ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം
kottayam district, kerala See in Map
Description

ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ ഏകദേശം 10 കിലോമീറ്റര്‍ അകലെ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്തായി  ഈ മഹാശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.ആയിരത്തിലധികം വര്‍ഷത്തെ പഴക്കം ക്ഷേത്രതിനുണ്ടെന്നു വിശ്വസിയ്ക്കപ്പെടുന്നു .

ഐതിഹ്യം

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ ഒരു ഐതിഹ്യമുണ്ട്. രാവണന്റെ സഹോദരനായ ഖരൻ (അല്ലെങ്കിൽ, അതേ പേരുകാരനായ മഹർഷി) മുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: “ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം”. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി. ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം ഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണ്

ചരിത്രം 

ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നു. എന്നാൽ, അത് തെളിയിയ്ക്കുന്ന രേഖകളൊന്നും ക്ഷേത്രത്തിലില്ല. ക്ഷേത്രം ആദ്യം വടക്കുംകൂർ രാജ്യത്തായിരുന്നു. ക്ഷേത്രത്തിന്റെ ഊരായ്മക്കാർ എട്ട് മനക്കാരായിരുന്നു. ഇതുവഴി ‘എട്ടുമനയൂർ’ എന്ന പേര് സ്ഥലത്തിന് വന്നുവെന്നും അതാണ് ഏറ്റുമാനൂർ ആയതെന്നും പറയപ്പെടുന്നു. എട്ട് മനക്കാർക്കിടയിലെ ആഭ്യന്തരകലഹവും മറ്റുമായപ്പോൾ ക്ഷേത്രം തകർന്നുപോയി. പിന്നീട് കൊല്ലവർഷം 929-ൽ ക്ഷേത്രം തിരുവിതാംകൂർ ഏറ്റെടുത്തു. തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ പ്രഭുവിന്റെ ആശയമായിരുന്നു ഇത്.  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്ക്ഷേത്ര ഭരണം .

പ്രതിഷ്ഠകള്‍
പ്രധാനമൂര്‍ത്തിയായ ഏറ്റുമാനൂരപ്പന്‍ പടിഞ്ഞാട്ട് ദര്‍ശനമായി രൗദ്രഭാവത്തില്‍ വാഴുന്നു. ശിവലിംഗത്തിന് 3 അടി പൊക്കമുണ്ട്. ശ്രീകോവിലില്‍ ഓരോ ദിവസവും മൂന്നു ഭാവത്തില്‍ ഏറ്റുമാനൂരപ്പന്‍ വിളങ്ങുന്നു. ഉച്ച വരെ ഭക്തന്മാര്‍ ദര്‍ശിക്കുന്നത് അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന രൂപത്തിലും , ഉച്ചക്കു ശേഷം അത്താഴ പൂജ വരെ ശരഭരൂപത്തിലും , അത്താഴ പൂജ മുതല്‍ നിര്‍മ്മാല്യ ദര്‍ശനം വരെ ശിവ ശക്തി രൂപത്തിലുമാണ്.
ഉപദേവാലയങ്ങള്‍

ദക്ഷിണാമൂര്‍ത്തി, ഗണപതി, അയ്യപ്പന്‍, നാഗദൈവങ്ങള്‍, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപപ്രതിഷ്ഠകള്‍. കൂടാതെ വടക്കുപടിഞ്ഞാറ് കീഴ്തൃക്കോവിലില്‍ അഭിമുഖമായി മഹാവിഷ്ണുവും കിഴക്ക് പാര്‍വതിയുമുണ്ട്.

പ്രത്യേകതകള്‍

കൊല്ലവര്‍ഷം 720 ഇതു ഭഗവാന്‍ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലര്‍ച്ചക്കുള്ള ആദ്യ പൂജയെ മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേര്‍ന്നു നടത്തിയ പൂജയാണിത്.

നെയ്യും പഞ്ചഗവ്യവും

നെയ്യും പഞ്ചഗവ്യവും സേവിച്ച് ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കുന്നത്‌ വിശേഷമാണ്

ചുവര്‍ ചിത്രങ്ങള്‍

ക്ഷേത്രത്തിലെ നാലമ്പലത്തിലേക്കുള്ള പ്രവേശവകവാടത്തിനിരുവശവുമായുള്ള മൂന്നു ചുവര്‍ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. അനന്തശയനത്തിലുള്ള മഹാവിഷ്ണുവും അഘോരമൂര്‍ത്തിയും നടരാജമൂര്‍ത്തിയുമാണ് ചുവര്‍ചിത്രങ്ങളിലുള്ളത്. ശ്രീകോവിലിനുചുറ്റുമുള്ള ചുവര്‍ചിത്രങ്ങളും ധാരുശില്പങ്ങളും ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്.
ഏഴരപ്പൊന്നാന ദര്‍ശനം

കൊല്ലവര്‍ഷം 929ല്‍ തിരുവിതാംകൂര്‍, വടക്കുംകൂര്‍ രാജ്യം ആക്രമിച്ചപ്പോള്‍ മാധവിപ്പിള്ള മഠവും
ഇതിന്റെ പ്രായശ്ഛിത്തച്ചാര്‍ത്തനുസരിച്ച് നടയ്ക്കല്‍വെച്ചതാണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ     ശത്രുവായ സാമൂതിരി ഈ ക്ഷേത്രത്തിനു നല്കിയ സ്ഥലവും നശിപ്പിച്ചു.ഏഴരപ്പൊന്നാന. രണ്ടടി പൊക്കം വരുന്ന പ്‌ളാവിന്റെ കാതല്‍ കൊണ്ടു നിര്‍മ്മിച്ച ഏഴ് ആനകള്‍. ഓരോ ആനയും ഓരോ തുലാം സ്വര്‍ണ്ണംകൊണ്ടും ഒരടിപ്പൊക്കത്തിലുള്ള അരയാന അര തുലാം സ്വര്‍ണ്ണംകൊണ്ടും പൊതിഞ്ഞതാണ്.ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് ഏഴരപ്പൊന്നായെ തണ്ടിലേറ്റി എഴുന്നള്ളിക്കും.ഇതുകൂടാതെ മാണിക്കം ദേശത്ത് 168 പറ നിലവും 23.5 മുറി പുരയിടവും ഒരു മാവും ക്ഷേത്രത്തിന് ദാനമായും തിരുവിതാംകൂര്‍ നല്കിയിരുന്നു. ചണ്ഡലഭാസ്‌കരന്‍ എന്ന പാണ്ഡ്യരാജാവ് ഒരു പരദേശബ്രാഹ്മണനെ വധിച്ച പാപം തീരാന്‍ ക്ഷേത്രത്തില്‍ 36 ബ്രാഹ്മണര്‍ക്കു നമസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നായും ഒരു ഐതിഹ്യമുണ്ട്.

നിത്യപൂജകള്‍

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് ഏറ്റുമാനൂര്‍ ക്ഷേത്രം. പുലര്‍ച്ചെ മൂന്നുമണിയ്ക്ക് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് നാലുമണിയ്ക്ക് നടതുറക്കും. തുടര്‍ന്ന് അരമണിക്കൂര്‍ നിര്‍മ്മാല്യദര്‍ശനം. പിന്നീട് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞാല്‍ നിവേദ്യം, പിന്നീട് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് ‘മാധവിപ്പള്ളിപ്പൂജ’ എന്നു പേരുണ്ട്. ഇതിനുപിന്നിലുള്ള ഒരു ഐതിഹ്യം ഇതാണ്: കോഴിക്കോട് സാമൂതിരിയ്ക്ക് മാധവി എന്നുപേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. യൗവനാരംഭത്തില്‍ അവര്‍ക്ക് ഒരു ഗന്ധര്‍വന്റെ ആവേശമുണ്ടായി. അതിനെത്തുടര്‍ന്ന് വിദഗ്ദ്ധചികിത്സകള്‍ നടത്തിയിട്ടും കാര്യമുണ്ടായില്ല. തുടര്‍ന്ന് ഏറ്റുമാനൂരില്‍ ഭജനമിരുത്തുകയും രോഗം മാറുകയും ചെയ്തു. പിന്നീട് സാമൂതിരി ഉഷഃപൂജയ്ക്ക് സഹോദരിയുടെ പേരുനല്‍കി, അത് തന്റെ വകയാക്കി മാറ്റി.

ഉഷഃപൂജ കഴിഞ്ഞ ഉടനെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങും. സൂര്യോദയസമയത്താണ് ഈ പൂജ നടക്കുന്നത്.പിന്നീട് തന്റെ ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഭഗവാന്‍ ഇറങ്ങുന്നു. ഇതാണ് കാലത്തെ ശീവേലി. മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നിറങ്ങി ബലിക്കല്ലുകളില്‍ ബലി തൂകുന്നു. തുടര്‍ന്ന് തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. ശീവേലിയ്ക്ക് എല്ലാ ക്ഷേത്രവാദ്യങ്ങളും അകമ്പടി സേവിയ്ക്കുന്നു. ശീവേലിയ്ക്ക് ഭഗവാന്റെ പിന്നാലെ ഭക്തരും പ്രദക്ഷിണം വയ്ക്കുന്നു. അവസാനപ്രദക്ഷിണം ഓട്ടപ്രദക്ഷിണമായിരിയ്ക്കും.

നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത്, അതായത് രാവിലെ എട്ടുമണിയ്ക്ക്, പന്തീരടിപൂജ തുടങ്ങും. പന്ത്രണ്ടടിനീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നു വിളിയ്ക്കുന്നത്. പന്തീരടിപൂജ കഴിഞ്ഞ ഉടനെ ധാര തുടങ്ങും. ഉഗ്രമൂര്‍ത്തിയായ ശിവന്റെ കോപം തണുപ്പിയ്ക്കുന്നതിനാണ് ധാര എന്നു വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ധാര പ്രധാനവഴിപാടാണ്. പിന്നീട് നവകാഭിഷേകം. ഉച്ചപ്പുജയും ശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും. അവകഴിഞ്ഞാല്‍ തൃപ്പുക തുടങ്ങുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലില്‍ അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. തൃപ്പുക കഴിഞ്ഞാല്‍ നടയടയ്ക്കുന്നു.
തിരുവുത്സവം

ഇവിടെ കുംഭ മാസത്തിലെ തിരുവാതിരക്ക് ആറാട്ട് നടത്തുന്നതിനു 10 ദിവസം മുമ്പ് സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറി ഉത്സവം ആരംഭിക്കുന്നു. ഈ ദിനങ്ങളില്‍ ശ്രീ പരമേശ്വരന്‍ അനവധി ആനകളുടെ അകമ്പടിയോടെ എഴുന്നള്ളുന്നു. എട്ടാംദിവസമാണ് ചരിത്ര പ്രസിദ്ധമായ ആസ്ഥാന മണ്ഡപത്തിലെ കാണിക്ക ഇടണ ചടങ്ങ്. പത്താം ദിവസം തിരുവിതാംകൂര്‍ മഹാരാജാവ് നടയ്ക്കു വെച്ച ഏഴര പൊന്നാനകള്‍ ശ്രീ പരമേശ്വരന്റെ എഴുന്നള്ളത്തിനു അകമ്പടി സേവിക്കുന്നു.

എത്തിച്ചേരാനുള്ള വഴി

കോട്ടയം K.S.R.T.C.ബസ് സ്‌റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ക്ഷേത്രത്തിലേയ്ക്ക് എപ്പോഴും ബസ് സൗകര്യം ലഭ്യമാണ്

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ഏറ്റുമാനൂര്‍ റെയില്‍വേസ്‌റ്റേഷന്‍ (1 km )

പ്രധാന റെയില്‍വേ സ്‌റ്റേഷന്‍- കോട്ടയംറെയില്‍വേ സ്റ്റേഷന്‍ (10 km )

അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(78 km )

 

ക്ഷേത്ര വിലാസം
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം
ഏറ്റുമാനൂര്‍ ,കോട്ടയം ,കേരള
686631.
ഫോണ്‍: 0481 253 8882

, +914812719375