ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം
Alapuzha District, kerala See in Map
Description

കേരളത്തില്‍ ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് മാവേലിക്കര താലൂക്കിൽ തിരുവല്ല – കായംകുളം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവീക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം.ശബരിമല കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്.ഇവിടുത്തെപ്രസിദ്ധമായ ചെട്ടികുളങ്ങര ഭരണി പ്രസിദ്ധമാണ്.1200 വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ “ഓണാട്ടുകരയുടെ പരദേവത” എന്നും വിളിക്കുന്നു

ഐതിഹ്യം

ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ മകളാണെന്നാണു സങ്കല്പം. പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പോലിന്‍ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയി. അവിടുത്തെ കരപ്രമാണിമാര്‍ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയില്‍ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്‍മ്മിയ്ക്കുന്നതിനേക്കുറിച്ച് ആലോചിച്ചു.അതിനു ശേഷം  അവര്‍ തീര്‍ഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാര്‍ക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം ദേവി അവര്‍ക്ക് സ്വപ്‌ന ദര്‍ശനം നല്‍കുകയും, ചെട്ടികുളങ്ങരയില്‍ ദേവീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാള്‍ അവര്‍ക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകള്‍ കഴിഞ്ഞ് ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരന്‍ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി . ഈ സംഭവത്തെത്തുടര്‍ന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്‌നം വയ്പ്പിക്കുകയും ദേവീസാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അവിടെ ക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ് ഐതീഹ്യം.

ചരിത്രം

ആദിശങ്കരന്റെ ശിഷ്യനായ പത്മപാദ ആചാര്യനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.ചിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് ക്രിസ്ത്വാബ്ദം 843-ലെ ഉതൃട്ടാതി നക്ഷത്രത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്ന് കണക്കാക്കുന്നു.

പ്രതിഷ്ഠ

ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ ,എന്നാലും ഇവിടെ പ്രഭാതത്തിൽ വിദ്യാദേവിയായ “സരസ്വതിയായും” മധ്യാഹ്നത്തിൽ ഐശ്വര്യദായിനിയായ “മഹാലക്ഷ്മിയായും” സന്ധ്യാ നേരത്ത് ദുർഗതിനാശിനിയായ “ദുർഗ്ഗാദേവി” അഥവാ “ശ്രീ പാർവതി”എന്നീ 3 ഭാവങ്ങളിലും കുടികൊള്ളുന്നവെന്നാണ് സങ്കല്പം. അത് കൊണ്ടുതന്നെ  ജഗദീശ്വരിയുടെ ത്രിഗുണാത്മകമായ മൂന്നു താന്ത്രിക സങ്കല്പങ്ങൾ തന്നെ ആണ് മേൽപ്പറഞ്ഞ മൂന്നു ഭാവങ്ങൾ ഉള്‍ക്കൊണ്ടുകൊണ്ട്  മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടെ അനുവര്‍ത്തിച്ചു വരുന്നു .

ഉപദേവതകള്‍

ബാലകന്‍,ഗണപതി,മുഹൂര്‍ത്തി,രക്ഷസ്സ്,തേവാരമൂര്‍ത്തി,കണ്ണമ്പള്ളി ഭഗവതി,നാഗദേവതകള്‍ എന്നിവരാണ് ഇവിടുത്തെ പ്രധാന ഉപദേവ പ്രതിഷ്ഠകള്‍.കൂടാതെ ക്ഷേത്രത്തിനോട് ചേര്‍ന്ന് സര്‍പ്പകാവുമുണ്ട്

ക്ഷേത്രം

ക്ഷേത്രത്തിന്റെ മുന്‍വശത്തായി പതിമൂന്നു കരകളെ പ്രതിനിധീകരിച്ചു കൊണ്ട് 13 തട്ടുകളുള്ള ഒരു ഭീമന്‍ ആള്‍വിളക്ക് സ്ഥാപിച്ചിരിയ്ക്കുന്നു. ചെമ്പുമേഞ്ഞ നാലമ്പലത്തിന്റെ നടവാതിലും ക്ഷേത്രഭിത്തികളിലും മനോഹരങ്ങളായ ശില്പവേലകള്‍ നടത്തിയിരിയ്ക്കുന്നു.

ചാന്താട്ടം

തേക്കിന്‍ തടിയില്‍ നിന്നെടുക്കുന്ന ദ്രാവകം ഒന്‍പതു കുടങ്ങളിലാക്കി പൂജിച്ച് ഉച്ചപൂജാസമയത്ത് ദാരുവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതാണ് ചാന്താട്ടം. ദിവസന്തോറും ഏഴും എട്ടും ചാന്താട്ടം വഴിപാട് നടക്കാറുണ്ട്
പ്രധാന ഉത്സവങ്ങള്‍

കുംഭ ഭരണി

കുംഭ ഭരണിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലാണ് ഈ ഉത്സവം നടക്കുന്നത്. .

കുത്തിയോട്ടം

കുംഭ ഭരണി നാളില്‍ നടത്തുന്ന പ്രധാന വഴിപാടാണ് കുത്തിയോട്ടം. പത്തുവയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളാണ് കുത്തിയോട്ടക്കാര്‍. ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടിയുടെ വ്രതാനുഷ്ഠാനം തുടങ്ങും. ആരാണോ കുത്തിയോട്ടം നേര്‍ച്ചയായി നടത്തുന്നത് അവരുടെ തറവാട്ടുമുറ്റത്ത് പാട്ടും ചുവടും വയ്ക്കുന്ന ചടങ്ങുണ്ട്. ചുവന്ന പട്ടുടുത്ത് മാലയണിഞ്ഞ് താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ് കുത്തിയോട്ടകാരന്റെ ക്ഷേത്രത്തിലേക്കുള്ള പുറപ്പാട്.

കെട്ടുകാഴ്ച.

പതിമൂന്നു കരകളില്‍ ആഞ്ഞിലിപ്ര കരക്കാരുടെ തേര്‌ ക്ഷേത്രാങ്കണത്തില്‍ വച്ചാണ്‌ കെട്ടുക. ബാക്കിയെല്ലാം അതാതു കരകളില്‍ വച്ചു കെട്ടി ആഘോഷത്തോടെ ക്ഷേത്രത്തിലെത്തും. വൈകിട്ട്‌ ഏഴുമണിയോടെ വയലില്‍ കാഴ്ചയ്ക്ക്‌ തയ്യാറാകും. വെളുപ്പിന്‌ രണ്ടുമണിയോടെ ഭഗവതി ഓരോ കരക്കാരുടെയും ഊരുക്കളുടെ മുമ്പില്‍ എഴുന്നെള്ളി തിരിച്ച്‌ അവരുടെ കരകളിലേക്ക്‌ മടങ്ങിപോകും. ഇത്‌ കുംഭ ഭരണി വിശേഷം. കുംഭ ഭരണി കഴിഞ്ഞ്‌ പത്തുദിവസത്തിനുശേഷം ഓരോ കരക്കാരുടെയും പതിമൂന്നു ദിവസത്തെ എതിലേല്‍പ്പ്‌ മഹോത്സവം വിവിധ പരിപാടികളോടെ നടക്കും. ഈ ദിവസങ്ങളിലെല്ലാം തോറ്റം പാട്ടുണ്ടാകും.

കുട്ടികളുടെ കെട്ടുകാഴ്ച.

മീനമാസത്തിലെ അശ്വതിക്ക്‌ ഈ പതിമൂന്നുകരകളിലും പ്രാന്തപ്രദേശങ്ങളില്‍ നിന്ന്‌ കുട്ടികളുടെ വഴിപാടായി തേര്‌,കുതിര തുടങ്ങിയ വിവിധ രൂപങ്ങള്‍ ഉച്ചയ്ക്കുശേഷം വയലില്‍ എത്തിചേരും. അശ്വതിക്ക്‌ ഉത്സവ സമാപനം.തുടര്‍ന്ന് ഭരണി നാളില്‍ ക്ഷേത്ര നട അടച്ചിടും.അന്നേദിവസം ദേവി കൊടുങ്ങല്ലൂര്‍ക്ക് പോകുമെന്നാണ് വിശ്വാസം.

ദര്‍ശന സമയം

രാവിലെ- 5 AM to 11 AM

വൈകുന്നേരം- 5 PM to 8 PM

പ്രധാന വഴിപാടുകള്‍

ചാന്താട്ടവും കുത്തിയോട്ടവുമാണ് ഇവിടുത്തെ  പ്രധാന വഴിപാടുകള്‍.

എങ്ങനെ എത്തിച്ചേരാം

മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

അടുത്ത റെയില്‍വേ സ്റ്റേഷന്‍-സ്‌റ്റേഷന്‍ കായംകുളം റെയില്‍വേ സ്റ്റേഷന്‍- (5km)

മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍-(10km)

അടുത്ത വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം(104 km )

ക്ഷേത്ര മേല്‍വിലാസം
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം,ചെട്ടികുളങ്ങര ,മാവേലിക്കര,ആലപ്പുഴ ജില്ല -690106
ഫോണ്‍ . 0479– 2348670.
മൊബൈല്‍ : 91 479 2348670.
Email:amma@chettikulangara.org