പനച്ചിക്കാട് സരസ്വതി ക്ഷേത്രം (ദക്ഷിണ മൂകാംബിക ക്ഷേത്രം )
kottayam district, kerala See in Map
Description

കേരളത്തിലെ കോട്ടയം ജില്ലയില്‍  ജില്ലാ ആസ്ഥാനത്തു നിന്നും 18 കിലോമീറ്റര്‍ അകലെയാണ് പനച്ചിക്കാട് ക്ഷേത്രംസ്ഥിതി ചെയ്യുന്നത് . തെക്കിന്റെ മൂകാംബിക എന്ന് അര്‍ത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
പ്രതിഷ്ഠ
പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതീ ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്.
മഹാവിഷ്ണുവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ തെക്ക് വശത്തായുള്ള ചെറിയ കുളത്തിന്റെ കരയിലാണ് സരസ്വതി ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ഈ കുളവും അതിനു ചുറ്റുമുള്ള വള്ളിപടര്‍പ്പും മാത്രമാണ് ഇവിടെയുള്ളത്. മൂലവിഗ്രഹം കുടികൊള്ളുന്നത് ഈ വള്ളിപടര്‍പ്പിലാണെങ്കിലും പൂജകളും മറ്റു കര്‍മ്മങ്ങളും നടത്തുന്നത് ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ചിട്ടുള്ള പ്രതി വിഗ്രഹത്തിലാണ്. സരസ്വതിയുടെ മൂല വിഗ്രഹത്തെ പൊതിഞ്ഞ് നില്‍ക്കുന്ന വള്ളിപ്പടര്‍പ്പ് മറ്റെവിടെയും വളരാത്ത സരസ്വതി ലതയാണെന്നാണ് വിശ്വാസം. വള്ളിപ്പടര്‍പ്പും ഇവിടുത്തെ നീരുറവയും ദിവ്യമാണെന്നാണ് വിശ്വാസം. മൂലവിഗ്രഹത്തിന്റെ കാല്‍ തഴുകി വരുന്ന തീര്‍ത്ഥജലം ഒരിക്കല്‍ പോലും വറ്റാറില്ല. സരസ്സില്‍ വസിക്കുന്ന ദേവി ആയ സരസ്വതീ ദേവി പനച്ചിക്കാട്ട് ആ പേര് അന്വര്‍ത്ഥമാക്കുന്നു. പൂജയ്ക്കായി വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. കിണറോ മറ്റ്
ജലസ്രോതസ്സുകളോ ഇല്ല.ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ ആദ്യം വിഷ്ണുവിനെയാണ് തൊഴുക. പിന്നെയാണ് സരസ്വതിയെ തൊഴുന്നത്.
ഐതിഹ്യം
പണ്ട് കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണന്‍ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വര്‍ഷവും കൊല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു. പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോള്‍ എല്ലാ വര്‍ഷവും ഇനി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂര്‍ സന്ദര്‍ശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളില്‍ കയറി മൂകാംബികാ ദേവി ഇവിടെ വന്ന് പനച്ചിക്കാട് ക്ഷേത്രം ഇന്നു നില്‍ക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം.
ഉപദേവതകള്‍
ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, നാഗരാജാവ്, സരസ്വതീ ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് മുകളിലായി ഇലഞ്ഞിയും ഏഴിലം പാലയും തഴച്ചുവളര്‍ന്നു നില്‍ക്കുന്നു. ഇവിടെയാണ് മൂലബിംബത്തിന് കാവലായി ഉണ്ടായിരുന്ന യക്ഷി കുടികൊള്ളുന്നത്. അടുത്ത് തന്നെ ബ്രഹ്മരക്ഷസ്സുമുണ്ട്.

വിദ്യാരംഭം

ദുര്‍ഗ്ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും, മൂകാംബികയില്‍ എന്നപോലെ, പനച്ചിക്കാട്ടും വിദ്യാരംഭം നടത്തുന്നുണ്ട്. ജാതിമത ഭേദമന്യേ ആളുകള്‍ എത്തുന്നു എന്നൊരു സവിശേഷതയാണ്.
പ്രധാന വഴിപാടുകള്‍

സാരസ്വതം നെയ്യ് പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാംവണ്ണം  ജപിച്ച് ശുദ്ധവും പൂര്‍ണ്ണവുമാക്കിയതാണ്.

മറ്റു പ്രധാന വഴിപാടുകള്‍

സരസ്വതിക്കും മഹാവിഷ്ണുവിനും അരവണ, ത്രിമധുരം, യക്ഷിക്ക് വറ, രക്ഷസ്സിന് പാല്‍പ്പായസം, ശാസ്താവിന് തേങ്ങ തിരുമ്മിയ നരത്തല നിവേദ്യം, ശിവന് ധാര, കൂവളമാല, ഗണപതിക്ക് ഒറ്റയപ്പം, കറുകമാല,സരസ്വതിക്ക് സാരസ്വത സൂക്താര്‍ച്ചന വിഷ്ണുവിന് പുരുഷ സൂക്താര്‍ച്ചന എന്നിവയാണ് മറ്റു  പ്രധാന വഴിപാടുകള്‍

ഉത്സവം
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവര്‍ഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒമ്പപതു ദിവസം നീണ്ടു നല്‍ക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം
ഭക്തജനങ്ങള്‍ ദേവിയെ തൊഴാന്‍ എത്തുന്നു.നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒമ്പതു ദിവസവും ശാസ്ത്രീയ സംഗീതനൃത്തങ്ങളുടെ ഒരു സാംസ്‌കാരിക മേളതന്നെ ക്ഷേത്രത്തില്‍ നടക്കുന്നു. ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഒരുക്കുന്ന രഥ മണ്ഡപത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്.
ദര്‍ശന സമയം
രാവിലെ അഞ്ച് മുപ്പത് മുതല്‍ പതിനൊന്ന് മണിവരെയും വൈകിട്ട് അഞ്ച് മണിമുതല്‍ ഏഴ് മുപ്പത് വരെയുമാണ് നട തുറക്കുക
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
കോട്ടയത്ത്‌ നിന്നും എം,സി റോഡ്‌ റോഡില്‍  14 കിലോമീറ്റര്‍ അകലെ ചിങ്ങവനത്ത് എത്തി അവിടെ  നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പനച്ചിക്കാട് എത്താം. ഇരവിനല്ലൂര്‍ നിന്നും ഉള്ള ദൂരം രണ്ടര കിലോമീറ്റര്‍ ആണ്.
കോട്ടയം നഗരത്തില്‍ പതിനെട്ടു കിലോമീറ്റര്‍ അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക് .
അടുത്ത റെയല്‍വേ സ്‌റ്റേഷന്‍ ചിങ്ങവനം റെയില്‍വേ സ്‌റ്റേഷന്‍ (4 km )

പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ (18 km )

അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (76 km )
ക്ഷേത്ര വിലാസം
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
കുഴിമറ്റം പി.ഓ.കോട്ടയം 686533
ഫോണ്‍ :04812330670