കൂടല്‍ മാണിക്യം ഭരത ക്ഷേത്രം
Thrissur,Kerala See in Map
Description

തൃശ്ശൂര്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും 21 കിലോമീറ്റര്‍ അകലെ ഇരിങ്ങാലക്കുടയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രമാണ് കൂടല്‍ മാണിക്യം ക്ഷേത്രം.

ഐതീഹ്യം

ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും (ശ്രീരാമക്ഷേത്രം,തൃപ്രയാർ), കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും   (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു പ്രതിഷ്ഠ നടത്തിയെന്നാണ് ഐതീഹ്യം.

ചരിത്രം

ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കുറെകാലം ഈ ക്ഷേത്രം ജൈനമതാരാധനാലയമായി തീർന്നു. ജൈനമത തീർത്ഥങ്കരനായ ഭരതേശ്വരന്റെ പേരിലുള്ള ആരാധാനാലയമായി ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നുണ്ട്. കാലക്രമേണ ജൈനമത കേന്ദ്രങ്ങൾ പലതും ഹൈന്ദവ ആരാധനാലയങ്ങളായി മാറിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഒൻപതും പത്തും ശതകങ്ങളിൽ അനേക ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഏഴാം ശതകത്തിൽ അന്നത്തെ ചക്രവർത്തി സ്ഥാപിച്ചതാണ് കൂടൽമാണിക്യക്ഷേത്രം. ആയിരത്തിഒരുനൂറ് കൊല്ലത്തിനു മുമ്പ് കൊല്ലവർഷം 30 ൽ ചേരമാൻപെരുമാൾ ഭൂദാനം ചെയ്ത ശിലാരേഖ ഇന്നു ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ടിപ്പുവിന്റെക പടയോട്ടക്കാലത്ത് ക്ഷേത്രം അഗ്നിക്കിരയായി. അതിനുശേഷം വീണ്ടും നിര്‍മ്മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം.

പ്രത്യേകതകള്‍

സാധാരണ മറ്റ് ക്ഷേത്രങ്ങളില്‍ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകള്‍ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളില്‍ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല. ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തില്‍ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങള്‍ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തില്‍ വളരുന്നില്ല. ക്ഷേത്രത്തിലെ തീര്‍ത്ഥത്തില്‍ മത്സ്യങ്ങള്‍ ഒഴികെ മറ്റ് ജലജന്തുക്കള്‍ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി,കര്‍പ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല.
വഴിപാടുകള്‍

ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപായസവും പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനേദ്യവും, ഉദരരോഗത്തിന് വഴുതന നേദ്യവും, അംഗുലിയാംഗം കൂത്തും വഴിപാടുകള്‍. കൂത്തിനവകാശം അമയന്നൂരിനാണ്. ഇടവത്തില്‍ ഉത്രാടം മുതല്‍ 40 ദിവസമാണ് കൂത്ത്. 28   ദിവസം പ്രബന്ധവും 12 ദിവസം അംഗുലീയാംഗവും. മൂലക്കുരുവിനും, അര്‍ശ്ശസ്സിനും ഇവിടെ നെയ്യാടി സേവകഴിക്കും.മഴ പെയ്യാനും പെയ്യാതിരിക്കാനും താമരമാല വഴിപാടും. തൃപ്പുത്തരിക്കു പിറ്റെ ദിവസം കൂട്ടഞ്ചേരി മൂസ്സ് കൊണ്ടുവരുന്ന മുക്കുടിനേദ്യമുണ്ട് ക്ഷേത്രത്തില്‍. ഇതു പ്രസിദ്ധമായ ഒരു മരുന്നാണ്. മുക്കുടിക്ക് വലിയ തിരക്കുണ്ടാവും .

തീര്‍ത്ഥക്കുളം

ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങള്‍ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീര്‍ത്ഥം കുലീപിനി മഹര്‍ഷി ഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീര്‍ത്ഥം എന്ന് അറിയപ്പെടുന്നു. ആറാട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങള്‍ക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീര്‍ത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തില്‍ പ്രദക്ഷിണം പൂര്‍ണ്ണമാകണമെങ്കില്‍ തീര്‍ത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടന്‍ കുളം എന്ന് അറിയപ്പെടുന്നു.

ക്ഷേത്ര തന്ത്രം

ആറു തന്ത്രിമാരുള്ള കേരളത്തിലെ ഏക ക്ഷേത്രമാണിത്. കുറുമ്പ്രനാട്ടില്‍നിന്നും വന്ന പുത്തിരില്ലത്തിന് കാരാണ്മയാണ് മേല്‍ശാന്തിസ്ഥാനം. പുറപ്പെടാശാന്തിയാണ് ഇവിടെ പൂജ ചെയ്യുന്നത്.

ഉത്സവങ്ങള്‍

മേടമാസത്തില്‍ ഉത്രം നാളില്‍ കൊടികയറി,തിരുവോണം നാളില്‍ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം.തൃശ്ശൂര്‍ പൂരത്തിന്റെ പിറ്റേ ദിവസമാണ് ഇവിടെ ഉത്സവം തുടങ്ങുക.

ക്ഷേത്ര ദര്‍ശന സമയം

രാവിലെ
 

നടതുറക്കല്‍ –                              – 03.00 am

എതൃത്ത് പൂജ                             – 08.15 am

ഉച്ച പൂജ ,നടയടയ്ക്കല്‍             – 11.30 am

വൈകുന്നേരം

നടതുറക്കല്‍               –                   –  05.00 pm

അത്താഴ പൂജ ,നടയടയ്ക്കല്‍  –     08 .15 pm                                                             

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

തൃശ്ശൂര്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും 21 കിലോമീറ്റര്‍ അകലെ ഇരിങ്ങാലക്കുടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ -ഇരിഞ്ഞാലക്കുട 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ തൃശ്ശൂര്‍ 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

അടുത്ത വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 40 കിലോമീറ്റര്‍ അകലെസ്ഥിതി ചെയ്യുന്നു.
ക്ഷേത്ര മേല്‍വിലാസം: കാര്യദര്‍ശി,കൂടല്‍ മാണിക്യം ദേവസ്വം,ഇരിഞ്ഞാലക്കുട,തൃശ്ശൂര്‍ ജില്ല-680121
ഫോണ്‍: 0480-2826631 (Office)
0480-2822631 (Temple)