മലയാലപ്പുഴ ദേവീ ക്ഷേത്രം
Pathanamthitta District, Kerala See in Map
Description

പത്തനംതിട്ടയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ പത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ മലയാലപ്പുഴ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ലോക  പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ നിന്നും കിഴക്കോട്ട് അഞ്ചു കി.മീ.
മാറിയാണ്  മലയാലപ്പുഴ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു മല ദൈവങ്ങളുടെ മദ്ധ്യത്തിലാണ് ദേവി കുടികൊള്ളുന്നത്.ആയിരത്തിലധികം  വര്‍ഷത്തെ പഴക്കം  ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം . അഭിഷ്ടസിദ്ധിക്കും തൊഴിൽപരമായ ഉയര്‍ച്ചയ്ക്കും  ശക്തി സ്വരൂപിണിയായി മലയാലപ്പുഴയമ്മ മലയാളക്കരയിൽ സർവ്വൈശ്വര്യങ്ങളും ചൊരിഞ്ഞുകൊണ്ടു വാണരുളുന്നു.ഉന്നതിക്കും, മംഗല്യസിദ്ധിക്കും, സന്താനസൗഭാഗ്യത്തിനും എല്ലാം ദേവി അഭീഷ്ടവരദായിനിയായി കുടികൊള്ളുന്നു. നാനാജാതിമതസ്തരും ഒരുപോലെ നേർച്ച അർപ്പിച്ച് ദേവിയുടെ അനുഗ്രഹം നേടുന്നു.

ഐതീഹ്യം
ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാര്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്തി ഭജനയിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ദേവീവിഗ്രഹം. ദീര്‍ഘ കാലത്തെ ഭജനയ്ക്കു ശേഷം ‘നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തില്‍ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും’ എന്ന് അവര്‍ക്കു ദേവിയുടെ അരുള്‍പ്പാട് ഉണ്ടായി. അവര്‍ ക്ഷേത്ര ദര്‍ശനവും തീര്‍ത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോള്‍ ദേവി അവള്‍ക്കു ദര്‍ശനം നല്‍കി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേശിച്ചത്ര. ദേവീ വിഗ്രഹവുമായി നമ്പൂതിരിമാര്‍ മലയാലപ്പുഴയില്‍ എത്തി പ്രതിഷ്ഠ നടത്തി.
ചരിത്രം

ആയിരത്തിലധികം വര്ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിന്റെ ബലിക്കല്ലില്‍
കൊല്ലവര്ഷം 90 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ദീര്ഘകാലം പന്തളം രാജാക്കന്മാരുടെ അധീനതയിലായിരുന്നു മലയാലപ്പുഴ കാലാന്തരത്തില് എളങ്ങല്ലൂര് (ഇടപ്പള്ളി) സ്വരൂപത്തിന്റെ ദേശങ്ങളിലൊന്നായി മാറി.

പ്രതിഷ്ഠ
ദാരിക നിഗ്രഹത്തിന് ശേഷം കോപത്താല്‍ ജ്വലിച്ച് ഉഗ്രരൂപ പൂണ്ടിരിക്കുന്ന ഭദ്രകാളിയാണ് മലയാലപ്പുഴയിലേത്. പ്രധാന വിഗ്രഹം അഞ്ചര അടി ഉയരമുള്ളതാണ്. കടു ശര്‍ക്കര യോഗത്തില്‍ തീര്‍ത്തിരിക്കുന്ന വിഗ്രഹമാണിത്. ദിവസേനയുള്ള അഭിഷേകത്തിനായും, ശ്രീബലിയ്ക്കായും മറ്റു രണ്ടു വിഗ്രഹങ്ങള്‍ക്കൂടി ശ്രീകോവിലില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.

ഉപദേവതകള്‍

നാലമ്പലത്തിനു ഉള്ളില്‍ തന്നെ ശിവന്‍,ശാസ്താവ്,ഗണപതി,വീരഭദ്രന്‍ തുടങ്ങിയ പ്രതിഷ്ഠകളും നാലമ്പലത്തിനു വെളിയിലായി ബ്രഹ്മ രക്ഷസ്സ് ,മുഹൂര്‍ത്തി,നാഗദേവതകള്‍,സ്വയംഭൂ ശിവലിംഗം,യക്ഷിയമ്മ ക്ഷേത്ര മതിലിനു വെളിയിലായി മലനടയപ്പൂപ്പന്‍ എന്നിവയാണിവിടുത്തെ പ്രധാന ഉപദേവ പ്രതിഷ്ഠകള്‍.

പ്രത്യേകതകള്‍
ഭക്തവത്സലയും  അഷ്ടഐശ്വര്യ പ്രദായിനിയുമാണു മലയാലപ്പുഴയമ്മ. പുഴയൊഴുകുന്ന മലകള്‍ കാക്കുന്ന മണ്ണിന്റെ മധ്യത്തിലാണ് ദേവിയുടെ ഇരിപ്പിടം. മനവും തനുവും ഏകാഗ്രമാക്കിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് അനുഗ്രഹ വര്‍ഷത്തിന്റെ പുണ്യം ചൊരിയുന്ന ക്ഷേത്രം. എണ്ണമറ്റ ഭക്തരുടെ അഭയസ്ഥാനമാണ് ഇവിടം. ശ്രീകോവിലിലെ ദേവീചൈതന്യം എല്ലാവര്‍ക്കും അമ്മയാണ്. ദുരിതപര്‍വത്തിന്റെയും പുണ്യപാപങ്ങളുടെയും ചുമടുകള്‍ ഭക്തര്‍ ഇറക്കിവെയ്ക്കുന്നത് ദേവിയുടെ തിരുനടയില്‍. ദേവീരൂപം ദര്‍ശിച്ച് അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി ഭക്തര്‍ മടങ്ങുന്നത് മന:ശാന്തിയുടെ പുണ്യവുമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മഹാ ക്ഷേത്രത്തിന്റെ അടിത്തറ ഭക്തരുടെ വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. അപൂര്‍വ ചൈതന്യത്തിന്റെ കേദാരമായ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു ഐതിഹ്യത്തിന്റെ പിന്‍ബലമുണ്ട്.
ഉല്‍സവത്തിന് ദേവിയുടെ ചമയവിളക്കെടുക്കാന്‍ വ്രതാനുഷ്ഠാനത്തോടെ ധാരാളം സ്ത്രീകള്‍ എത്തുന്നു. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വിത്യസ്തമായി പ്രായമേറിയ സ്ത്രീകളാണ് ഇവിടെ ചമയവിളക്ക് എടുക്കുന്നത്.ദേവിയുടെ ശ്രീഭൂതബലി.ഉല്‍സവബലി, ജീവത എഴുന്നെളളിപ്പ് എന്നിവക്ക് അകമ്പടിയായി ഭക്തര്‍ ചമയവിളക്ക് എടുക്കുന്നു. അവര്‍ക്ക് മലയാലപ്പുഴയമ്മ കണ്ണുനീര്‍ തുടയ്ക്കുന്ന തൂവലാകുന്നു. നൊമ്പരങ്ങള്‍ ഏറ്റുവാങ്ങുന്ന ആശ്വാസ തുരുത്തായി മാറുന്നു.

നിത്യവും പൂക്കുന്ന കണിക്കൊന്ന 

മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ ഒരു വിസ്മയ കാഴ്ചയാണ്  മതില്‍കെട്ടിനുള്ളില്‍ സ്വയംഭൂ ശിവലിംഗത്തിന് സമീപമായി നിത്യവും പൂക്കുന്ന കണിക്കൊന്ന .ഇതേ പ്രതിഭാസമുള്ള  മറ്റൊരു ക്ഷേത്രം കൊടുങ്ങല്ലൂരിനു സമീപമുള്ള തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ മാത്രമാണ്

പ്രധാന വഴിപാടുകള്‍

രക്തപുഷ്പാഞ്ജലി കോഴി വഴിപാട് ,മഞ്ചാടി വഴിപാട് ചുറ്റുവിളക്ക് ,പട്ടുടയാട ചാര്‍ത്തല്‍ ,നിത്യപൂജ,തൂണിയരി ,മുഴുക്കാപ്പ് ,മൃത്യുഞ്ജയ പൂജ, സഹസ്രനാമം മുഹൂര്‍ത്തിയ്ക്ക് നാളീകേരം മലനടയില്‍ വെറ്റില,പാക്ക് കരിക്ക് എന്നിവ സമര്‍പ്പിയ്ക്കല്‍ തുടങ്ങിയവയാണിവിടുത്തെ പ്രധാന വഴിപാടുകള്‍
ഉത്സവം
കുംഭ മാസത്തിലെ തിരുവാതിരയില്‍ തുടങ്ങി 11ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാലം .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ് ക്ഷേത്ര ഭരണം .ഇവിടെയാണ് കേരളത്തിലാദ്യമായി ശതകോടി അര്‍ച്ചന മഹാമഹം നടത്തിയത്.

മകര പൊങ്കാല

മകര സംക്രമത്തിന്റെ അന്ന് (മകരം 1 ) ഭക്ത ജനങ്ങള്‍ അഭീഷ്ട സിദ്ധിയ്ക്കായി വൃതനിഷ്ഠയോടെ ദേവിയ്ക്ക് പൊങ്കാല അര്‍പ്പിയ്ക്കുന്നു.

തോമ്പില്‍ കൊട്ടാരം

മലയാലപ്പുഴ ക്ഷേത്രത്തിന്റെ മൂല സ്ഥാനമായ തോമ്പില്‍ കൊട്ടാരത്തിനും ഇവിടെ വളരെ പ്രാധാന്യമുണ്ട്.ജീര്‍ണ്ണാവസ്ഥയിലായിരുന്ന പഴയ കൊട്ടാരം അടുത്ത കാലത്ത് പ്രൌഡിയോടെ അടുത്ത കാലത്തായി പുന:നിര്‍മ്മിച്ച്‌ ആരാധന നടത്തിവരുന്നു.ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒരുകിലോമീറ്റര്‍ അകലെയാണ് തോമ്പില്‍ കൊട്ടാരം.

ദര്‍ശന സമയം

രാവിലെ : 4 .00 am -1. 00 pm,

വൈകുന്നേരം : 5.00  pm- 8.00 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

പത്തനംതിട്ട പുനലൂര്‍ പാതയില്‍ കുമ്പഴയില്‍ നിന്നും 6 കിലോമീറ്റര്‍ അകലം ക്ഷേത്രത്തി         ലേയ്ക്കുണ്ട്.പത്തനംതിട്ടയില്‍ നിന്നും നിശ്ചിത സമയങ്ങളില്‍ ക്ഷേത്രത്തിലേയ്ക്ക് പ്രത്യേക ബസ്സ്‌ സര്‍വീസ് ഉണ്ട് .

അടുത്ത റെയില്‍വേ സ്റ്റേഷന്‍ -ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ (34 km)

തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ (35 km)

അടുത്ത വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (138 Km)

അടുത്ത വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (138 Km)

ക്ഷേത്ര മേല്‍വിലാസം

മലയാലപ്പുഴ ദേവീ ക്ഷേത്രം ,കുമ്പഴ മലയാലപ്പുഴ റോഡ്‌ ,മലയാലപ്പുഴ , പത്തനംതിട്ട ജില്ല – 689666

ഫോണ്‍ :0468 2300260, +91 468 2300260