കടയ്ക്കല്‍ ദേവീ ക്ഷേത്രം
kollam district,kerala See in Map
Description

കൊല്ലം ജില്ലയിലെ കടയ്ക്കല്‍  പഞ്ചായത്തില്‍ ആല്‍ത്തറമൂട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന കേരളത്തിലെ അതിപുരാതനമായ  ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കല്‍ ദേവിക്ഷേത്രത്തിലെ മൂര്‍ത്തി അറിയപ്പെടുന്നത്. ദേവിയുടെ തൃപ്പാദം (കടയ്ക്കല്‍) എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കല്‍ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാ ജാതി മതസ്ഥരെയും ആകര്‍ഷിക്കുന്ന പ്രശസ്തമായ കടയ്ക്കല്‍ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വര്‍ഷവും കുംഭമാസത്തില്‍ ആഘോഷിക്കുന്നത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത
ഐതിഹ്യം

പാണ്ടി നാട്ടില്‍ നിന്നും രണ്ട് സ്ത്രീകള്‍ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താന്‍ കുടിയ്ക്കാന്‍ ഇളനീര്‍ നല്‍കുകയും വിശ്രമിക്കാന്‍ തണലിനായി പാലകൊമ്പ് വയല്‍ വരമ്പില്‍ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാന് ഒഴിഞ്ഞ് കിടന്നൊരു വീടും ഏര്‍പ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താന്‍ വന്ന് ന്നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടന്‍ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നില്‍ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയില്‍ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്ക്കല്‍ എത്തുകയും അവിടേ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റില്‍ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരില്‍ അറിയപ്പെട്ടു. കടയ്ക്കല്‍ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. സ്വയംഭൂവായ കടയ്ക്കല്‍ ദേവിയുടെ ദര്‍ശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കല്‍ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയില്‍ ക്ഷേത്രം എന്നിവ കടയ്ക്കല്‍ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു. കടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരികള്‍ ബ്രാഹ്മണരല്ല. നെട്ടൂര്‍ കുറുപ്പന്മാരാണ് പൂജകള്‍ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തില്‍ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാധിച്ചു വരുന്നത്.പന്ത്രണ്ടു വര്‍ത്തിലൊരിക്കല്‍ കടയ്ക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ച് കടയാറ്റു കളരി ക്ഷേത്രസന്നിധിയില്‍ എത്തിക്കുന്ന ഉത്സവമാണ് ‘മുടിയെഴുന്നള്ളത്ത്’. ജ്യേഷ്ഠത്തി കടയ്ക്കല്‍ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം. രാജഭരണകാലത്തും മുടിയെഴുന്നള്ളത്ത് നടന്നിട്ടുണ്ട്. അഞ്ചല്‍ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളില്‍ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു.
പ്രതിഷ്ഠ

വിഗ്രഹ പ്രതിഷ്ഠയില്ല.

പ്രത്യേകതകള്‍

അബ്രഹ്മണരാണ് പൂജാരികള്‍ എന്നതും കടയ്ക്കല്‍ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയില്‍ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂര്‍ കുറുപ്പിന്റെ പിന്‍തലമുറക്കാരാണ് ശാന്തിക്കാര്‍.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലര്‍, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കള്‍. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.
ഉത്സവം
തിരുമുടിയെഴുന്നെള്ളത്ത്
പന്ത്രണ്ടു വര്‍ഷത്തിലൊരിയ്ക്കല്‍ കൊണ്ടാടുന്ന തിരുമുടിയെഴുന്നെള്ളത്ത് പ്രസിദ്ധം .കടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷമാണ് കടയ്ക്കല്‍ ഭഗവതി മുടിയെഴുന്നള്ളത്ത്. അഞ്ചല്‍ ആറുകരക്കാരും കടയ്ക്കല്‍ പ്രദേശത്തുകാരും ചേര്‍ന്നാണ് മുടിയെഴുന്നള്ളത്ത് നടത്തുന്നത്
കടയ്ക്കല്‍ തിരുവാതിര
കുംഭമാസത്തിലെ തിരുവാതിര കടയ്ക്കല്‍ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ!ണ്ടു നില്‍ക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്ത്രീക്കള്‍ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കല്‍ പീടിക ക്ഷേത്രത്തിന് മുന്നില്‍ പ്രകൃതി ദത്ത നിറങ്ങള്‍ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തില്‍പെടുന്നു.
എടുപ്പ് കുതിരകള്‍

ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകള്‍. ശില്പസുന്ദരമായ എടുപ്പു കുതിരകള്‍ക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടന്‍ കലാരൂപങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതല്‍ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റന്‍ കുതിരകളെ തോളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാര്‍ തോളില്‍ ചുമന്നാണ്.
പൂജാക്രമം

രാവിലെ
4:30 പള്ളിയുണര്‍ത്തല്‍
5.00 നിര്‍മ്മാല്യ ദര്ശനം
5.35 അഭിഷേകം
5.45 ഗണപതി ഹോമം
6.05 ദീപാരാധന
6.30 ഉഷ:പൂജ
7.05 ദീപാരാധന
7.15 ഉഷ:ശ്രീബലി
8.00 കളഭാഭിഷേകം
10.00 ദീപാരാധന
ഉച്ച പൂജ
11.00 ഉച്ച പൂജ
11.30 ഉച്ച ശ്രീബലി
12.00 നടയടപ്പ്
വൈകുന്നേരം

5.00 നടതുറപ്പ്
6.45 ദീപാരാധന
7.15 സേവ
7.30 അത്താഴ പൂജ
8.00 ദീപാരാധന
8.25 നടയടപ്പ്
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
തിരുവനന്തപുരത്ത് നിന്നും വരുമ്പോള്‍ എം.സി റോഡില്‍നിലമേല്‍ നിന്നും 6 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ക്ഷേത്രത്തിലെ എത്തിച്ചേരാം അഞ്ചല്‍ ഭാഗത്ത്‌ നിന്നും വരുന്നവര്‍ അഞ്ചല്‍ നിന്നും 14 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം.
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ – കൊല്ലം റെയില്‍വേ സ്റ്റേഷന്‍( 40 km)

അടുത്ത വിമാനത്താവളം-തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ( 50 km )

ക്ഷേത്ര മേല്‍വിലാസം

കടയ്ക്കല്‍ ദേവീ ക്ഷേത്രം ,ആല്‍ത്തറമൂട് ,കടയ്ക്കല്‍,കൊല്ലം ജില്ല- 691536

ഫോണ്‍: 094473 88349