അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ALAPUZHA DISTRICT,KERALA See in Map
Description

ആലപ്പുഴ ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും 13 കിലോമീറ്റര്‍ അകലെ അമ്പലപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ചരിത്ര പ്രസിദ്ധവും ഐതീഹ്യപ്പെരുമയേറിയതുമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.ഇവിടുത്തെ അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും ലോക പ്രസിദ്ധമാണ്.

ഐതീഹ്യം

വില്വമംഗലം സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം ചെമ്പകശ്ശേരി മഹാരാജാവായ ദേവനാരായണന്‍  പണി കഴിപ്പിച്ചതാണ്‌ അമ്പലപ്പുഴ ക്ഷേത്രമെന്നാണ് ഐതീഹ്യം .ഒരിയ്ക്കല്‍ രാജാവുമൊത്ത് വില്വമംഗലം സ്വാമിയാര്‍ വള്ളത്തില്‍ യാത്ര ചെയ്യവേ ചെമ്പകശ്ശേരി രാജാവ് മനോഹരമായ ഓടക്കുഴല്‍ നാദം കേട്ടു.ചുറ്റാകെ നോക്കിയിട്ടും ശബ്ദം എവിടെ നിന്നാണെന്നു തിരിച്ചറിയാന്‍ രാജാവിന് കഴിഞ്ഞില്ല.അപ്പോള്‍ വില്വമംഗലം സ്വാമിയാര്‍ രാജാവു കേട്ടത്  ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ ഗാനമാണെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാര്‍ രാജാവിനെ അറിയിച്ചു. അങ്ങനെയാണ്   ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഐതീഹ്യം.

മറ്റൊരു ഐതീഹ്യം
അമ്പലപ്പുഴയില്‍ പ്രസിദ്ധമായ ഐതിഹ്യമാണു നാറാണത്തുഭ്രാന്തന്‍ നടത്തിയ പ്രതിഷ്ഠ. പ്രതിഷ്ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാര്‍ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോള്‍ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീന്‍ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാന്‍ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരു വന്നെന്നും പറയപ്പെടുന്നു

തന്ത്രിമാരെ സംബന്ധിച്ച മറ്റൊരു ഐതീഹ്യം

തന്ത്രിമാരെപ്പറ്റിയും ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തിൽ കടികക്കോൽ മനയിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. പ്രതിഷ്ഠിക്കാനായി തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്ന് പുതുമന തിരുമേനി പറഞ്ഞതിനെ കടികക്കോൽ നമ്പൂതിരി എതിർക്കുകയും തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി തന്ത്രം കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ വിഗ്രഹം തല്ലിത്തകർത്തു. അപ്പോൾ അതിൽ നിന്നും അഴുക്കുവെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിയ്ക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തിൽ ഉണ്ടെന്നു പുതുമന പറഞ്ഞതനുസരിച്ച് മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചു

ചരിത്രം.

AD 1200 കാലഘട്ടത്തിലാണ് ക്ഷേത്രം പണിതത് എന്നാനുമാനം.ചെമ്പകശ്ശേരി രാജാവ് തന്റെ രാജ്യവും വകകളും  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് സാങ്കല്പികമായി കാഴ്ച്ചവച്ചു. ദേവനാരായണൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.18-ആം ആം നൂറ്റാണ്ടിൽ (1746-ൽ) തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരിയെ ആക്രമിച്ചു കീഴ്പെടുത്തിയ ശേഷം ചെമ്പകശ്ശേരി രാജാവിന്റെ ശൈലി സ്വീകരിച്ചാണു തിരുവിതാംകൂറിനെ ശ്രീപദ്മനാഭനു സമർപ്പിച്ച ശേഷം പദ്മനാഭദാസൻ എന്ന പേരു സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു.ടിപ്പുവിന്റെ പടയോട്ട കാലത്ത് ഗുരുവായൂര്‍ ക്ഷേത്രം ആക്രമിയ്ക്കുമെന്ന ഘട്ടത്തില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയില്‍ കൊണ്ടുവന്നു. പഴയ ചെമ്പകശ്ശേരി രാജകൊട്ടാരമായിരുന്ന അമ്പലപ്പുഴ തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണികഴിപ്പിച്ച് ഗുരുവായൂരപ്പനെ അവിടെ കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും ഇന്നും നിലനില്‍ക്കുന്നു.

പ്രതിഷ്ഠ

ശ്രീകൃഷ്ണ സ്വാമിയാണ് പ്രധാന പ്രതിഷ്ഠ.മഹാവിഷ്ണുവിനെ പാര്‍ത്ഥസാരഥിയായി സങ്കല്‍പ്പിച്ചാണ് ഇവിടെ പൂജകള്‍ നടത്തുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം അത്യപൂര്‍വ്വമാണ് വിഷ്ണുവിന്റെ ഈ രൂപം.

പ്രത്യേകതകള്‍

അമ്പലപ്പുഴ വേലകളി

മദ്ധ്യതിരുവിതാംകൂറിലെ പ്രധാനക്ഷേത്ര കലാരൂപങ്ങളിലൊന്നാണ്. അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട എന്നൊരു ചൊല്ല് തന്നെ നിലവിലുണ്ട്.

അമ്പലപ്പുഴ പാല്പായസം

ക്ഷേത്രത്തില്‍ ദിവസവും നേദിക്കുന്ന പാല്‍പ്പായസം ലോക പ്രസിദ്ധമാണ്.ഇത് സംബന്ധിച്ച ഒരു ഐതീഹ്യവും നിലവിലുണ്ട്.ഒരു ക്ഷാമ കാലത്ത്ചെമ്പകശ്ശേരി രാജാവു ഒരു പരദേശിയായ തമിഴ് ബ്രാഹ്മണ പ്രഭുവില്‍ നിന്നും കുറച്ചു ധനം വായ്പ വാങ്ങുകയുണ്ടായി. എന്നാല്‍ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ ആ ബ്രാഹ്മണന്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുതു എന്നു. അതു കേട്ട ഖിന്നനായ രാജാവു തന്റെ മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവന്‍ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ കൊണ്ടു ചൊരിഞ്ഞു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുന്‍പായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാല്‍ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാന്‍ കൂട്ടാക്കിയില്ല. ചുരുക്കത്തില്‍ ആ ബ്രാഹ്മണന്‍ ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമര്‍പ്പിച്ച് പറഞ്ഞു ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും ഉച്ചപ്പൂജക്കു പാല്പായസം നല്‍കു എന്നു. അന്നു മുതലാണു ഇപ്പോള്‍ നാം കാണുന്ന പാല്പായസം തുടങ്ങിയത്.
നാടകശ്ശാല സദ്യ

ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാര്‍ ഒരിക്കല്‍ ക്ഷേത്രദര്‍ശനത്തിനായി നാലമ്പലത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാര്‍ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയില്‍ ക്ഷേത്രജീവനക്കാര്‍ക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാര്‍, ബാലന്റെ വേഷത്തില്‍ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാല്‍ ഭഗവാനെയാണ് കണ്ടത്. കണ്ണാ എന്നുവിളിച്ച് സ്വാമിയാര്‍ ഓടിയടുത്തെങ്കിലും ഭഗവാന്‍ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാര്‍ക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിര്‍ത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോള്‍ ഭഗവാന്‍ മണിക്കിണറിനു മുകളില്‍ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം
ശുദ്ധാദി കര്‍മ്മം
കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളില്‍ ഒന്നാണ്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാല്‍,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീര്‍ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വര്‍ണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങള്‍ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്.
ഉത്സവം
പത്തുദിവസമാണ് അമ്പലപ്പുഴ ഉത്സവും. മീനമാസത്തിലെ തിരുവോണം നാളിലാണ് ആറാട്ട്. മകരം 1 മുതല്‍ 12 വരെ നടത്തുന്ന കളഭവും പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന പള്ളിപ്പാനയും മറ്റുപ്രധാന ചടങ്ങുകളാണ്.
ദര്‍ശന സമയം
രാവിലെ : 3:00 am to 12:30 pm
വൈകുന്നേരം :5:00 pm to 8:00 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ആലപ്പുഴയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ആലപ്പുഴ (13 km)
അടുത്ത വിമാനത്താവളംകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(73km)

ക്ഷേത്ര മേല്‍വിലാസം

 അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,അമ്പലപ്പുഴ ദേവസ്വം
അമ്പലപ്പുഴ, ആലപ്പുഴ ജില്ല – 688006
ഫോണ്‍:+91477 2272090