ആര്യങ്കാവ് ധര്‍മ്മശാസ്താ ക്ഷേത്രം


Description
പരശുരാമന്‍ പ്രതിഷ്ഠനടത്തിയ അഞ്ചുധര്‍മ്മശാസ്താക്ഷേത്രങ്ങളില്‍ ഒരെണ്ണമെന്നു കരുതപ്പെടുന്ന ക്ഷേത്രമാണു ആര്യങ്കാവ് ധര്‍മ്മശാസ്താക്ഷേത്രം .
പ്രതിഷ്ഠ
കൌമാര ഭാവത്തിലുള്ള ശാസ്താവിനെ കിഴക്ക് ദര്‍ശനമായി നടയ്ക്കു നേരെയല്ലാതെ വലതു മൂലയില്‍ അല്പം ചരിച്ചു പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.
ഉപദേവതകള്‍
കറുപ്പസ്വാമി ,കറുപ്പായി അമ്മ,ശിവന്‍, ഗണപതി, നാഗരാജ, അഷ്ടദിക്ക് പാലകന്‍ എന്നിവരാണ് ഉപദേവതകള്‍
തിരുക്കല്ല്യാണ മഹോത്സവം
തമിഴ് നാട്ടില്‍ നിന്നുള്ള ഭക്തരാണ് തൃക്കല്യാണ ചടങ്ങുകള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്. ആര്യങ്കാവ് ക്ഷേത്രത്തില്‍ നിന്ന് 10 കിലോ മീറ്റര്‍ ദൂരെയാണ് മാമ്പഴത്തറ ക്ഷേത്രം, ഇവിടുത്തെ പുഷ്‌ക്കല ദേവിയുമായാണ് പാണ്ഡ്യശ വംശ തിലകമായ ആര്യങ്കാവില്‍ അയ്യന്റെ കല്യാണം നടത്തന്‍ ഒരുങ്ങുന്നത്. കല്യാണത്തിന് മുമ്പുള്ള വിവാഹ നിശ്ചയ ചടങ്ങാണ് പാണ്ഡ്യന് മുടിപ്പ്. വൃശ്ചികം 29ന് മാമ്പഴത്തറ ദേവിയുടെ കാര്‍ണവന്മാരായ നാട്ട് പ്രമാണിമാര്‍ ദേവി നടയില്‍ നിന്ന് കൊളുത്തിയ ദീപം ഘോഷ യാത്രയായി കൊണ്ട് വന്നു ആര്യങ്കാവ് ക്ഷേത്രത്തില്‍ വച്ച് സാന്നിധ്യം അറിയിക്കുന്നു. ഈ സമയം പാണ്ഡ്യ രാജ വംശജന്‍ പുരുഷ ധനമായ പണകിഴി മാമ്പഴത്തറക്കാര്‍ക്ക് കൊടുക്കുകയും നിശ്ചയ താംബൂലം നടത്തുകയും ചെയ്യുന്നു. ശബരി മലയില്‍ മണ്ഡല പൂജയും ആര്യങ്കാവില്‍ തൃക്കല്യാണവും അച്ചന്‍ കോവില്‍ രഥോത്സവവും ഒരേ ദിവസം തന്നെ നടക്കുന്നു. തൃക്കല്യാണ മണ്ഡപം അലങ്കരിച്ച് പാണ്ടി വാദ്യ മേളത്തോടെ വരന്റെ ആള്‍ക്കാരായ തമിഴ് നാട്ടുകാര്‍ വധുവിനെ സ്വീകരിച്ച് മണ്ഡപത്തിലേയ്ക്ക് ആനയിക്കും. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ വധു ഋതുമതിയായി എന്നറിയിച്ച് വിവാഹം മുടങ്ങുകയും താലി അയ്യന്റെ വിഗ്രഹത്തില്‍ തന്നെ ചാര്‍ത്തുകയും ചെയ്യുന്നു. ഇതിന് ശേഷം തമിഴ് തന്ത്ര വിധി പ്രകാരമുള്ള കുഭാംഭിഷേകം നടക്കുന്നു.
പ്രത്യേകതകള്‍
ധനു മാസം മൂന്ന് മുതല്‍ പന്ത്രണ്ട് വരെയാണ് ഉത്സവം. ഉത്സവത്തിന്റെ എട്ടാം ദിവസം നടക്കുന്ന തൃകല്യാണത്തിനു ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്ന മംഗല്യ ചരട് അണിഞ്ഞാല്‍ യുവതികളുടെ വിവാഹം പെട്ടന്ന് നടക്കുമെന്നാണ് വിശ്വാസം
പ്രധാന ഉത്സവങ്ങള്‍
ധനുമാസത്തിലാണ് ഇവിടുത്തെ ഉത്സവം. ആര്യങ്കാവ് ക്ഷേത്രം കേരളം തമിഴ്‌നാട് അതിര്‍ത്തിയിലായതിനാല്‍ നാലമ്പലത്തിനുള്ളില്‍ മലയാളം ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ്. ഉത്സവത്തിന്റെ എട്ടാം ദിവസമാണ് തൃക്കല്യാണം.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ (പുനലൂര്‍ ചെങ്കോട്ട റൂട്ട്) തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് ആര്യങ്കാവ് ക്ഷേത്രം. കുളത്തൂപ്പുഴയില്‍ നിന്ന് റോഡ് മാര്‍ഗം തെന്മലയില്‍ ചെന്ന് ആര്യങ്കാവിലെത്താന്‍ 25 കിലോ മീറ്റര്‍, പാതയോരത്ത് നിന്ന് 35 അടി താഴ്ചയിലാണ് ആര്യങ്കാവ് ക്ഷേത്രം.കൊല്ലത്ത് നിന്നും 73 കിലോമീറ്ററും,പുനലൂര്‍ നിന്നും 33 കിലോമീറ്ററും അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക് .ഇവിടങ്ങളില്‍ നിന്നും ക്ഷേത്രതിലെയ്ക്കും ബസ്സ് സൌകര്യവും മറ്റു വാഹന സൌകര്യങ്ങളും ലഭിയ്ക്കും.
അടുത്ത പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ ആര്യങ്കാവ് റെയില്‍വേ സ്‌റ്റേഷന്‍
മറ്റു അടുത്ത പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ കൊല്ലം[ 73 km] പുനലൂര്‍[33 km ]
അടുത്ത വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം[85 km]
ക്ഷേത്ര മേല്‍വിലാസം ആര്യങ്കാവ് ധര്‍മ്മ ശാസ്താ ക്ഷേത്രം NH 744 , ആര്യങ്കാവ് ,കൊല്ലം ജില്ല691309
ഫോണ്‍:+91 0475221 1566, 94452 52368.