മുതുവറ മഹാദേവ ക്ഷേത്രം
Muthavara,Thrissur.kerala See in Map
Description

 

തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ ഗുരുവായൂര്‍ -കുന്നംകുളം വഴിയില്‍ മുതുവറയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രമാണ് മുതുവറ മഹാദേവ ക്ഷേത്രം.പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവാലയങ്ങളിലൊന്നാണിത്

ഐതീഹ്യം

പരമശിവന്‍റെ ഭാര്യയായ സതീദേവിയുടെ അച്ഛന്‍ ദക്ഷന്‍ പ്രജാപതി  ഒരിക്കല്‍ ഒരു യാഗം നടത്താന്‍ തീരുമാനിച്ചു.പലരേയും യാഗത്തിന്‍ ക്ഷണിച്ചെങ്കിലും സതീദേവിയെയും പരമശിവനേയും മാത്രം ക്ഷണിച്ചില്ല. അച്ഛന്‍റെ യാഗത്തിന്‍ പോകണമെന്ന് സതീദേവി ശാഠ്യം പിടിച്ചു മനസ്സില്ലാമനസ്സോടെ യാഗത്തിന് ശിവന്‍ ഭൂതഗണങ്ങളുടെ കൂടെ സതീദേവിയെ പറഞ്ഞയച്ചു.പക്ഷേ ക്ഷണിക്കാതെ
യാഗത്തിനെത്തിയ സതീദേവിയെ ദക്ഷന്‍ അപമാനിച്ചു അതില്‍ അപമാനിതയായ സതീദേവി യാഗാഗ്നിയില്‍ ആത്മാഹൂതി ചെയ്തു  കൈലാസത്തിലിരുന്ന് ഇതെല്ലാം കണ്ട
ശിവന്‍ കോപത്താല്‍ വിറച്ചു സ്വയം ജടപറിച്ചു നിലത്തടിച്ച്  ശിവന്‍ വീരഭദ്രനെ സൃഷ്ടിച്ചു. ശിവന്‍റെ കല്പനപ്രകാരം വീരഭദ്രനും കൂട്ടരും ദക്ഷന്‍റെ ശിരസ്സറുത്തു.യാഗം മുടങ്ങുമെന്ന് ഭയന്ന ദേവന്മാരും
മുനിമാരും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ചേര്‍ന്ന് യാഗം പൂര്‍ത്തിയാക്കണമെന്ന് ശിവനോടപേക്ഷിച്ചു. ശിവന്‍ യാഗഭൂമിയില്‍ പ്രത്യക്ഷനായി ദക്ഷന്‍റെ കബന്ധത്തില്‍ ആടിന്‍റെ തലയറുത്തു ചേര്‍ത്തു വച്ച് യാഗം പൂര്‍ത്തിയാക്കിച്ചു.സതീ ദേവിയുടെ വിയോഗത്തെ തുടര്‍ന്ന് സംഹാര താന്ധവമാടുന്ന ശിവ സങ്കല്‍പ്പത്തിലാണ് പ്രതിഷ്ഠ

ക്ഷേത്രം

താരതമ്യേന ചെറിയ ക്ഷേത്രമാണിവിടെ ചെറിയ നാലമ്പലം.നടപ്പുര ചതുരാകൃതിയില്‍ തീര്‍ത്ത രണ്ടു ശ്രീകോവില്‍ ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കുനേരെ പണിതിരിയ്ക്കുന്ന കമനീയമായ രണ്ടു ഗോപുരങ്ങള്‍,രണ്ടു ശ്രീകോവിലുകളുടെയും മുന്നില്‍ രണ്ടു നമസ്കാര മന്ധപങ്ങള്‍,ശിവന്റെ കോവിലിനു നേരെ സ്ഥാപിച്ചിരിയ്ക്കുന്ന കെടാവിളക്ക്   എന്നിവയാണ് ക്ഷേത്ര കാഴ്ച .

പ്രതിഷ്ഠ

സതീ ദേവിയുടെ ദേഹവിയോഗത്തെതുടര്‍ന്ന് സംഹാര താന്ധവമാടുന്ന സങ്കല്‍പ്പത്തിലാണ് പരമശിവന്റെ പ്രതിഷ്ഠ.രണ്ടരയടിയോളം ഉയരമുള്ള ശിവലിംഗം പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.

മഹാവിഷ്ണു

മഹാവിഷ്ണുവാണ് മറ്റൊരു പ്രതിഷ്ഠ. ശംഖചക്രഗദാപത്മങ്ങൾ ധരിച്ച ചതുര്‍ബാഹുവായ മഹാവിഷ്ണുവിനെ പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.ഭക്തപ്രഹ്ലാദന്റെ പ്രാർത്ഥനകേട്ട് ശാന്തനായി നിൽക്കുന്ന നരസിംഹമൂർത്തിയുടെ സങ്കല്പത്തിലാണ് ഇവിടത്തെ വിഷ്ണുപ്രതിഷ്ഠ. ശിവന്റെ രൌദ്രതയ്ക്ക് ശമനം വരുത്തുവാനാണ് വിഷ്ണു പ്രതിഷ്ഠ നടത്തിയത്.

രണ്ടു പ്രതിഷ്ഠകള്‍ക്കും ഇവിടെ തുല്യ പ്രാധാന്യമാണ്

ഉപദേവ പ്രതിഷ്ഠകള്‍

നാലമ്പലത്തിനകത്ത് .തെക്ക് പടിഞ്ഞാറ് ഭാഗത്തായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്ന ഗണപതി മാത്രമാണ് ഇവിടെ ഉപദേവ പ്രതിഷ്ഠയായുള്ളത്‌

പൂജകള്‍

ദിവസേന മൂന്നു പൂജകള്‍ അനുവര്‍ത്തിച്ചു വരുന്നു.

ക്ഷേത്ര തന്ത്രം.

കീഴ്മനയൂര്‍ മനയ്ക്കാണ് ഇവിടെ ക്ഷേത്ര തന്ത്രാധികാരം.

പ്രധാന വിശേഷ ദിനങ്ങള്‍

ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന വിശേഷ ദിനം .ശിവരാത്രി ഇവിടെ അതി ഗംഭീരമായി കൊണ്ടാടുന്നു.

ക്ഷേത്ര ദര്‍ശന സമയം

രാവിലെ

5.00 am -12.00 pm

വൈകുന്നേരം

5.00 pm-8.00 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

തൃശ്ശൂർ നഗരത്തിൽ നിന്ന് ഗുരുവായൂർ, കുന്നംകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിൽ 6 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു.തൃശ്ശൂര്‍ ശക്തന്‍ ബസ്സ്‌ സ്റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ്സ്‌ സൗകര്യം ലഭ്യമാണ്.

അടുത്ത റെയില്‍വേ സ്റ്റേഷന്‍ -തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ -(6 km )

അടുത്ത വിമാനത്താവളം–കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (56 km )

ക്ഷേത്ര മേല്‍വിലാസം

മുതുവറ മഹാദേവ ക്ഷേത്രം,മുതുവറ,തൃശ്ശൂര്‍ ജില്ല –  680553