ആദി കടലായി ശ്രീകൃഷ്ണ ക്ഷേത്രം കണ്ണൂര്‍
Adikadalayi,Kannur District, Kerala See in Map
Description

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം.

ചരിത്രം

കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ഏതാണ്ട് ആറു കിലോമീറ്റര്‍ തെക്ക് കിഴക്കായി ഇന്നത്തെ എടക്കാട് പഞ്ചായത്തില്‍ പെട്ട ‘കരാറിനകം കടലായിയിലായിരുന്നു പണ്ട് കോലത്തിരിരാജാക്കന്മാരുടെ പ്രമുഖമായ ‘കടലായി കോട്ട’ സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ രക്ഷകനായി ‘കോലത്തിരി സ്വരൂപത്തിലെ ‘ രാജാക്കന്മാരില്‍ പ്രമുഖനായ വളഭന്‍ സ്ഥാപിച്ചതായിരുന്നു ‘കടലായി ക്ഷേത്രം’

കൊല്ലവര്‍ഷം 964ല്‍ ടിപ്പുവിന്റെ സൈന്യങ്ങള്‍ മലബാറിലാകമാനമുള്ള ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചിരുന്ന കാലത്ത് കടലായി ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീകൃഷ്ണ വിഗ്രഹത്തെ രക്ഷിക്കുന്നതിനായി അത് പുഴക്കിയെടുക്കുകയും തന്റെ ഇല്ലത്തുള്ള കിണറ്റില്‍ സൂക്ഷിക്കുകയും വിവരം കോലത്തിരിയെ അറിയിക്കുകയും ചെയ്തുവത്രേ. അനന്തരം കോലത്തിരി ചിറക്കല്‍ കോവിലകത്തിന് തെക്ക് കിഴക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കൊല്ലവര്‍ഷം 1023ല്‍ കടലായി കൃഷ്ണനെ അവിടെ പുനപ്രതിഷ്ഠിക്കുകയും ചെയ്തു. കാലക്രമേണ കരാറിനകം കടലായികോട്ടയും ക്ഷേത്രവും നാശോന്മുഖമാവുകയും ക്ഷേത്രക്കുളവും മറ്റും നശിച്ചു പോവുകയും ചെയ്തു. ‘കോട്ടമ്മല്‍’ എന്ന് വിളിച്ചു വരുന്ന പ്രസ്തുത സ്ഥലത്ത് പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണ്മാനുണ്ട്.

പുതിയ ക്ഷേത്രത്തിന്റെ നിര്‍മ്മിതി

കാലക്രമേണ തകര്‍ച്ചയിലായ പലക്ഷേത്രങ്ങളുടെയും നവീകരണവും നടന്നുവരവേ ഇവിടുത്തെ പുരാതനക്ഷേത്രം നിലനിന്നിരുന്ന സ്ഥലം വീണ്ടെടുക്കാനാവാത്ത വിധം അന്യാധീനപ്പെട്ടു പോകയാല്‍ പഴയ ക്ഷേത്രംനിലനിന്നിരുന്ന സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ കിഴക്കായി പണ്ടത്തെ ക്ഷേത്രം എഴുന്നെള്ളിച്ചു കൊണ്ട് വന്നിരുന്നതായ സ്ഥലത്താണ് പുതിയ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് രാത്രികാലങ്ങളില്‍ പശുക്കളുടെ കുളമ്പടി ശബ്ദവും ഓടക്കുഴല്‍ നാദവും കേള്‍ക്കാറുണ്ടായിരുന്നുവെന്നു പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.കൊല്ലവര്‍ഷം 1104ല്‍ അഷ്ടമിരോഹിണി ദിവസം ഒരുഭക്തന്‍ ഇവിടെ പൂജ നടത്തി പ്രസാദവിതരണംനടത്തുകയും തൊട്ടടുത്തവര്‍ഷം വിശേഷ പൂജകള്‍ ഹരികഥാകാലാക്ഷേപം,പായസദാനം എന്നിവ നടത്തുകയും ശ്രീകൃഷ്ണജയന്തി ആഘോഷിയ്ക്കുകയും ചെയ്തുവത്രേ. ഇതിനു ശേഷമാണ് തുടര്‍നടത്തിപ്പിനായി ഒരു സ്ഥാനം വേണമെന്ന് ലക്ഷ്യത്തോടെ പ്രശ്‌ന വിചാര വിധി   പ്രകാരം ക്ഷേത്രം പണികഴിപ്പിയ്ക്കുകയും ചെയ്തു

പ്രതിഷ്ഠ

കൃഷ്ണശിലയില്‍ നിര്‍മ്മിച്ച വലതു കയ്യില്‍ കാലിക്കോലും ഇടതുകൈകൊണ്ടു അരയില്‍ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ച രീതിയലുള്ള ഗോപാലകൃഷണ സങ്കല്‍പ്പത്തിലാണ് പ്രതിഷ്ഠ

ഉപദേവതകള്‍

അയ്യപ്പന്‍,ഗണപതി,മഹാലക്ഷ്മി,നാഗപ്രതിഷ്ട, ഇവയാണ് ഉപദേവ പ്രതിഷ്ഠകള്‍
പ്രധാന വിശേഷങ്ങള്‍

മകരമാസത്തിലെ പുണര്‍തം നാളില്‍ തുടങ്ങി മൂന്നുദിവസത്തെ ഉത്സവം ആഘോഷിയ്ക്കപ്പെടുന്നു.അന്നെ ദിവസം വൈകുന്നേരം പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് നിന്നും ശോഭായാത്രയോടു കൂടി ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരുന്നു
പ്രതിഷ്ഠദിനം

എല്ലാവര്‍ഷവും മാര്‍ച്ച 15 പ്രതിഷ്ഠ ദിനമായി ആചരിച്ചു വരുന്നു

ശ്രീകൃഷ്ണ ജയന്തി
ശ്രീകൃഷ്ണ ജയന്തി വളരെ വിപുലമായി ആചരിച്ചു വരുന്നു
ക്ഷേത്രമേല്‍വിലാസം
ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം ,ആദികടലായി,കണ്ണൂര്‍67002
ഫോണ്‍:094477 75691

ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള വഴി
കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ എടയ്ക്കാട് പഞ്ചായത്തില്‍ ആദികടലായി എന്നസ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്.

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍:കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍[6 km ]

അടുത്ത വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം[103 km]