അയ്യന്തോള്‍ ശ്രീ കാര്‍ത്ത്യായനി ക്ഷേത്രം
Ayyanthole,Trissur,kerala See in Map
Description

തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെ അയ്യന്തോളില്‍ സ്ഥിതി ചെയ്യുന്ന ഐതീഹ്യപ്പെരുമയുള്ള പുരാതന ക്ഷേത്രമാണ് അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം വൈഷ്ണവാംശ ജാതനായ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108  ദുര്‍ഗ്ഗാലയങ്ങളിലൊന്നാണ് ക്ഷേത്രം.ഏകദേശം 600 വശത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. സമീപത്തു തന്നെയുള്ള ചെമ്പൂക്കാവ് ഭഗവതി അയ്യന്തോള്‍ ഭഗവതിയുടെ സഹോദരിയാണെന്നാണ് വിശ്വാസം.ഒരേ സമയം ശക്തിയുടെയും സമൃദ്ധിയുടെയും സാന്നിധ്യമായി ഭഗവതി ഭക്ത ജനങ്ങള്‍ക്ക്‌ അനുഗ്രഹമേകുന്നു.

ഐതീഹ്യം

ഭാഗവത കഥയെ അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ ഐതീഹ്യം .കംസന്റെ സഹോദരിയായ ദേവകിയുടെയും ഭര്‍ത്താവായ  വാസുദേവരുടേയും  എട്ടാമത്തെ പുത്രന്‍ തന്നെ വധിയ്ക്കുമെന്ന ശാപം കിട്ടിയ കംസന്‍  അവരെ കാരാഗൃഹത്തിലടച്ചു.ശേഷം അവര്‍ക്കുണ്ടാകുന്ന പുത്രന്മാരെ കംസന്‍ എറിഞ്ഞു കൊലപ്പെടുത്തി.അങ്ങനെ  കംസന്‍ കൃഷ്ണനാണെന്നു കരുതി കാലിൽ പിടിച്ച് കല്ലിൽ അടിക്കാൻ ഒരുങ്ങിയപ്പോൾ പറന്നുയർന്ന ദേവി ഇറങ്ങിയതിവിടെയാണെന്നു പറയുന്നു. കംസന്റെ തോൾഭാഗത്തെത്തിയപ്പോഴാണ് ദേവി പറന്നുയർന്നതെന്ന് പറയപ്പെടുന്നു. അതിനാൽ അപ്പോൾ കംസൻ ‘അയ്യോ എന്റെ തോളേ!’ എന്നുപറഞ്ഞു നിലവിളിച്ചുവെന്നും അതാണ് പിന്നീട് ലോപിച്ച് അയ്യന്തോളായതെന്നും പറയപ്പെടുന്നു.

മറ്റൊരു ഐതീഹ്യം

ദക്ഷന്‍ പ്രജാപതി യാഗം നടത്തിയപ്പോള്‍ യാഗശാലയില്‍ വച്ച് തന്റെ പതിയായ  പരമശിവനെ അപമാനിച്ചതില്‍ മനംനൊന്ത് സതീദേവി യാഗശാലയില്‍ പ്രാണാഹുതി ചെയ്തു.അത് കണ്ടു കോപാകുലനായ ശിവന്‍ സതീദേവിയുടെ മൃത ശരീരം ചുമലിലേറ്റി താന്ധവനൃത്തമാടി.ഇതു കണ്ടു ദേവന്മാര്‍ നടുങ്ങി .ഇങ്ങനെ തുടര്‍ന്നാല്‍ ലോകാവസാനം സംഭവിയ്ക്കുമെന്ന് അവര്‍ ഭയന്നു.തുടര്‍ന്ന് ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി .മഹാവിഷ്ണു തന്റെ ചക്രായുധം ഉപയോഗിച്ച് സതീദേവിയുടെ ശരീരം 108 കഷണങ്ങളായി മുറിച്ചു അത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചു .തുടര്‍ന്ന് ത്രേതായുഗത്തില്‍ മഹാവിഷ്ണു പരശുരാമനായി അവതരിച്ചു .ദേവിയുടെ ശരീരഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളിലെല്ലാം പ്രതിഷ്ഠ നടത്തി.അങ്ങനെ ഒരിയ്ക്കല്‍ ഈ പ്രദേശത്ത് എത്തിച്ചേര്‍ന്ന പരശുരാമന്‍ ഇവിടെ ദേവീ സാന്നിധ്യം തിരിച്ചറിയുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തു.ശേഷം പൂജാകാര്യങ്ങല്‍ക്കായി സ്ഥലത്തെ പ്രധാന അഞ്ചു നമ്പൂതിരി കുടുംബങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

പ്രതിഷ്ഠ

അഞ്ജനകല്ലില്‍ നിര്‍മ്മിച്ച നില്‍ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രതിഷ്ഠ.ശംഖ്, ചക്രം, പദ്മങ്ങൾ എന്നിവഎന്നിവ ധരിച്ച ദേവിയെ കിഴക്ക് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.. ദർശനവശമായ കിഴക്ക് ചെറിയ നടപ്പുരയും ഗോപുരവുമുണ്ട്.

ഉപദേവ പ്രതിഷ്ഠകള്‍

ഗണപതി മാത്രമാണ് ഇവിടുത്തെ ഏക ഉപദേവ പ്രതിഷ്ഠ.

ക്ഷേത്രം

കേരളത്തിന്റെ തനതു ശൈലിയിലുള്ളതാണ് ക്ഷേത്ര നിര്‍മ്മാണം.ചെമ്പു മേഞ്ഞ ശ്രീകോവില്‍ മനോഹരമായ ചുവര്‍ ചിത്രങ്ങള്‍ കൊണ്ടും ശില്‍പ്പ വേലകള്‍ കൊണ്ടും  അലംകൃതമാണ്.മനോഹരമായ നമസ്കാര മന്ധപം ,വിശാലമായ ക്ഷേത്ര മതിലകം തിടപ്പള്ളി,മനോഹരമായ ക്ഷേത്ര ഗോപുരങ്ങള്‍ എന്നിവ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

ക്ഷേത്ര തന്ത്രം

കിഴക്കിനിയേടത്ത് നമ്പൂതിരി കുടുംബത്തിന്റെ ചുമതലയിലാണ് ക്ഷേത്ര തന്ത്രം

ചെമ്പൂക്കാവ് ഭഗവതി

ചെമ്പൂക്കാവു് കാർത്ത്യായനി ഭഗവതി ഈ ദേവിയുടെ അനുജത്തിയാണെന്നാണ് വിശ്വാസം.

പ്രധാന വിശേഷ ദിനങ്ങള്‍

തൃശ്ശൂർ പൂരവും വൃശ്ചികമാസത്തെ തൃക്കാർത്തികയുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍.കൂടാതെ മിഥുന മാസത്തിലെ ചോതി നക്ഷത്രം പ്രതിഷ്ഠ ദിനമായി ആചരിയ്ക്കുന്നു.

തൃശ്ശൂര്‍ പൂരം

പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏയു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11 മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി അയ്യന്തോളേക്ക് തിരിച്ച്1.30ഓടെ അമ്പലത്തിലെത്തും.രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തെമ്പോൾ കാലത്ത് ഏഴുമണി കഴിയും.

ക്ഷേത്ര ദര്‍ശന സമയം

രാവിലെ

4..30  am – 11.30 am

വൈകുന്നേരം

5.00 pm – 8.00

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെ അയ്യന്തോളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ്സ്‌ സൌകര്യം ലഭിയ്ക്കും.

അടുത്ത റെയില്‍വേ സ്റ്റേഷന്‍ -പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ (3 km )

അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷന്‍ -തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ (4 km )

അടുത്ത വിമാനത്താവളം – കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (59 km )

 

ക്ഷേത്ര മേല്‍വിലാസം

പ്രസിഡന്റ്,അയ്യന്തോള്‍ ക്ഷേത്ര ക്ഷേമ സമിതി,അയ്യന്തോള്‍ പി.ഓ. തൃശ്ശൂര്‍ ജില്ല 680003
ഫോണ്‍ 0487-2362668, 2363043
മൊബൈല്‍ : 09387362668