ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ട്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട 28 ദേവന്മാരില്‍ ഒരാളാണ് മാലക്കര തേവര്‍ .കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതീഹ്യ മാലയില്‍ മാലക്കര ദേശത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമുണ്ട് . തിരുവാറന്മുളയുമായി ക്ഷേത്രത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണിത്. ആറന്മുള ദേശത്തിന്റെ പ്രധാനപ്പെട്ട നാല് കരകളിലൊന്നാണ് മാലക്കര.
പ്രതിഷ്ഠ
ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ.പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.
ഉപദേവതകള്‍
യോഗീശ്വരന്‍ ,ഭദ്രകാളി ,അനന്തന്‍ ,നാഗദേവതകള്‍ എന്നിവയാണി വിടുത്തെ പ്രധാന ഉപദേവ പ്രതിഷ്ഠകള്‍ .
പ്രത്യേകതകള്‍
പടിഞ്ഞാറ് ദര്‍ശനമായി മഹാവിഷ്ണു പ്രതിഷ്ഠയും അനന്ത സാന്നിധ്യവും വരികയെന്ന അപൂര്‍വതയാണിവിടെ .വൈഷ്ണവ ചൈതന്യമുള്ള ഇവിടുത്തെ അനന്ത സാന്നിധ്യം പ്രത്യേകം പ്രാധാന്യമുള്ളതാണ് . ഈ ശില കാലക്രമത്തില്‍ വളര്‍ന്നു കൊണ്ടിരിയ്ക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു .ഷഡാധാരപ്രതിഷ്ഠയും വട്ട ശ്രീകോവിലും സപ്തമാതൃക്കളുടെ പ്രതിഷ്ഠയും ഒരു മഹാക്ഷേത്രത്തിന്റെ ലക്ഷണങ്ങള്‍ ഒത്തിണങ്ങിയതാണ് . കൂടാതെ നാലമ്പലത്തിനുള്ളില്‍ കിണര്‍ വരികയെന്നതും മറ്റൊരു അപൂര്‍വതയാണ്.കിണറിന്റെ വടക്കുവശത്തെ മുകളിലെ ദ്വാരം എവിടെ അവസാനിക്കുന്നു എന്നത് ഇപ്പോളുംതിരിച്ചറിഞ്ഞിട്ടില്ല .ജാതകപ്രവചനപ്രകാരം തെക്കുവടക്ക് ഒരു ജലാശയ സാന്നിധ്യം തെളിയിക്കപ്പട്ടിട്ടുണ്ട്. വിശിഷ്ടമായ മറ്റൊരു പ്രത്യേകത ശ്രീകോവിലും വിഗ്രഹവും ഒരു തുരങ്കവുമായി ബന്ധപെട്ടുള്ളതാണെന്നുള്ളതാണ്
മാലക്കര പള്ളിയോടവും ആറന്മുള ജലോത്സവവും
ക്ഷേത്രത്തെ കുറിച്ച് പറയുമ്പോള്‍ നാടിന്റെ സംസ്‌കാരവുമായി ഇഴുകി ചേര്‍ന്ന ആറന്മുളവള്ളം കളിയും പള്ളിയോടങ്ങളും അവഗണിയ്ക്കാനാകാത്ത ഘടകമാണ്. ആറന്മുളയുടെ പെരുമയെന്നു വിശേഷിപ്പിക്കാവുന്ന മറ്റെല്ലാ സാംസ്‌കാരിക പൈതൃകങ്ങള്‍ എന്ന പോലെ തന്നെ ആറന്മുളയിലെ വള്ളം കളിയും ക്ഷേത്രവും, ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആറന്മുള ജലമേളയുടെ തുടക്കം മുതലേ പങ്കെടുത്തു വരുന്ന പള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കരപള്ളിയോടം . വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1994 ല്‍ പള്ളിയോട പെരുന്തച്ചന്‍ ചങ്ങംകരി തങ്കപ്പനാചാരിയുടെ നേത്രുത്വത്തില്‍ പുതിയ പള്ളിയോടം പണിതു. 1940 വര്‍ഷത്തില്‍ മാലക്കരയ്ക്ക് രണ്ടു പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു .ഒരെണ്ണം പള്ളിപാടുകാര്‍ക്കു വില്‍ക്കുകയും മറ്റൊന്ന് കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിച്ചു പോകുകയും ചെയ്തു. ഇന്ന് ആറന്മുള ജലമേളയില്‍ പങ്കെടുക്കുന്ന ഏറ്റവും നീളം കൂടിയ പള്ളിയോടമാണ്
മാലക്കര പള്ളിയോടം
നാല്‍പ്പത്തിയേഴേമുക്കാല്‍ കോള്‍ നീളവും 60 അംഗുലം ഉടമയുമുണ്ട്. എ ബാച്ചില്‍പ്പെടുന്ന പള്ളിയോടത്തില്‍ 120 പേര്‍ക്കു കയറാം.ഇന്ത്യന്‍ വൈസ്രോയ് ആയിരുന്ന ഇര്‍വിന്‍ പ്രഭു തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അഷ്ടമുടിക്കായലില്‍ ഒരുക്കിയ വള്ളംകളിയില്‍ പങ്കെടുത്ത നാലുപള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കര. 1979 വര്‍ഷത്തില്‍ മന്നംട്രോഫി നേടിയിട്ടുണ്ട്. മാലക്കര 230 ആം നമ്പര്‍ എന്‍ എസ് എസ് കരയോഗം ഉടമസ്ഥതയിലാണു പള്ളിയോടം.
പ്രധാന വിശേഷങ്ങള്‍
മേടമാസത്തിലെ വിഷുവിനു കൊടിയേറി പത്തു ദിവസത്തെ ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം .
കൂടാതെ രാമായണ മാസവും ഏകാദശിയും എല്ലാ മലയാള മാസം ഒന്നാം തീയതിയും ശബരിമല മന്ധല കാലവും ഇവിടുത്തെ പ്രധാന വിശേഷങ്ങളാണ് . കര്‍ക്കിടക വാവ് ബലിയ്ക്ക് പ്രസിദ്ധമാണ് ക്ഷേത്രം .മഹാവിഷ്ണു സാന്നിധ്യവും പുണ്യനദിയായ പമ്പാ നദിയുടെ സാന്നിധ്യവും നാടിന്റെ നാനാദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ പിതൃ തര്‍പ്പണം നടത്തുന്നതിനായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നു .ഒരു പ്രധാന ശബരിമല ഇടത്താവളവും കൂടിയാണ് ക്ഷേത്രം
പ്രധാന വഴിപാടുകള്‍
നിത്യപൂജ ,എല്ലാ മാസവും മലയാളം ഒന്നാം തീയതി നടത്തുന്ന നെയ്യഭിഷേകം ,കാവില്‍ പൂജ ,മലയാളമാസം ആദ്യ വെള്ളിയാഴ്ച യിലെ ദേവീ നടയിലെ വിശേഷ പൂജ ,ആയില്യം പൂജ ധകന്നി,തുലാം മേടം മാസങ്ങളില്‍ പ,നവകം –കലശം പൂജ ധഎല്ലാമാസവും തിരുവോണം നക്ഷത്രത്തില്‍ പ എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍ .കൂടാതെ വിഷ്ണുപൂജ ,പാല്‍പ്പായസം ,യോഗീശ്വര നടയില്‍ ത്രിമധുരം ,ഭദ്രകാളി നടയില്‍ കുങ്കുമ അര്‍ച്ചന,ത്രിപുരസുന്ദരി അര്‍ച്ചന,തുടങ്ങിയവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്
ക്ഷേത്ര ദര്‍ശന സമയം
രാവിലെ 5.00 am – 10 am
വൈകുന്നേരം 5.00 pm 7.00 pm
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ആറന്മുളയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ മാലക്കര എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് പമ്പാനദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൃച്ചെങ്ങന്നുര്‍ മഹാദേവ ക്ഷേത്രവും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമാണ് അടുത്തുള്ള പ്രധാന ക്ഷേത്രങ്ങള്‍ .പ്രസിദ്ധങ്ങളായ പഞ്ചപാന്ധവര്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഇവിടെ നിന്നും പതിനേഴു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നു ചെയ്യുന്നു .ചെങ്ങന്നൂരില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരവും ആറന്മുളയില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ ദൂരവും ക്ഷേത്രത്തിലേയ്ക്കുണ്ട് .
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
അടുത്ത വിമാനത്താവളം –തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 125 കിലോമീറ്റര്‍ അകലെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 121km അകലെയും സ്ഥിതി ചെയ്യുന്നു
ക്ഷേത്ര മേല്‍വിലാസം
തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം ,മാലക്കരപി.ഓ ഇടയാറന്മുള,
പത്തനംതിട്ട ജില്ല 689532
ഫോണ്‍:04682261050