ഗുരുവായൂര്‍ ശ്രീ കൃഷ്‌ണ ക്ഷേത്രം
Thrissur District, of Kerala See in Map
Description

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്‌ ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്‌. മഹാവിഷ്‌ണു ഗുരുവായൂരപ്പനായി പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ മഹാവിഷ്‌ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്‌ണനാണ്‌ പ്രതിഷ്‌ഠ.

ക്ഷേത്ര ചരിത്രം

ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ അയ്യായിരം വര്‍ഷം എങ്കിലും പഴക്കം ഉണ്ട്‌ എന്നു വിശ്വസിക്കുന്നു. ഉത്തമ സന്തതിക്കു വേണ്ടി തന്നെ തപസ്സു ചെയ്‌ത്‌ പ്രസാദിപ്പിച്ച സുതപസ്സ്‌ എന്ന പ്രജാപതിക്കും പത്‌നി പ്രശ്‌നിക്കും ബ്രഹ്മാവ്‌ ഒരു മഹാവിഷ്‌ണു വിഗ്രഹം നല്‍കുന്നു. ഈ വിഗ്രഹത്തെ ഭക്തിയോടെ പൂജിച്ചതിന്റെ ഫലമായി ഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു . ഭഗവാനു തുല്യനായ പുത്രനുണ്ടാകണമെന്ന അഭ്യര്‍ത്ഥനയ്‌ക്ക്‌ താന്‍ തന്നെ പുത്രനായി വരാമെന്ന്‌ വിഷ്‌ണു വാഗ്‌ദാനം ചെയ്യുന്നു . മൂന്നു ജന്മം വിവിധ ഭാവങ്ങളിള്‍ അവരുടെ പുത്രനായി ജനിക്കാമെന്നാണ്‌ ഭഗവാന്‍ വരം കൊടുത്തത്‌ .ഒപ്പം ബ്രഹ്മാവിന്റെ പക്കല്‍ നിന്ന്‌ ലഭിച്ച വിഗ്രഹം ഈ മൂന്നു ജന്മങ്ങളിലും പൂജിക്കാനുള്ള അവസരമുണ്ടാകട്ടെ എന്ന ആശീര്‍വാദവും ദമ്പതികള്‍ക്കു നല്‍കി.

ഐതീഹ്യം‍

സനകാദി മുനികള്‍ക്ക്‌ ബ്രഹ്മതത്വം ഉപദേശിച്ച പ്രശ്‌നിഗര്‍ഭനാണ്‌ ആദ്യജന്മത്തിലുണ്ടായ പുത്രന്‍ . രണ്ടാം ജന്മത്തില്‍ കശ്യപനും അദിതിയുമായി വന്ന ദമ്പതികള്‍ക്ക്‌ വാമനന്‍ എന്ന പേരില്‍ മഹാവിഷ്‌ണു അവതരിച്ചു .മൂന്നാമത്തെ ജന്മത്തില്‍ അവര്‍ വാസുദേവ ദേവകിമാരായപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്‌ണനെന്ന പേരില്‍ പുത്രനായി അവതരിച്ചു മുന്‍ ജന്മങ്ങളില്‍ പൂജിച്ചുപാസിച്ചിരുന്ന വിഗ്രഹം അവര്‍ക്ക്‌ കൊടുത്തത്‌ .ധൌമ്യ മഹര്‍ഷിയാണ്‌. അനന്തരം ദ്വാരകയില്‍ സ്ഥാപിച്ച ഈ വിഗ്രഹത്തെ ദ്വാരക സമുദ്രത്തിലാണ്ട ശേഷം അവിടെ നിന്നും കണ്ടെടുത്തത്‌ ദേവഗുരുവായ ബൃഹസ്‌പതിയും വായുവും കൂടിയാണ്‌ .ഈ മഹനീയ വിഗ്രഹം പ്രതിഷ്ടിക്കാന്‍ ഭൂമണ്ഡലമാകെ ചുറ്റിനടന്ന ഗുരുവും വായുവും ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശാനുസരണം വിഗ്രഹം പ്രതിഷ്ടിച്ച സ്ഥലമാണ്‌ ഗുരുവായൂര്‍ എന്ന്‌ പില്‍ക്കാലത്ത്‌ അറിയപ്പെട്ടത്‌ .

പ്രതിഷ്‌ഠ‍‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്‌ഠ ശ്രീകൃഷ്‌ണസങ്കല്‌പത്തില്‍ പൂജിക്കപ്പെടുന്ന ചതുര്‍ബാഹുവും ശംഖചക്രഗദാപദ്‌മധാരിയുമായ മഹാവിഷ്‌ണുഭഗവാനാണ്‌. പാതാളാഞ്‌ജനം എന്ന അത്യപൂര്‍വ്വവും വിശിഷ്ടവുമായ ശിലയില്‍ തീര്‍ത്തതാണ്‌ ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന്‌ ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്‌ണാവതാരസമയത്ത്‌ വസുദേവന്‍ക്കും ദേവകിക്കും കാരാഗൃഹത്തിവച്ച്‌ ദര്‍ശനം നല്‍കിയ മഹാവിഷ്‌ണുവിന്റെ രൂപമാണ്‌ വിഗ്രഹത്തിനുള്ളതെന്ന്‌ വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട്‌ ദര്‍ശനമായി നില്‍ക്കുന്ന രൂപത്തിലാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ.

ശ്രീകോവില്‍‍

ലക്ഷണമൊത്ത ചതുരാകൃതിയിലുള്ളതാണ്‌ ഇവിടത്തെ ശ്രീകോവില്‍. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ മേല്‍ക്കൂര ചെമ്പുമേഞ്ഞ്‌ സ്വര്‍ണ്ണം പൂശിയതാണ്‌. വടക്കുഭാഗത്ത്‌ അഭിഷേകജലം ഒഴുകുന്ന ഓവ്‌ സ്ഥിതിചെയ്യുന്നു. അകത്ത്‌ മൂന്നുമുറികളുണ്ട്‌. അവയില്‍ പടിഞ്ഞാറേ അറ്റത്താണ്‌ വിഗ്രഹം പ്രതിഷ്‌ഠിച്ച ഗര്‍ഭഗൃഹം.

ഉദയാസ്‌തമന പൂജ

കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലും നിലവിലുള്ള ഒരു വഴിപാടാണിത്‌. എന്നാല്‍ ഗുരുവായൂരിലെ ഉദയാസ്‌തമനപൂജയ്‌ക്ക്‌ ധാരാളം പ്രത്യേകതകളുണ്ട്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദയാസ്‌തമനപൂജവഴിപാട്‌ നടത്തുന്നത്‌ ഗുരുവായൂരിലാണ്‌. അതിനാല്‍ പല അവസരത്തിലും ബുക്കിങ്ങ്‌ ഇല്ലാതെ വന്നിട്ടുണ്ട്‌. 5,000 രൂപയില്‍ കുറയാതെ തുക വരും. 18 പൂജകളാണ്‌ ഉദയാസ്‌തമനപൂജ നടക്കുന്ന ദിവസം ഗുരുവായൂരിലുണ്ടാകാറുള്ളത്‌. ഉദയാസ്‌തമനപൂജദിവസം നടയടയ്‌ക്കുമ്പോ? രാത്രി ഏകദേശം 12 മണിയാകും.

ഉത്സവം

ഗുരുവായൂര്‍ ഉത്സവം പത്ത്‌ ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ്‌ കൊടിയേറുന്നത്‌. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകള്‍ നടത്തപ്പെടുന്നു.

ഏകാദശി

വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്‌ഠാ ദിനാചരണം നടത്തുന്നത്‌.കൂടാതെ, ഭഗവാന്‍ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച്‌ അര്‍ജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്‌. അതിനാല്‍ ഈ ദിവസം ഗീതാദിനമായും ആഘോഷിക്കുന്നു ഏകാദശി ദിനത്തില്‍ ഭഗവാനെ ദര്‍ശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരില്‍ ഭക്തലക്ഷങ്ങളാണ്‌ എത്തുക. ഏകാദശി ദിവസം ഭക്തര്‍ക്ക്‌ അരിഭക്ഷണമില്ല; എന്നാല്‍ ഭഗവാന്‌ സധാരണ പോലെയാണ ക്ഷേത്രം തുറക്കുന്ന സമയം …..പുലര്‍ച്ചെ 3.00 മണി

3.00am to 3.30am നിര്‍മ്മാല്യം
3.20am to 3.30am എണ്ണുയഭിഷേകം,വാക ചാര്‍ത്ത്‌,ശംഖാഭിഷേകം
3.30am to 4.15am മലര്‍ നിവേദ്യം ,അലങ്കാരം
4.15am to 4.30am ഉഷ നിവേദ്യം
4.30am to 6.15am എതൃത്ത്‌ പൂജയും തുടര്‍ന്ന്‌ ഉഷപൂജയും
7.15am to 9.00am ശീവേലി ,പാലഭിഷേകം പന്തീരടി നിവേദ്യവും പൂജയും
11.30am to 12.30pm ഉച്ച പൂജ
ഉച്ചയ്‌ക്ക്‌ 1.30 ക്ഷേത്രം അടയ്‌ക്കുന്നു ശേഷം നടതുറപ്പ്‌ വൈകുന്നേരം 4.30

ക്ഷേത്രത്തില്‍ എങ്ങനെ എത്തിച്ചേരാം

ഗുരുവായൂര്‍ ബസ്‌ സ്‌റേഷന്നില്‍ നിന്നും ക്ഷേത്രത്തിലേയ്‌ക്ക്‌ ബസ്‌ സൗകര്യം ലഭ്യമാണ്‌ അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. ഗുരുവായൂര്‍ അടുത്ത വിമാനത്താവളം , കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം

വിലാസം

ഗുരുവായൂര്‍ ദേവസ്വം
ഗുരുവായൂര്‍ , കേരളം ,680101, ഇന്ത്യ
ഫോണ്‍ +91 487 255 6335

19
Nov
ഗുരുവായൂര്‍ ഏകാദശി

ഗുരുവായൂര്‍ ഏകാദശി

ഗുരുവായൂരില്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ പ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഉല്‍പ്പന്ന ഏകാദശി നാളിലായിരുന്നു.ഇതാണ് പിന്നീട് ഗുരുവായൂര്‍ എകാദശി എന്ന് പ്രസിദ്ധമായത്എന്നാണ് ഒരു വിശ്വാസം. ഗുരുവും വായുവും ചേര്‍ന്ന്‌ ഗുരുവായൂരില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനം ആണ്.ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന്‌ ഗീതോപദേശം നടത്തിയ ദിവസമായതിനാല്‍ ഗീതാദിനം കൂടിയാണിത്‌.

ഗുരുവായൂര്‍ ഏകാദശി മാഹാത്മ്യം

ഏകാദശിവ്രതങ്ങളില്‍ മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാന ഏകാദശിയ്ക്കാണ്. ഇത് ഗുരുവായൂര്‍ ഏകാദശിയെന്ന പേരില്‍ വളരെ പ്രസിദ്ധവുമാണ്.ഭഗവാന്‍ ശ്രീനാരായണന്‍ നിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിക്കുമെന്ന് സ്കന്ദപുരാണം വ്യക്തമാക്കുന്നു.

സാക്ഷാല്‍ വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഈ ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ക്കെഴുന്നള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂര്‍ ഏകാദശിയില്‍ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയില്‍ ഗുരുവായൂര്‍ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി നേടി. ആയിരം അശ്വമേധ യാഗങ്ങള്‍ക്കും നൂറുകണക്കിനു വാജപേയ യാഗങ്ങള്‍ക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓര്‍മ്മിപ്പിക്കുന്നു.

ഏകാദശിക്ക് ഇത്രമാത്രം പ്രാധാന്യം കൈവന്നതിന് പിന്നിലുമുണ്ട് ഒരു ഐതിഹ്യം. കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച്‌ കൈയ്യടക്കിയ മുരാസുരനെ തോല്‍പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു. യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്വിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന മഹാവിഷ്ണുവിനെ നമസ്കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണ് നീയെന്ന് ഭഗവാന്‍ ചോദിച്ചു. ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച്‌ പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും അവര്‍ വിഷ്ണുലോകം പുല്‍കണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു ഏകാദശിയെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങളും ഒടുവില്‍ പരമസായുജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.

ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തില്‍ അനന്തശായിയായി പള്ളികൊള്ളുന്ന ഭഗവാന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്. അര്‍ജ്ജുനന് ഭഗവാന്‍ ഭഗവദ്ഗീത ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.

ദേവേന്ദ്രന്‍ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെ വന്ദിച്ചതും സുരഭി പാല്‍ ചുരത്തി ഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം. അദ്വൈതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങള്‍ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുക്ലപക്ഷ ഏകാദശി ദിനത്തിലായിരുന്നുവത്രെ.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ക്കണ്ട് അനുഗ്രഹിക്കുവാന്‍ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്. ഭക്തോത്തമന്മാരായ മേല്പുത്തൂര്‍ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികള്‍, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികള്‍, കുറൂരമ്മ തുടങ്ങിയവര്‍ക്കെല്ലാം ഭഗവദ്ദര്‍ശനം ലഭിച്ചതും, ഗുരുവായൂരിലെ സമസ്ത ചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്. ചെമ്ബൈ വൈദ്യനാഥ ഭാഗവതര്‍ക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകള്‍ക്കൊഴികെ മുഴുവന്‍ സമയവും ദര്‍ശനത്തിനായി ശ്രീകോവില്‍ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നതും ശ്രദ്ധേയമാണ്. മേല്‍പുത്തൂര്‍ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂര്‍ ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഏകാദശിദിനത്തിലാണ്. ഗുരുവായൂര്‍ ഏകാദശി മഹത്വം ഉള്‍ക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ക്ക് ഭഗവത് ്ദര്‍ശനസൗഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.

ഏകാദശി വ്രതം

എകാദശി നാളിൽ പൂർണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം – ദശമി ദിവസം – മുതൽ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.

ഏകാദശി വൃതം

എകാദശി നാളിൽ രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസീ തീർത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങൾ ഒഴിവാക്കുമ്പോള് പഴങ്ങള് കഴിക്കാം. ക്രമേണ പഴങ്ങൾ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. ഒടുവിൽ മരണത്തിനിരയായാൽ വിഷ്ണുപദം പൂകാം

 

ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി 19.11.2018

Event Start date: 19/Nov/2018 

Event End date: 19/Nov/2018 
19
Dec
സ്വര്‍ഗ്ഗവാതില്‍ ഏകാദശി (ഗീതാദിനം )

സ്വര്‍ഗ്ഗവാതില്‍ ഏകാദശി (ഗീതാദിനം )

വ്രതങ്ങളില്‍ വച്ച്‌ ശ്രേഷ്ഠമാണ് ഏകാദശിവ്രതം. ഏകാദശി വ്രതങ്ങളില്‍ തന്നെ പ്രധാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഡ ഏകാദശിയും ഗുരുവായൂര്‍ ഏകാദശിയും. ഇന്ന് വൈകുണ്ഡ ഏകാദശിയാണ്.

ഏകാദശി പ്രധാനമായും രണ്ടു പക്ഷങ്ങളിലാണ് ഉണ്ടാകുന്നത്. ശുക്ളപക്ഷത്തിലോ കൃഷ്ണപക്ഷത്തിലോ അമാവസിക്കും പൌര്‍ണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ശുക്ളപക്ഷ നാളില്‍ വരുന്ന ഏകാദശിയാണ് വൈകുണ്ഡ ഏകാദശി എന്ന പേരില്‍ പ്രശസ്തമായത്. ആരാണോ ഈ ഏകാദശി നിഷ്ഠയോടെ ഉപവാസവ്രതമായി ആചരിക്കുന്നത് അവര്‍ക്കും, അവരുടെ ഗതി കിട്ടാതെ അലയുന്ന പിതൃക്കള്‍ക്കും വ്രതഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്കായി സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെടുമെന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയാണ് സ്വര്‍ഗ്ഗവാതിലേകാദശി എന്ന് പറഞ്ഞുവരുന്നത്.

ഐതീഹ്യം

ഭഗവാന്‍ കൃഷ്ണന്‍ സതീര്‍ത്ഥ്യനായിരുന്ന കുചേലന്‍റെ അവില്‍പ്പൊതി പങ്കുവച്ച്‌ കുചേലനെ കുബേരനാക്കിയ ദിവസമാണ്‌ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയെന്ന്‌ വിശ്വാസം.

കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ ജീവിതത്തിന്‍റെയും മരണത്തിന്‍റെയും തത്ത്വശാസ്ത്രം ഭഗവത്ഗീഥയിലൂടെ അര്‍ജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്‌സവ ദിനമായും ആഘോഷിക്കുന്നു

Event Start date: 19/Dec/2018 

Event End date: 19/Dec/2018