Loading Events

« All Events

  • This event has passed.
Event Details
22
Feb
ചെട്ടികുളങ്ങര ഭരണി

ചെട്ടികുളങ്ങര ഭരണി(ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, കായംകുളം, ആലപ്പുഴ ജില്ല)

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രോത്സവങ്ങളിലൊന്നാണ് ഇത്. ഈ ഉത്സവവും ക്ഷേത്രവും ഭഗവതിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണ കേരളത്തിലെ എല്ലാ നാടന്‍ കലകളും ഇവിടെ അരങ്ങേറുന്നു. കഥകളി ഭ്രാന്തന്മാരെ പൂര്‍ണ്ണ തൃപ്തരാക്കും വിധം രാവെളുക്കുവോളം നീളുന്ന കഥകളി ഇവിടെ നടത്തപ്പെടുന്നു.

കെട്ടുകാഴ്ച ഘോഷയാത്ര, കുത്തിയോട്ടം, പടയണി, കോല്‍ക്കളി, അമ്മന്‍കുടം എന്നിവയെല്ലാം ചേര്‍ന്ന്് അത്യപൂര്‍വ്വമായ ദൃശ്യവിരുന്നാണൊരുക്കുന്നത്. മനോഹരമായി അലങ്കരിച്ച വലിയ കെട്ടുകുതിരകളും ചെറിയ രഥങ്ങളും നൂറുകളക്കിന് ഭക്തന്മാര്‍ ചേര്‍ന്ന് വലിച്ചു കൊണ്ടു വരുന്നു. നിരവധി കലാപ്രകടനങ്ങളും ഭരണിയുടെ ഭാഗമായുണ്ടാകും.

ഭക്തി, വിശ്വാസം, കല, സാഹിത്യം, കൃഷി, സംസ്‌കാരം, സംഗീതം – ഇതെല്ലാം ഒന്നിക്കുന്ന ഉത്സവം. ചെട്ടികുളങ്ങര കെട്ടുകാഴ്ചക്കു മാത്രമവകാശപ്പെടാവുന്ന സവിശേഷതയാണിത്. മാവേലിക്കരയും കാര്‍ത്തികപ്പളളിയും കായംകുളവുമെല്ലാം ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ദേശക്കൂട്ടായ്മ കൂടിയാണിത്. കുംഭമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന കെട്ടുകാഴ്ചക്കുളള ഒരുക്കങ്ങള്‍ അവസാനിക്കുന്നതു ഭരണി നാളില്‍. ഈ ദിവസങ്ങളിലെ ആചാര വിശേഷങ്ങളാണ് ചെട്ടികുളങ്ങര കെട്ടുകാഴ്ചയെ വേറിട്ടു നിര്‍ത്തുന്നത്.

 കുത്തിയോട്ടം

കെട്ടു കാഴ്ചയോളം തന്നെ പ്രധാനമാണ് കുത്തിയോട്ടവും. ബാലന്മാരെ ദേവിക്കു ബലി നല്‍കുന്നുവെന്ന സങ്കല്‍പ്പമാണ് കുത്തിയോട്ടത്തിനു പിന്നില്‍. കുംഭത്തിലെ തിരുവോണത്തിനു വഴിപാടുകാര്‍ കുട്ടികളെ ദത്തെടുത്തു ക്ഷേത്രത്തില്‍ കുത്തിയോട്ട ആശന്മാരുമായി എത്തി ദര്‍ശനം നടത്തുതോടെ ചടങ്ങു തുടങ്ങും. അന്നുമുതല്‍ വഴിപാടു നടത്തുവരുടെ വീടുകളില്‍ പാട്ടും ചുവടുമായി കുത്തിയോട്ടം ആരംഭിക്കും. ഇത് അഞ്ചു നാള്‍ നീളും. അത്രയും ദിവസം മൂന്നു നേരവും ഈ വീടുകളില്‍ സദ്യ ഉണ്ടാവും. ആരു ആവശ്യപ്പെട്ടാലും ഭക്ഷണം നല്‍കണമെന്നാണ് ആചാരം. ചിലപ്പോള്‍ വേഷം മാറി ദേവി തന്റെ ഭക്തരെ പരീക്ഷിക്കാന്‍ എത്തുമൊണ് വിശ്വാസം. ഭരണിത്തലേന്നു സമൂഹസദ്യ. ഉത്സവദിവസം രാവിലെ കുത്തിയോട്ട കുട്ടികളുമായി വന്‍ ഘോഷയാത്ര. വാദ്യമേളങ്ങള്‍, ആന, അമ്മന്‍കുടം. കരകാട്ടം എന്നു തുടങ്ങി ആര്‍ഭാടം വഴിപാടുകാരന്റെ ശക്തിക്കൊത്തു നടത്താം.  ഇത് വഴിപാടുകാരന്റെ പണക്കൊഴുപ്പിന്റെ പ്രകടനമായിട്ടുണ്ടിപ്പോള്‍. അമ്പലനടയില്‍ കുത്തിയോട്ട ബാലന്മാരുടെ മുതുകില്‍ സ്വര്‍ണ്ണനൂല്‍ തുളച്ച് ചൂരല്‍ മുറിയല്‍ നടത്തുതോടെ  കുത്തിയോട്ട ചടങ്ങു പൂര്‍ണ്ണമാകും. ഉച്ചക്കു ഭരണി സദ്യയുമുണ്ടാകും.

കുതിരയെടുപ്പ്

ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകള്‍ തേരും കുതിരയും ഭീമനും ഹനുമാനുമടക്കമുള്ള കൂറ്റന്‍ കെട്ടുകാഴ്ചകളൊരുക്കി ദേവിക്കു സമര്‍പ്പിക്കുന്നതാണ് കെട്ടുകാഴ്ചയുടെ ആചാരം. അഞ്ചും ആറും നിലയുള്ള കെട്ടിടങ്ങളുടെ ഉയരത്തില്‍ മരച്ചട്ടങ്ങളില്‍ ഉണ്ടാക്കുന്ന എടുപ്പുകളാണ് തേരുകളും കുതിരകളും. ഭീമന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവ ദാരു ശില്പങ്ങളാണ്. ഓരോ വര്‍ഷവും നടക്കുന്ന ഇവയുടെ കെട്ടിയൊരുക്കില്‍ പ്രകടമാവുന്നത് ദേശത്തിന്റെ കലാ പൈതൃകം സംരക്ഷിക്കുതില്‍ വലിപ്പച്ചെറുപ്പമില്ലാതെ നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയും കാര്‍ഷിക സംസ്കൃതി നില നിര്‍ത്താന്‍ ആചാര വിശ്വാസങ്ങള്‍ വഹിക്കുന്ന പങ്കുമാണ്.

യാത്രാ സൗകര്യം

  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കായംകുളം, ഏകദേശം 5 കി. മീ. അകലെ
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ആലപ്പുഴയില്‍ നിന്ന് ഏകദേശം 85 കി. മീ. അകലെ.

Event Timings: 5:00 am To  10:00 pm