Loading Events

« All Events

  • This event has passed.
Event Details
16
Feb
ഏറ്റുമാനൂര്‍ തിരുവുത്സവവും, ഏഴരപ്പൊന്നാന ദര്‍ശനവും

                ഏറ്റുമാനൂര്‍ തിരുവുത്സവവും, ഏഴരപ്പൊന്നാന ദര്‍ശനവും

കേരളത്തിലെ അതി പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് ഏറ്റുമാനൂര്‍ മഹദേവക്ഷേത്രം.കുംഭ മാസത്തിലെ തിരുവാതിര  ആറാട്ടായി പത്തുദിവസമാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ആറാട്ടിന് പത്തുദിവസം മുമ്പ് (സാധാരണയായി ചതയം  നാളിൽ) ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ ശീവേലിയും രണ്ടാം ദിവസം മുതൽ ഉത്സവബലിയും നടന്നുവരുന്നു.എട്ടാം ദിവസമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ആസ്ഥാനമണ്ഡപദർശനം. അന്ന് അർദ്ധരാത്രി ഭഗവാന്റെ തിടമ്പ് ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തും. തുടർന്ന് ഇതിന് നേരെ മുന്നിൽ ഒരു വലിയ പാത്രം കൊണ്ടുവന്നുവയ്ക്കും. ആസ്ഥാനമണ്ഡപത്തിൽ ദർശനത്തിനുവരുന്ന ഭക്തർ അപ്പോൾ തങ്ങളെക്കൊണ്ടാകുന്ന ഒരു അളവ് പണം ഏറ്റുമാനൂരപ്പന് കാണിയ്ക്കയായിടും. ഇതിന് ‘വലിയ കാണിയ്ക്ക’ എന്നാണ് പേര്.

ഒമ്പതാം ദിവസമാണ് പള്ളിവേട്ട. രാത്രി വിളക്കെഴുന്നള്ളിപ്പിനിടയിൽ മൂന്നാനകളുടെ അകമ്പടിയോടെ ഭഗവാൻ പടിഞ്ഞാറേ നടയിലൂടെ പുറത്തുകടന്ന് അടുത്തുള്ള കാട്ടിലേയ്ക്ക് പോകുന്നു. അവിടെ ഒരു മരത്തിൽ പ്രത്യേകം തീർത്ത സ്ഥലത്ത് ഭഗവദ്പ്രതിനിധിയായ കുറുപ്പ് അമ്പെയ്യുന്നു. ആറാട്ടിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വയ്ക്കുന്നു. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഭഗവാൻ പിറ്റേന്ന് രാവിലെ വളരെ വൈകി ഉണരുന്നു. അന്ന് രാത്രിയാണ് ആറാട്ട് നടക്കുന്നത്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുമ്പോൾ ഭക്തർ നിറപറയും നിലവിളക്കും നൽകി ഭഗവാനെ സ്വീകരിയ്ക്കുന്നു. തുടർന്ന്, ക്ഷേത്രത്തിനുചുറ്റും ഏഴുതവണ പ്രദക്ഷിണം വയ്ക്കുന്നു. പ്രദക്ഷിണത്തിനുശേഷം കൊടിയിറങ്ങുന്നതോടെ പത്തുദിവസത്തെ ഉത്സവം സമാപിയ്ക്കുന്നു.

ഏഴരപ്പൊന്നാന ദര്‍ശനം

ഏറ്റുമാനൂര്‍ കോട്ടയം ജില്ലയിലെ ഒരു ദേശം. ഇവിടത്തെ മഹാദേവക്ഷേത്രവും വാര്‍ഷികോത്സവവും ചരിത്ര പ്രസിദ്ധമാണ്. ഏറ്റുമാനൂരമ്പലത്തിലെ ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളിപ്പ് വിഖ്യാതമായ ചടങ്ങാണ് . ക്ഷേത്രത്തിലെ എട്ടുമുത്സവദിനത്തിലും പത്താമുത്സവദിനത്തിലും ഏഴരപ്പൊന്നാനയെഴുന്നള്ളിപ്പ്, പൊന്നിന്‍കുട, ആലവട്ടം, വെണ്‍ചാമരം എന്നിവ അകമ്പടി സേവിക്കുമ്പോള്‍ ഭക്തിയുടെ കാഞ്ചനപ്രഭ ഭക്തലക്ഷങ്ങളുടെ ഹൃദയങ്ങളിലും നിറഞ്ഞു തുളുമ്പും.

ഐതീഹ്യം

ഏഴരപ്പൊന്നാനയുടെ കഥ നമ്മെ രാജഭരണകാലത്തിലേക്കെത്തിക്കുന്നു. ക്ഷേത്രത്തിലെ മറ്റൊരു വലിയ ആകർഷണമാണ് ഏഴരപ്പൊന്നാന. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ആനകൾക്കൊപ്പം ഒരു സ്വർണ്ണ പഴക്കുലയും ഉണ്ടാക്കിയിരുന്നു. കുംഭമാസത്തിൽ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളിൽ നടക്കുന്ന ആസ്ഥാനമണ്ഡപദർശനത്തിൽ ഭഗവാന്റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനകളും പ്രദർശനത്തിനുവയ്ക്കും. ആറാട്ടുദിവസം തീവെട്ടികളുടെ വെളിച്ചത്തിൽ നാലുപേർ ചേർന്ന് ഇവയെ ശിരസ്സിലേറ്റുന്ന പതിവുമുണ്ട്.വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഇത് തിരുവിതാംകൂറിന്റെ സ്ഥാപകനായിരുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മ നേർന്ന വഴിപാടായിരുന്നു. എന്നാൽ, അത് നേരും മുമ്പ് അദ്ദേഹം നാടുനീങ്ങിപ്പോയതിനാൽ അദ്ദേഹത്തിന്റെ അനന്തരവനും പിൻഗാമിയുമായ കാർത്തിക തിരുനാൾ രാമവർമ്മയാണ് (ധർമ്മരാജ) ഇത് നടയ്ക്കുവച്ചത്.

ഐതീഹ്യം 

ഏഴരപ്പൊന്നാന വൈക്കത്ത് നേരാൻ വച്ചിരുന്ന വഴിപാടായിരുന്നുവത്രേ! തിരുവനന്തപുരത്തുനിന്ന് വൈക്കത്തേയ്ക്ക് കൊണ്ടുപോകുന്ന വഴിയിൽ ഏറ്റുമാനൂരെത്തിയപ്പോൾ അല്പനേരം വിശ്രമിയ്ക്കാനും മറ്റുമായി രാജാവും ഭടന്മാരും കൂടി ഏറ്റുമാനൂരമ്പലത്തിലെ പടിഞ്ഞാറേ ഗോപുരത്തിലെത്തി. ഏഴരപ്പൊന്നാനകളെ ഇറക്കിവച്ച് അവർ വിശ്രമിച്ചു. എന്നാൽ പോകാൻ നേരത്ത് ആനകളുടെ ദേഹത്തുനിന്ന് ഉഗ്രസർപ്പങ്ങൾ ഫണം വിടർത്തിനിൽക്കുന്നു! ഭയാക്രാന്തരായ രാജാവും ഭടന്മാരും അടുത്തുള്ള ഒരു ജ്യോത്സ്യരെക്കൊണ്ട് പ്രശ്നം വപ്പിച്ചുനോക്കി. അപ്പോൾ, അവ ഏറ്റുമാനൂരിൽ തന്നെ സമർപ്പിയ്ക്കണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്ന് തെളിഞ്ഞു. തുടർന്ന്, 1769 മെയ് മാസം 14-ആം തീയതി വെള്ളിയാഴ്ച ഒരു ശുഭമുഹൂർത്തത്തിൽ ഏഴരപ്പൊന്നാനകളെ ഭഗവാന് നടയ്ക്കുവച്ചു.

 

ഈ വര്‍ഷത്തെ ഏറ്റുമാനൂര്‍ തിരുവുത്സവം-2018 ഫെബ്രുവരി 16 മുതല്‍ -25 വരെ (കുംഭമാസം 4 മുതല്‍ 13 വരെ

  • 2018 ഫെബ്രുവരി 16-(കുംഭമാസം 4-ന് ) ന് കൊടിയേറ്റം.
  • ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 23-ന് (കുംഭമാസം -11-ന് )
  • ആറാട്ട് ഫെബ്രുവരി-25-ന് (കുംഭമാസം-13-ന്)

Event Start date: 16/02/2018, 4:30 am

Event End date: 25/02/2018, 8:00 pm