ആറാട്ടുപുഴ ധര്‍മ്മ ശാസ്താ ക്ഷേത്രം
arattupuzha thrissur See in Map
Description

ആറാട്ടുപുഴ ധര്‍മ്മ ശാസ്താ ക്ഷേത്രം

തൃശ്ശൂര്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 14 കിലോമീറ്റര്‍ അകലെ ആറാട്ടുപുഴ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത  പ്രസിദ്ധമായ ധര്‍മ്മശാസ്താ ക്ഷേത്രമാണ് ആറാട്ടുപുഴ ധര്‍മ്മശാസ്താ ക്ഷേത്രം.

ചരിത്രം

ഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും പറയപ്പെടുന്നു. 8-ആം നൂറ്റാണ്ടിലാണ്‌ ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്.

പ്രതിഷ്ഠ

ധര്‍മ്മ ശാസ്താവാണ്‌ പ്രധാന പ്രതിഷ്ഠ.എന്നാല്‍ സര്‍വ്വ ദേവകളുടെയും ചൈതന്യം ഇവിടുത്തെ വിഗ്രഹത്തിനുണ്ടെന്നാണ് ഇവിടുത്തെ പ്രത്യേകത. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ രീതിയിലാണ്‌ ശാസ്താവിന്റെ പ്രതിഷ്ഠ.

ക്ഷേത്രഭരണം

മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാൺ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാൺ ആറാട്ടപുഴ ക്ഷേത്രം.

പ്രധാന വഴിപാടുകൾ

അട വഴിപാടാണ് ഇവിടുത്തെ പ്രധാന വഴിപാട്.തിരൂട്ട്, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവയും ഇവിടുത്തെ വഴിപാടുകളാണ്

പ്രധാന വിശേഷ ദിനങ്ങള്‍ 

മീനമാസത്തിലെ പൂരാഘോഷമാണ്   ഇവിടുത്തെ പ്രധാന വിശേഷ ദിനം.

മറ്റു പ്രധാന വിശേഷ ദിനങ്ങള്‍ 

മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ച എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന വിശേഷ ദിനങ്ങള്‍.

ആറാട്ടുപുഴ പൂരം 

തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരത്തിന്റെ പ്രാമുഖ്യവും പെരുമയും മൂലം ഇതിനെ പൂരങ്ങളുടെ മാതാവായാണ് കണക്കാക്കുന്നത്. തൃശ്ശൂരില്‍ നിന്നും ഏകദേശം 15 കി.മി. ദൂരമുള്ള ആറാട്ടു പുഴയിലെ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നടത്തുന്നതാണ് ഈ പൂരം. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവകാലത്ത് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തിയായ ശ്രീ അയ്യപ്പനെ ദര്‍ശിക്കുവാന്‍ സമീപ പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ എത്തുന്നതായാണ് സങ്കല്പം. 7ാം ദിവസം വൈകുന്നേരത്തോടെ നെറ്റിപ്പട്ടം കെട്ടിയ ആനകളും, തീവെട്ടികളും മറ്റുമായി നടത്തുന്ന ശാസ്താവിന്റെ മേളം ആരംഭിക്കും. ഇതു തീരുന്നതോടെ പിറ്റേദിവസം അതിരാവിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നെത്തിയ ദേവീദേവന്മാരുടെ തിടമ്പേറ്റിയ 50-ല്‍ അധികം ആനകളുമായി സമീപത്തുള്ളവര്‍ നെല്‍പാടത്തേയ്ക്ക് യാത്രപുറപ്പെടും.

പഞ്ചവാദ്യം, പഞ്ചാരിമേളം, പാണ്ടിമേളം എന്നിവ അരങ്ങു തകര്‍ക്കുമ്പോള്‍ മുത്തുകുടകളും ആലവട്ടവും വെഞ്ചാമരവും ഏന്തിയ ഗജവീരന്മാര്‍ ആളുകളില്‍ കൗതുകമുണര്‍ത്തും. സന്ധ്യയോടെ ഭഗവാന്റെ തിടമ്പേന്തിയ ആനകള്‍ തിരിച്ച് ആറാട്ടുപുഴ നദിയില്‍ പൂജകളുടേയും മന്ത്രങ്ങളുടേയും അകമ്പടിയോടെ എല്ലാ ദേവതകളും ആറാട്ടു നടത്തുകയും ചെയ്യുന്നു. ഏറ്റവും അവസാനം ശ്രീ ശാസ്താവിനാണ് ആറാട്ടു നടത്തുക.

ദർശന സമയം

പുലർച്ചെ അഞ്ച് മണിമുതൽ പത്തു മുപ്പതു വരെ -വൈകുന്നേരം നാല്മുതല്‍ എട്ടു മണിവരെ

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

തൃശ്ശൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 14 കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍ ശക്തന്‍ ബസ്സ്‌ സ്റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ്സ്‌ സൗകര്യം ലഭ്യമാണ്

അടുത്ത റെയില്‍വേ സ്റ്റേഷന്‍ -തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ (14 km )

അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (58 km )

ക്ഷേത്ര മേല്‍വിലാസം 

സെക്രട്ടറി

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി

ആറാട്ടുപുഴ-. 680562

തൃശ്ശൂർ

www.arattupuzhatemple.com

mail@arattupuzhatemple.com

M.Sivadasan

Secretary

ഫോണ്‍:0480 – 2792432

മൊബൈല്‍: +91 480 2791692

 

 

29
Mar
ആറാട്ടുപുഴ പൂരം

ആറാട്ടുപുഴ പൂരം

കേരളത്തിൽ തൃശൂർ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ്‌ ആറാട്ടുപുഴ പൂരം.തൃശ്ശൂര്‍ ടൗണില്‍ നിന്ന് 15 കിലോ മീറ്റര്‍ ദൂരത്തുള്ള ഈ ചെറു ഗ്രാമത്തിന് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടം നേടിക്കൊടുത്ത ഉത്സവമാണ് ആറാട്ടുപുഴ പൂരം. 3000 വര്‍ഷത്തിലധികം പഴക്കമുള്ള ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം നടക്കുന്നത്. ഈ ഉത്സവകാലത്ത് സമീപ ഗ്രാമങ്ങളിലെ ദേവീ ദേവന്മാര്‍ ഇവിടുത്തെ പ്രതിഷ്ഠയായ ശ്രീഅയ്യപ്പനെ സന്ദര്‍ശിക്കാന്‍ ശാസ്ത്രാ ക്ഷേത്രത്തിലെത്തുന്നു എന്നാണ് വിശ്വാസം.

ചരിത്രം

എ.ഡി. 583 ലാണ്‌ പെരുവനം പൂരം ആരംഭിച്ചതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ അതിനേക്കാൾ മുന്ന് തന്നെ ഇത് ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് വച്ച് മുടങ്ങിപ്പോയ പൂരം എ.ഡി. 583-ൽ പുനരാരംഭിക്കുക മാത്രമാണ്‌ ചെയ്തത് എന്നാണ്‌ മറ്റു ചിലർ അഭിപ്രായപ്പെടുന്നത്. ആദ്യകാലങ്ങളിൽ 108 ക്ഷേത്രങ്ങളിൽ നിന്ന് ദേവീദേവന്മാർ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും പങ്കെടുത്തിരുന്നു.ഇന്ന് 23 ക്ഷേത്രങ്ങള്‍ മാത്രമാണ് പൂരത്തിന് പങ്കാളികളായി എത്തുന്നത്‌.

 

പങ്കാളികള്‍

 • ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം
 • ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം
 • ചക്കംകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രം
 • മാട്ടിൽ ശ്രീശാസ്താക്ഷേത്രം
 • കല്ലേലി ശാസ്താക്ഷേത്രം
 • മേടംകുളം ശാസ്താക്ഷേത്രം
 • നാങ്കളം ശാസ്താക്ഷേത്രം
 • കോടന്നൂർ ശാസ്താക്ഷേത്രം
 • നെട്ടിശ്ശേരി ശ്രീശാസ്താക്ഷേത്രം
 • തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം
 • ആറാട്ടുപുഴ ക്ഷേത്രം
 • കടലാശ്ശേരി പിഷാരിക്കൽ ഭഗവതിക്ഷേത്രം
 • ഊരകം അമ്മതിരുവടി ക്ഷേത്രം
 • ചേർപ്പ് ഭഗവതിക്ഷേത്രം
 • തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം
 • അയ്യകുന്ന് പാണ്ഡവഗിരി ദേവിക്ഷേത്രം
 • അന്തിക്കാട് ശ്രീകാര്ത്ത്യായനി ക്ഷേത്രം
 • ചൂരക്കോട് ഭഗവതിക്ഷേത്രം
 • എടക്കുന്നി ഭഗവതിക്ഷേത്രം
 • തൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രം
 • പൂനിലാർകാവ് ഭഗവതിക്ഷേത്രം
 • കടുപ്പശ്ശേരി ശ്രീ ദുർഗ്ഗാ ഭഗവതിക്ഷേത്രം
 • ചാലക്കുടി പിഷാരിക്കൽ ഭഗവതിക്ഷേത്രം

തൃപ്രയാർ തേവരാണ് മുഖ്യാതിഥി  

ദേവസംഗമം

അടുത്തും അകലെയും നിന്നുള്ള ആയിരക്കണക്കിനാളുകള്‍ ഉത്സവ ചടങ്ങുകളില്‍ പങ്കുചേരാനും പൂര പൊലി ആസ്വദിക്കാനുമായി ആറാട്ടുപുഴയിലെത്തിച്ചേരുന്നു. ഏഴു ദിവസം നീളുന്ന പൂരത്തിന്റെ ആവേശം മൂര്‍ദ്ധന്യത്തിലെത്തുന്നത് അവസാനത്തെ രണ്ടു ദിവസങ്ങളിലാണ്. ആറാം നാള്‍ വൈകുന്നേരം നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ എഴുന്നെള്ളിപ്പും ഒപ്പം ശാസ്താവിന്റെ മേളം എന്നറിയപ്പെടുന്ന വാദ്യപെരുക്കവും നടക്കുന്നു.അന്തിമയങ്ങുമ്പോള്‍ നൂറുകണക്കിന് തിരി വിളക്കുകളും വലിയ തീവെട്ടികളും തെളിയുന്നതോടെ ശാസ്താവിന്റെ മേളം അവിസ്മരണീയമായ ഒരു അനുഭവമായി മാറുന്നു.അസ്തമയത്തിനു മുൻപ് തന്നെ 23 ക്ഷേത്രങ്ങളിലേയും പൂരങ്ങൾ ആറാട്ട്പുഴക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള വിശാലമായ പാടത്ത് അണിനിരക്കുന്നു. വാദ്യമേളഘോഷങ്ങൾ അകമ്പടി സേവിക്കുന്നു

ആറാട്ട്‌

കിഴക്കു വെള്ള കീറുമ്പോള്‍ സമീപ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളുമായി ആനകള്‍ തൊട്ടടുത്ത നദിയിലേക്ക് ആറാട്ട് ഘോഷയാത്രയായി പോകും.മന്ത്രോച്ചാരണങ്ങളും പുഷ്പ വൃഷ്ടിയും നടത്തിക്കൊണ്ട് പ്രതിഷ്ഠകള്‍ നദിയില്‍ മുക്കിയെടുക്കുന്ന ആറാട്ട് അനുഷ്ഠാനപരമായ ശുദ്ധീകരണമാണ്.
ഈ വര്‍ഷത്തെ ആറാട്ടുപുഴ പൂരം -2018 –മാര്‍ച്ച് -29 (മീനമാസം -15 –ന് )

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

 • അടുത്ത റെയില്‍വേ സ്റ്റേഷന്‍ : തൃശ്ശൂര്‍ (4 km )
 • അടുത്ത വിമാനത്താവളം : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (58 km )

Event Start date: 29/Mar/2018 

Event End date: 30/Mar/2018