പാച്ചല്ലൂര്‍ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം
Pachallur,Thirvanthapuram , Kerala See in Map
Description

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ തിരുവല്ലം ക്ഷേത്രത്തിനു കുറച്ചു തെക്ക് മാറി പാച്ചല്ലൂരിലാണ് പുരാതനമായ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി  ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അഞ്ഞൂറിലേറെ വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ട്.

പ്രതിഷ്ഠ

ശാന്ത സ്വരൂപിണിയായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ .വടക്ക് ദര്‍ശനമായാണ്  പ്രതിഷ്ഠമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.

ഉപദേവതകള്‍

ഗണപതി,ശാസ്താവ് ,കാവില്‍ നാഗര്‍ എന്നിവരാണു ഇവിടുത്തെ പ്രധാന ഉപദേവ പ്രതിഷ്ഠകള്‍. കൂടാതെ ആല്‍ത്തറയില്‍ കണ്ഠകര്‍ണ്ണന്റെ സാന്നിധ്യവുമുണ്ട് .ഇത് ദേവിയുടെ സഹോദരനെന്നാണ് വിശ്വാസം .

ഐതീഹ്യം

പണ്ടുകാലത്ത് ഒരിയ്ക്കല്‍ കുംഭ മാസത്തിലെ പൂരം നക്ഷത്രത്തില്‍ പാച്ചല്ലൂര്‍ വലിയവിള കുടുംബത്തിലെ ഒരു കാരണവരായ ആചാര്യനും ഒരു പന്ധിതനായ യോഗിയുമൊത്ത് യാത്ര ചെയ്തു മടങ്ങുമ്പോള്‍ വഴിവക്കിലുള്ള വടവൃക്ഷ തണലില്‍ തേജസ്വികളായ രണ്ടു യുവതികള്‍ വിശ്രമിയ്ക്കുന്നതായി കണ്ടു .അന്വേഷിച്ചപ്പോള്‍ കൊടുങ്ങല്ലൂരില്‍ നിന്ന് വന്നവരെന്നും സഹോദരിമാരാണെന്നും മനസ്സിലായി .യാത്രാക്ഷീണം കൊണ്ടും വിശപ്പ് കൊണ്ടും അവശരായ അവര്‍ക്ക് കാരണവരും പന്ധിതനും ചേര്‍ന്ന് ഇലയില്‍ കരിക്കും മലരും പഴവും നല്‍കി .വിശപ്പകറ്റി .അതിനു ശേഷം കാരണവര്‍ തറവാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വഴിവക്കില്‍ കണ്ട സഹോദരിമാരിലൊരാല്‍ തറവാട്ടിലെ ആരാധന നടത്തുന്ന സ്ഥാനത്ത് ഇരിയ്ക്കുന്നതായി കണ്ടു .എന്നാല്‍ പിറ്റേ ദിവസം നോക്കുമ്പോള്‍ തേജസ്വിനിയായ ആ യുവതിയെ അവിടെ കാണാന്‍ കഴിഞ്ഞില്ല .പകരം സ്ഥാനത്ത് ഒരു ദിവ്യമായ ഒരു നെയ്ത്തിരി നാളം തെളിഞ്ഞു കാണപ്പെട്ടു .അതിനു ശേഷം ദേവിയുടെ ദര്‍ശനം നിരന്തരം കാരണവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു .ദേവീ സാന്നിധ്യം ലഭിച്ച ആ വിശിഷ്ട ഗൃഹമാണ് പില്‍ക്കാലത്ത് പാച്ചല്ലൂര്‍ ശ്രീ കുളത്തിങ്കര ഭദ്രകാളി ക്ഷേത്രമായി മാറിയത് .അന്ന് മനുഷ്യ രൂപത്തില്‍ ആയിരുന്നപ്പോള്‍ ആഹാരമായി സ്വീകരിച്ച മലരും കരിക്കും പഴവുമാണ് ഇന്നും ഇവിടുത്തെ പൂജാ നിവേദ്യങ്ങള്‍ .കൊടുങ്ങല്ലൂരില്‍ നിന്ന് വന്നത് കൊണ്ട് ഇന്നും ഇവിടുത്തെ ഉത്സവപ്പാട്ടായി കണ്ണകി ചരിത്രമാണ് അനുവര്‍ത്തിച്ചു വരുന്നത് .

പ്രത്യേകതകള്‍

മത സൌഹാര്‍ദ്ദത്തിനു പ്രസിദ്ധമാണീ ക്ഷേത്രം .കൊല്ല സമുദായത്തില്‍ പെട്ട അവര്‍ണ്ണരാണിവിടെ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നത് .നേർച്ചത്തൂക്കത്തിനുള്ള വടം ഈഴവ സമുദായത്തിൽ നിന്നുമാണ്. മണ്ണാർ സമുദായത്തിൽ നിന്നുള്ള കച്ചയും, അരയ സമുദായത്തിൽ നിന്നും ഉള്ള ചണവും ഉപയോഗിച്ചാണ് ആശാരി സമുദായത്തിൽ നിന്നുള്ളവർ തൂക്കവില്ലോരുക്കുന്നത് . നേര്ച്ച തൂക്കത്തിനുള്ള പള്ളി പലകയില്‍ പണം വയ്ക്കാനുള്ള അവകാശം തട്ടാര്‍ സമുദായക്കാര്‍ക്കാണ്.അകമ്പടി കൊട്ട് പാണര്‍ സമുദായക്കാര്‍ക്കും വെട്ടിയോരുക്ക് കര്‍മ്മങ്ങള്‍ തണ്ടാര്‍ സമുദായക്കാര്‍ക്കും അനുവദിച്ചു കൊടുത്തിരിയ്ക്കുന്നു .ക്ഷേത്ര പ്രവേശന വിളംബരം നടക്കുന്നതിനു മുമ്പ് തന്നെ ജാതിമത ഭേദമില്ലാതെ എല്ലാവരും ദേവിയുടെ മുമ്പില്‍ സമന്മാര്‍ ആണെന്ന മഹത്തായ എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കുന്നതാണ് ഇവിടുത്തെ ചടങ്ങുകള്‍ .അത് കൊണ്ട് തന്നെ ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളും ഉത്സവവും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും എന്ത് കൊണ്ടും വേറിട്ട് നിര്‍ത്തുന്ന സവിശേഷതകളാണ് .

നേര്‍ച്ചത്തുക്കം

കുംഭമാസത്തിലാണ് നേര്‍ച്ചതൂക്ക മഹോത്സവം. പൂരത്തിനു തൂക്കം വരത്തക്കവിധമാണ് ദിവസം നിശ്ചയിക്കുക. പ്രസിദ്ധമായ നേര്‍ച്ചതൂക്കം ഏഴാം ദിവസമാണ് .അന്ന് ഉരുര്‍നേര്‍ച്ചയും നടക്കും. ഉത്സവത്തിന് നാലാംനാള്‍ മുതല്‍ തൂക്കക്കാന്‍ വൃതമെടുക്കണം തുടര്‍ന്ന് ക്ഷേത്രത്തില്‍ തന്നെ കഴിയുന്നു .. കുട്ടികളെ തൂക്കാന്‍ നേര്‍ച്ചയുള്ളവന്‍ മകയിരം നാളില്‍ ക്ഷേത്രത്തിലെത്തും. പിന്നെ പള്ളിപലകയില്‍ പണംവച്ച് നേര്‍ച്ച വയ്ക്കുന്നു.. തുടര്‍ന്ന് രാവിലെ ഉരുള്‍നേര്‍ച്ച നടത്തുന്നു. വൈകിട്ട് നാലുമണിയോടെ ആരംഭിക്കുന്ന നേര്‍ച്ചതൂക്കം പിറ്റേന്ന് വെളുക്കുന്നതുവരെ നീണ്ടുപോകും. നാലുചക്രങ്ങളില്‍ ഉറപ്പിച്ച വില്ലിന് മുപ്പതടിയോളം ഉയരംവരും. തൂക്കകാരന്റെ ദേഹം വില്ലിനോട് ചേര്‍ത്ത്‌കെട്ടിയിരിക്കും. അയാള്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കും. കുട്ടിയെയുംകൊണ്ട് തൂക്കവില്ല് ക്ഷേത്രത്തിന് വലം വയ്ക്കും. ഒരു വില്ലില്‍ രണ്ടു കുട്ടികളെ തൂക്കുന്ന പതിവുമുണ്ട്. ആദ്യത്തേത് ക്ഷേത്രതൂക്കമാണ് ഇതിനെ പണ്ടാരതൂക്കം എന്നാണ് അറിയപ്പെടുന്നത്. ദേവീസഹായത്താല്‍ സന്താനഭാഗ്യമുണ്ടായാല്‍ ചോറൂണിനു മുന്‍പുതന്നെ കുഞ്ഞിന്റെ നേര്‍ച്ച തൂക്കം നിര്‍വ്വഹിക്കുന്നു.നേര്‍ച്ചതൂക്കത്തിനായി വ്രതമെടുത്ത് ദേവിഭക്തന്മാര്‍ ആകുവാനും നേര്‍ച്ച വില്ലില്‍ തുങ്ങുവനും ഉള്ള അവകാശം ക്ഷേത്രകാര്യങ്ങളില്‍ വിശ്വാസമുള്ള എല്ലാ ഹിന്ദുമത വിശ്വാസികള്‍ക്കും ജാതി വര്‍ഗ ഭേദമന്യേ അനുവദിച്ചു പോരുന്നുണ്ട്

കളംകാവല്‍

പാച്ചല്ലൂരമ്മയുടെ മുടി എഴുന്നെള്ളത്തിനെയാണ് കളംകാവല്‍ എന്ന് വിശേഷിപ്പിച്ചു പോരുന്നത് കൊല്ല സമുദായത്തില്‍ പെട്ട ഇളയ വാത്തികളാണ് ദേവിയുടെ മുടി തോളില്‍ വച്ച് എഴുന്നെള്ളിയ്ക്കുന്നത് .അതോടെ വാത്തികള്‍ ദേവീ സ്വൊരൂപമായി മാറുന്നു .തുടര്‍ന്ന് മേളങ്ങളുടെ അകമ്പടിയോടെ ദേവിയുടെ കുടുംബ ക്ഷേത്രമായ വലിയ വിള തറവാട്ടിലേയ്ക്ക് എഴുന്നെള്ളിയ്ക്കുന്നു അതിനു ശേഷം തന്ത്ര വിധിപ്രകാരം മുടിയെ കുളിപ്പിയ്ക്കുന്നു .ശേഷം വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം ദേവി തന്റെ മൂത്ത ചേച്ചിയുടെ ക്ഷേത്രമായ ഇലങ്കം പാച്ചല്ലൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലേയ്ക്ക് എഴുന്നെള്ളുന്നു .അതിനു ശേഷം മുടി മൂത്ത വാത്തിയ്ക്ക് കൈമാറുന്നു ശേഷം പൂജകള്‍ക്ക് ശേഷം ശാന്ത സ്വൊരൂപിനിയായ ദേവിയുടെ മുടി തലയിലേറ്റി എഴുന്നെള്ളിയ്ക്കുന്നു ഈ ചടങ്ങിനെയാണ് കളംകാവല്‍ എന്ന് വിളിച്ചു പോരുന്നത് .ഈ സമയങ്ങളിലെല്ലാം ദേവിയുടെ ഇഷ്ട പുഷ്പമായ മഞ്ഞ ജമന്തി പൂവ് തുടര്‍ച്ചയായി അര്‍ച്ചന   നടത്തുന്നു .ശേഷം ഗുരുസി ചടങ്ങുകളോടെ ഉത്സവം സമാപിയ്ക്കുന്നു .

പൂജകള്‍
വൈകുന്നേരമാണ് ഇവിടെ നിത്യ പൂജ നടക്കുന്നത് .ചൊവ്വ വെള്ളി,ഞായര്‍ ദിവസങ്ങളില്‍ രണ്ടു നേരം പൂജയുണ്ട് .അന്ന് പൊങ്കാലയുമുണ്ടാകും.

പ്രധാന വഴിപാടുകള്‍

കടുംപായസമാണ് ഇവിടുത്തെ പ്രധാന വഴിപാടു .കുംഭ മാസത്തില്‍ നടത്തുന്ന നേരച്ചതൂക്കമാണ്. മറ്റൊരു പ്രധാന വഴിപാട്.

പ്രധാന വിശേഷദിനങ്ങള്‍

കുംഭ മാസത്തില്‍ പൂരം നാള്‍ നേര്‍ച്ചത്തൂക്കംവരുന്ന വിധത്തില്‍ ഒന്‍പതു ദിവസത്തെ ഉത്സവം അതിഗംഭീരമായി കൊണ്ടാടുന്നു .
ക്ഷേത്രത്തിലേയ്ക്കുള്ള വഴി –തിരുവനന്തപുരം കിഴക്കേക്കോട്ട സിറ്റി ബസ് സ്‌റ്റേഷനില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് ഇവിടെ നിന്നും ബസ് സൗകര്യം ലഭ്യമാണ് .
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍അടുത്ത റെയില്‍വേ സ്‌റ്റേഷനായ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് 10 കിലോമീറ്റര്‍ അകലമുണ്ട് .
അടുത്ത വിമാനത്താവളം –തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ ഇന്ന് 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .

ക്ഷേത്ര മേല്‍വിലാസം

പാച്ചല്ലൂര്‍ കുളത്തീങ്കര ഭഗവതി ക്ഷേത്രം പാച്ചല്ലൂര്‍.പി..ഓ ,തിരുവനന്തപുരം ജില്ല 695027 .
ഫോണ്‍:0471238 3866