ചെറുവള്ളി ദേവീ ക്ഷേത്രം
Ponkunnnam,cheruvaalli,Kottayam District, Kerala See in Map
Description

കോട്ടയം ജില്ലയില്‍ പൊന്‍കുന്നത്ത് നിന്നും 7 കിലോമീറ്റര്‍ അകലെ ചെറുവള്ളിയില്‍ കാവുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് ചെറുവള്ളി ദേവീ ക്ഷേത്രം . പതിനൊന്നു നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പുണ്ണ്യസങ്കേതമാണ് ചെറുവള്ളി ദേവീക്ഷേത്രം. 1100 വര്‍ഷം മുമ്പാണ് ശ്രീശങ്കരാചാര്യസ്വാമികളുടെ സിദ്ധിവൈഭവത്താല്‍ ദേവി ഗ്രാമത്തില്‍ ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു.
ചരിത്രം
800 വര്‍ഷം മുമ്പാണ് ഇപ്പോഴത്തെ ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രം. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടക്കാലത്ത് ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ മഠത്തില്‍ അഭയം കൊടുത്തതിനു പ്രതിഫലമായി ചെമ്പകശ്ശേരി രാജ്യം പിടിച്ചടക്കിയപ്പോള്‍ ചെറുവള്ളി,ചിറക്കടവ് ,പെരുവന്താനം വില്ലേജുകള്‍ കരമോഴിവായ് മഠത്തിനു വിട്ടുകൊടുത്തു .അങ്ങനെ വഞ്ഞിപ്പുഴ മഠത്തിന്റെ അധീനതയിലായിരുന്നു ചെറുവള്ളി ക്ഷേത്രവും .1960 ആണ്ടോടു കൂടി ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി
ഐതീഹ്യം

ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ആദിവാസികള്‍ ധാരാളമായി താമസിച്ചിരുന്ന കൊടുംകാടായിരുന്നു. ഒരു ദിവസം പുല്ലുചെത്താന്‍ വന്ന ഒരു സ്ത്രീ തന്റെ അരിവാളിന് മൂര്‍ച്ഛ കൂട്ടാന്‍ അടുത്തുള്ള കല്ലില്‍ ഉരച്ചുനോക്കിയപ്പോള്‍ അതില്‍നിന്ന് രക്തപ്രവാഹമുണ്ടായെന്നും സംഭവമറിഞ്ഞ ഒരു ഭക്തബ്രാഹ്മണന്‍ ഇവിടെയെത്തി പൂജ നടത്തിയെന്നുമാണ് കഥ. പൂജയ്ക്ക് മുമ്പായി അദ്ദേഹം അടുത്തുള്ള കുളത്തില്‍ കുളിയ്ക്കാനിറങ്ങിയപ്പോള്‍ ദേവീചൈതന്യം കുളത്തില്‍ വ്യാപിച്ചു. തുടര്‍ന്ന് ഇന്ന് പാട്ടമ്പലം സ്ഥിതിചെയ്യുന്ന സ്ഥലത്തെത്ത് അധിവസിച്ചു. അവിടെവച്ചാണ് പൂജ നടത്തിയത്. ഒരു ചെറിയ വള്ളിയിലിരുന്ന് ഊഞ്ഞാലാടുന്ന രൂപത്തിലാണത്രേ ആദ്യം ഭഗവതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയതുപോലും! അങ്ങനെ സ്ഥലത്തിന് ചെറുവള്ളി എന്ന പേരുവന്നതായി വിശ്വസിയ്ക്കപ്പെടുന്നു. പിന്നീട് ആദിവാസികള്‍ സ്ഥലം വിട്ടപ്പോള്‍ പലയിടങ്ങളിലായി അവര്‍ ദേവീചൈതന്യം കാണുകയും അവിടെയെല്ലാം ക്ഷേത്രങ്ങള്‍ പണിയുകയും ചെയ്തു. അങ്ങനെ കേരളത്തിന്റെ പലഭാഗത്തും ചെറുവള്ളി ക്ഷേത്രങ്ങള്‍ നിലവില്‍ വന്നു.
പ്രതിഷ്ഠ
ആറടിയോളം ഉയരമുള്ളതും നാന്ദികം എന്ന വാള്‍ തൃശ്ശൂലം ,ദാരുകന്റെ ശിരസ്സ് ,കൈവട്ടക എന്നിവ ധരിച്ച ഭദ്രകാളിയുടെ ദാരു വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ.കിഴക്ക് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.
ഉപദേവതകള്‍
അയ്യപ്പന്‍ ,ഗണപതി,നാഗദേവതകള്‍,സുബ്രഹ്മണ്യന്‍,മഹാവിഷ്ണു,ജഡ്ജി അമ്മാവന്‍,കൊടുംകാളി ,വീരഭദ്രന്‍,ശിവപാര്‍വതിമാര്‍,ദുര്‍ഗ്ഗ,യക്ഷിയമ്മ,ഇവരാണ് ഇവിടുത്തെ പ്രധാന ഉപദേവതകള്‍.
ജഡ്ജി അമ്മാവന്‍

കേരളത്തില്‍ മറ്റെങ്ങും കാണാത്ത വിധം ജഡ്ജി അമ്മാവനെ ഉപദേവതയായുള്ള പ്രതിഷ്ഠ ഇവിടെയുണ്ട്.തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മ രാജയുടെ കോടതിയിലെ ജഡ്ജിയായിരുന്ന തിരുവല്ല രാമപുരത്ത് മഠത്തിലെ ഗോവിന്ദപിള്ളയെ യാണ് ജഡ്ജി അമ്മാവനായി ഇവിടെ കുടിയിരുത്തിയത്.തിരുവിതാകൂറിലെ നീതിമാനെന്നു പേര് കേട്ട ജഡ്ജി ആയിരുന്നു അദ്ദേഹം. സ്വന്തം അനന്തിരവനെ തെറ്റായി ധരിച്ചു വധ ശിക്ഷയ്ക്ക് വിധേയനാക്കി.ഒടുവില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയ ആള്‍ നിരപരാധി എന്ന് ബോധ്യപ്പെട്ടപ്പോള്‍ രാജാവിനോട് വധ ശിക്ഷ ചോദിച്ചു വാങ്ങി .ദുര്‍മരണം സംഭവിച്ച ജഡ്ജിയുടെ ആത്മാവ് നാട്ടിലെങ്ങും അശാന്തി വിതച്ചു.ഒടുവില്‍ പ്രശ്‌ന വിധി പ്രകാരം ചെറുവള്ളി ക്ഷേത്രത്തില്‍ കുടിയിരുത്തുകയും ചെയ്തു .രാത്രി പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഇവിടെ നടതുറക്കുന്നത്. ഭക്തര്‍ തന്നെയാണ് ഇവിടെ പൂജകള്‍ നടത്തുന്നതും. നാളികേരവും പൂവും പഴവുമാണ് പൂജാവസ്തുക്കള്‍. കേസുകളില്‍ പെട്ട് ദുരിതം അനുഭവിയ്ക്കുന്നവര്‍ ഇവിടെയെത്തി വഴിപാടു നടത്തി പ്രാര്‍ത്ഥിച്ചാല്‍ കേസുകളില്‍ നിന്നും മോചനം നെടുമെന്നത് അനുഭവമാണ് .ഏറ്റവും ഒടുവില്‍ പ്രമുഖ ക്രിക്കറ്റ് താരമായ ശ്രീശാന്ത് വാതുവയ്പ്പ് കേസില്‍ കുടുങ്ങിയപ്പോള്‍ ഇവിടെയെത്തി വഴിപാടുകള്‍ നടത്തിയിരുന്നു .ഒടുവില്‍ അദേഹത്തെ വെറുതെ വിടുകയും ചെയ്തു

ക്ഷേത്രം
ഇവിടുത്തെ ക്ഷേത്രക്കുളത്തില്‍ ദേവീ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം .അത് കൊണ്ട് തന്നെ ക്ഷേത്രത്തിലെ മത്സ്യങ്ങള്‍ക്ക് ഭക്ത ജനങ്ങള്‍ ഭക്ഷണം നല്‍കാറുണ്ട് .ക്ഷേത്രത്തിനു നേരെ മുന്നിലാണ് കുളം .കിഴക്കേ നടയില്‍ കമനീയമായ വലിപ്പമുള്ള ആനക്കൊട്ടിലും,കൊടിമരവും ബലിക്കല്‍ പുരയും സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കുഭാഗത്ത് പാട്ടമ്പലം, കൊടുംകാളിക്കാവ് തുടങ്ങിയവ സ്ഥിതിചെയ്യുന്നു താഴികക്കുടങ്ങളോട് കൂടിയ ചെമ്പ് മേഞ്ഞ വൃത്താകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടെ .ഉപദേവ പ്രതിഷ്ഠകള്‍ എല്ലാം ക്ഷേത്രത്തിനു വെളിയിലാണ് പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. ശ്രീകോവിലിന് മുന്നില്‍ വലിയ നമസ്‌കാരമണ്ഡപമുണ്ട്. തെക്കുകിഴക്കുഭാഗത്താണ് തിടപ്പള്ളി.ക്ഷേത്രക്കുളത്തിന് മുന്നില്‍ നിന്നുള്ള ക്ഷേത്രത്തിന്റെ ദൃശ്യം അതിമനോഹരമാണ് .
പ്രധാന ഉത്സവങ്ങള്‍
മീന മാസത്തിലെ പൂരം ആറാട്ടായി വരത്തക്ക വിധം പത്തു ദിവസത്തെ ഉത്സവം കൊണ്ടാടുന്നു. നവരാത്രിയും ദുര്‍ഗ്ഗാഷ്ടമിയുമാണ് ഇവിടുത്തെ മറ്റു പ്രധാന ഉത്സവങ്ങള്‍
പൂജകള്‍

അഞ്ചുപൂജകളും മൂന്നുശീവേലിയും ഇവിടെ അനുവര്‍ത്തിച്ചു വരുന്നു

ദര്‍ശന സമയം

രാവിലെ

5.00 am -12.00 pm

വൈകുന്നേരം

5.00 pm -8.00 pm

പ്രധാന വഴിപാടുകള്‍

ഗുരുതി, കളമെഴുത്തും പാട്ടും, രക്തപുഷ്പാഞ്ജലി മുതലായവയാണ് പ്രധാന വഴിപാടുകള്‍.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

കോട്ടയത്ത് നിന്നും 42 കിലോമീറ്റര്‍ അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക് .കോട്ടയം ഗ.ട.ഞ.ഠ.ഇ ബസ് സ്‌റ്റേഷനില്‍ നിന്നും പൊന്‍കുന്നം വഴി പോകുന്ന ബസില്‍ കയറി പൊന്‍കുന്നത്ത് ഇറങ്ങി അവിടെ നിന്നും ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ [42]
അടുത്ത വിമാന താവളം –കൊച്ചി അന്താരാഷ്ട്ര വിമാന താവളം [99 KM ]

ക്ഷേത്ര മേല്‍വിലാസം
ചെറുവള്ളി ദേവീ ക്ഷേത്രം ,കാവുംഭാഗം പി.ഓ. പൊന്‍കുന്നം,കോട്ടയം ജില്ല 686519
ഫോണ്‍::04828 229 033