ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രം
Chunakkara,Alapuzha, kerala See in Map
Description

ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കും നൂറനാടിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഐതീഹ്യപ്പെരുമയുള്ള പുരാതനക്ഷേത്രമാണ് ചുനക്കര തിരുവൈരൂര്‍ മഹാദേവ ക്ഷേത്രം.1500 വര്‍ഷത്തോളം വര്‍ഷം ക്ഷേത്രത്തിനുണ്ടെന്നു വിശ്വസിയ്ക്കപ്പെടുന്നു.സര്‍വ്വ സ്വയംഭൂവായ ഭാരതത്തിലെ ഏക ക്ഷേത്രമെന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്.

ഐതീഹ്യം

ക്ഷേത്ര നിര്‍മ്മാണ കാലത്ത് ശ്രീകോവില്‍ നിര്‍മ്മിയ്ക്കുവാന്‍ വൈഷമ്യം നേരിട്ടപ്പോള്‍ ഭഗവാന്‍ തന്നെ നേരിട്ടിടപെട്ട ഐതീഹ്യപ്പെരുമയാണ് ക്ഷേത്രത്തിനുള്ളത്.ചുനക്കര ദേശം ഭഗവാന്റെ ഭൂമിയാണ്‌.ചുനക്കര ദേശവാസികള്‍ സര്‍വ്വതും ഭഗവാനു സമര്‍പ്പണം ചെയ്തു.ശുനക മഹര്‍ഷിയുടെ തപോഭൂമിയാണ് ക്ഷേത്ര ഭൂമി എന്നാണ് വിശ്വാസം .

പ്രതിഷ്ഠ

.സ്വയംഭൂവായ പരമശിവനാണ് പ്രധാന പ്രതിഷ്ഠ. സ്വയംഭൂവായ  ശിവരൂപത്തിന്റെ ശിലാപടലങ്ങളില്‍ നിന്ന് തന്നെ പരിവാരങ്ങളുംയാഥാ സ്ഥാനത്ത് തന്നെ  ഉടലെടുത്തിരിയ്ക്കുന്ന അത്ഭുത കാഴ്ച ഭക്ത ജനങ്ങളെ പുളകമണിയ്ക്കുന്നു.ഭാരതത്തില്‍ സ്വയംഭൂവായ ക്ഷേത്രങ്ങള്‍ അനവധിയുണ്ടെങ്കിലും സര്‍വ്വം സ്വയംഭൂവായ ശിവ ക്ഷേത്രം ഭാരതത്തില്‍ എവിടെയുമുള്ളതായി രേഖപ്പെടുത്തിയിട്ടില്ല.

ഉപദേവ പ്രതിഷ്ഠകള്‍

ഉപദേവ പ്രതിഷ്ഠകളും പ്രധാന പ്രതിഷ്ഠയുടെ ഭാഗമായ സ്വയംഭൂവാണെന്നതാണ്  ഇവിടുത്തെ പ്രധാന പ്രത്യേകത. .നന്ദികേശന്‍,ഗണപതി,ശാസ്താവ്, നിര്‍മ്മാല്യധാരി,ഇട്ടളയപ്പന്‍,ഭഗവതി എന്നിവരാണ് പ്രധാന ഉപദേവന്മാര്‍.

ക്ഷേത്ര ശില്‍പ്പകല

ഇതിഹാസങ്ങള്‍ കാലാതീതമായി പുനര്‍ജ്ജനിയ്ക്കുന്ന മനോഹരമായ ദാരുശില്‍പ്പങ്ങളാണ്  ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആയിരത്തി അഞ്ഞൂറോളം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്ന സര്‍വ്വ സ്വയംഭൂവായ ക്ഷേത്രം പ്രാചീന ശില്പ്പകലയുടെ മകുടോദാഹരന്മാണ് .ക്ഷേത്ര ശ്രീകോവിലിന്റെ ചുവരുകളാണ്‌ ശില്‌പചാരുതയിലൂടെ ദേവചൈതന്യം തുളമ്പുന്നത്‌. പുരാണേതിഹാസങ്ങളുടെ നേര്‍ക്കാഴ്‌ച ചുവരുകളില്‍ പ്രതിഫലിച്ചിരിക്കുന്നു.

വേദവ്യാസന്റെ ഭാഗവത കഥ ശ്രദ്ധിക്കുന്ന ശുകനും, ആ കഥ എഴുതിക്കൊടുക്കുന്ന ഗണപതിയും, സുബ്രഹ്‌മണ്യനും ഗണപതിയും തമ്മിലുള്ള കുട്ടിക്കളികളും ഭാവദീപ്‌തങ്ങളാണ്‌. ഐരാവതത്തിലെഴുന്നള്ളുന്ന ദേവേന്ദ്രനിലൂടെ കണ്ണോടിച്ച്‌ നാം എത്തിച്ചേരുന്നത്‌ ദുഷ്‌ടനിഗ്രഹത്തിനായി അവതാരമെടുത്ത കല്‍ക്കിയിലാണ്‌. ഹിരണ്യകശിപുവിന്റെ മാറു പിളര്‍ക്കുന്ന നരസിംഹവും തൊഴുതുവണങ്ങുന്ന പ്രഹ്‌ളാദനും ഒന്നാം ശിവപാര്‍ഷദനായ നന്ദികേശനും ജീവന്‍ തുളുമ്പുന്ന ശില്‌പങ്ങളാണ്‌.

കൃഷ്‌ണാവതാര കഥകളും ശില്‌പ ശൃംഖലയിലെ തുടര്‍ കണ്ണികളാണ്‌. രാമായണ കഥകളുടെ ഉള്‍ക്കാമ്പു തേടിയുള്ള യാത്ര ശ്രീരാമ കുംഭാഭിഷേകത്തിലൂടെ ആരംഭിക്കുന്നു. രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ അശോക വനത്തില്‍ പരിചരിക്കുന്ന വിഭീഷണ പുത്രിയും തോഴിമാരെയും സീതാന്വേഷണത്തിനു പുറപ്പെടുന്ന ഹനുമാനെയും നമുക്കു കാണാം

വിഷ്‌ണുവിന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്ന്‌ ഉയര്‍ന്നു പൊങ്ങിയ താമരത്തണ്ടില്‍ തെളിയുന്ന ബ്രഹ്‌മാവും മത്സ്യ-കൂര്‍മ-വരാഹ-നരസിംഹാദികളിലൂടെ കല്‌ക്കിയിലെത്തി നില്‍ക്കുന്ന ദശാവതാര കഥകള്‍ എന്നിവയെല്ലാം വിദേശിയരായ കലാസ്വാദകരെ വരെ ആകര്‍ഷിയ്ക്കുന്ന ഘടകങ്ങളാണ്

പ്രധാന വിശേഷ ദിനങ്ങള്‍

മകരമാസത്തില്‍  തിരുവാതിര നക്ഷത്രം ആറാട്ടായി വരുന്ന വിധം  കൊടിയേറി കൊണ്ടാടുന്ന പത്തു ദിവസത്തെ ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന പറയെടുപ്പില്‍ ഭഗവാന്‍ ജീവതയില്‍ എല്ലാ കരകളിലും എഴുന്നെള്ളുമെങ്കിലും  .ഈ സമയത്തും സ്വയംഭൂവായതിനാല്‍ ക്ഷേത്രം തുറന്നുതന്നെയിരിയ്ക്കുമെന്നത്  ഇവിടുത്തെ സവിശേഷതയാണ്.തൃപ്പറയ്ക്കിറങ്ങുന്ന ഭഗവാന് കൈനീട്ടപ്പറ നല്‍കാനുള്ള അവകാശം കുരുമ്പോലി പാലത്തിട്ട കുടുബക്കാര്‍ക്കാണ്.മത സൌഹാര്‍ദ്ദത്തിന്റെ കാര്യത്തിലും ക്ഷേത്രാചാരങ്ങള്‍ പ്രാധാന്യം നല്‍കുന്നു .ചുനക്കര ദേശത്തിന്റെ ആറു കരകളില്‍ഒന്നായ കൊമല്ലൂര്‍ ദേശത്തിന്റെ കൈനീട്ടപ്പറ നല്‍കാനുള്ള അവകാശം  ചുനക്കര തെക്ക് മുസ്ലീം പള്ളിയ്ക്കാണ് .ശിവരാത്രിയും ഇവിടെ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു.

ക്ഷേത്ര ഭരണം

ആറു കരകളിലായി പരന്നു കിടക്കുന്ന കരക്കാര്‍ തിരഞ്ഞെടുക്കപ്പെടുന്ന ഹൈന്ദവ സമിതിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.  അയിരൂര്‍ വാര്യം ക്ഷേത്രവുമായി ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമുണ്ട് .കൊല്ലം നെടിയവിള കീഴ്താമരശ്ശേരി കുടുംബത്തിനാണ്‌ ക്ഷേത്ര തന്ത്രാവകാശം

ക്ഷേത്ര ദര്‍ശന സമയം

രാവിലെ 5.00 am മുതല്‍ 12.00 pm വരെയും വൈകുന്നേരം 5.00 pm മുതല്‍ 8.00 pm വരെയും ക്ഷേത്ര ദര്‍ശന സൗകര്യം ഉണ്ട് .

ക്ഷേത്രത്തിലേയ്ക്കുള്ള വഴി-

ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് നിന്നും മാവേലിക്കരയില്‍ നിന്നും 12കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേയ്ക്ക്.മാവേലിക്കര ബസ്സ്‌ സ്റ്റേഷനില്‍ നിന്നും  മാങ്കാംകുഴി വഴി ചുനക്കര  കൊട്ടമുക്കില്‍ ഇറങ്ങിയാല്‍ ക്ഷേത്ര ഗോപുരം കാണാം .അവിടെ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാം.കായംകുളം വഴി വരുന്നവര്‍ ചാരുംമൂട് വഴി 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം .

അടുത്ത റെയില്‍വേ സ്റ്റേഷന്‍ -അടുത്ത പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കായംകുളം (12 km) മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ (12 km) എന്നിവയാണ് ക്ഷേത്രത്തിനോടടുത്ത റെയില്‍വേ സ്റ്റെഷനുകള്‍ .

അടുത്ത വിമാനത്താവളം –തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം (112  km ) കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (113 km ) എന്നിവയാണ് അടുത്ത വിമാനത്താവളങ്ങള്‍

ക്ഷേത്ര മേല്‍വിലാസം:ചുനക്കര തിരുവൈരൂര്‍ മഹാദേവ ക്ഷേത്രം,ചുനക്കര,ആലപ്പുഴ ജില്ല- 690534

ഫോണ്‍ : 0479 237 8573